കോട്ടമുറി-പറയങ്കേരി റോഡ് സഞ്ചാരയോഗ്യമാക്കിയില്ല
ചെന്നിത്തല : കുടിവെള്ളപദ്ധതിക്കായി വെട്ടിപ്പൊളിച്ച ഇലഞ്ഞിമേൽ-ഹരിപ്പാട് റോഡിൽ ചെന്നിത്തല കോട്ടമുറി-പറയങ്കേരി ഭാഗം സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷനു മുൻപാകെ സീനിയർ സിറ്റിസൺ പ്രൊട്ടക്‌ഷൻ കൗൺസിൽ പൊതുതാത്‌പര്യ ഹർജി നൽകി. ഹരിപ്പാട് കുടിവെള്ള പദ്ധതിയുടെ പള്ളിപ്പാട് ജലശുദ്ധീകരണശാലയിലേക്ക് മാന്നാർ മുല്ലശ്ശേരിക്കടവിൽ സ്ഥാപിച്ചിട്ടുള്ള ജല സംഭരണിയിൽനിന്നു വെള്ളം കൊണ്ടുപോകുന്ന കൂറ്റൻ പൈപ്പുകൾ സ്ഥാപിക്കുന്നതിനാണ് ചെന്നിത്തല പഞ്ചായത്തിലെ ഒന്ന്, 17, 16 വാർഡുകളിലൂടെ കടന്നുപോകുന്ന പറയങ്കേരി-കോട്ടമുറി റോഡ് വെട്ടിപ്പൊളിച്ചത്. പൈപ്പുകൾ സ്ഥാപിച്ച് കുഴികൾ മൂടിയെങ്കിലും റോഡ് പുനർനിർമിക്കാത്തതിനാൽ കല്ലും മണ്ണും നിറഞ്ഞ് ദുർഘടപാതയായി മാറിയിരിക്കുകയാണ്. ഇതിനെതിരേയാണ് പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗം ആലപ്പുഴ എക്സിക്യുട്ടീവ് എൻജിനിയർ, മാവേലിക്കര അസി. എക്സിക്യുട്ടീവ് എൻജിനിയർ, ജല അതോറിറ്റി ആലപ്പുഴ എക്സി. എൻജിനിയർ എന്നിവരെ എതിർകക്ഷികളാക്കി ചെന്നിത്തല കേന്ദ്രമായി പ്രവർത്തിക്കുന്ന സീനിയർ സിറ്റിസൺ പ്രൊട്ടക്‌ഷൻ കൗൺസിൽ പ്രസിഡന്റ് ജി. സാമുവേൽ മാവേലിക്കര പൊതുതാത്‌പര്യ ഹർജി നൽകിയത്. കുടിവെള്ള പദ്ധതിയുടെ പേരിൽ മൂന്ന് എതിർകക്ഷികളും ചേർന്ന് യാത്രാസൗകര്യം നിഷേധിച്ചിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ കമ്മിഷന്റെ ഇടപെടൽ ആവശ്യമാണെന്നുമാണ് ഹർജിക്കാരൻ ഉന്നയിച്ചിട്ടുള്ളത്. 15-ന് ആലപ്പുഴയിൽ നടന്ന സിറ്റിങ്ങിൽ മനുഷ്യാവകാശ കമ്മിഷൻ അംഗം വി. ഗീത ഹർജി ഫയലിൽ സ്വീകരിക്കുകയും എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിടുകയും ചെയ്തു.
റോഡിന്റെ ഒരുദിശയിലേക്കുള്ള ഭാഗം തകർന്നുകിടക്കുന്നതിനാൽ ടാറിങ്ങുള്ള ഭാഗത്തുകൂടി ഇരുവശങ്ങളിൽനിന്നുമുള്ള വാഹനങ്ങൾ ഒരേസമയം കടന്നുപോകേണ്ടിവരുന്നത് വലിയ ഗതാഗതക്കുരുക്കിനും നിരന്തരമായ അപകടങ്ങൾക്കുമാണ് കാരണമാകുന്നത്. വേനൽക്കാലത്ത് റോഡിൽനിന്ന് ഉയരുന്ന കനത്ത പൊടിയും മഴക്കാലത്തെ വെള്ളക്കെട്ടും സമീപവാസികളുടെ ജീവിതവും ദുസ്സഹമാക്കുന്നുണ്ട്. പറയങ്കേരി-കോട്ടമുറി റോഡ് സഞ്ചാരയോഗ്യമാക്കാൻ കളക്ടർക്ക് നിർദേശം നൽകണമെന്നും നിർമാണം പൂർത്തിയാകുന്നതുവരെ റോഡ് നിരപ്പാക്കിയും പൊടിശല്യം കുറയ്ക്കാൻ രാവിലെയും ഉച്ചയ്ക്കും വൈകീട്ടും വെള്ളം തളിക്കാനും നിർദേശം നൽകണമെന്നും ഹർജിയിൽ പറയുന്നു.
Published: 19 Sept 2026, 02:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented