കാളികാവ് : ചേലേമ്പ്ര ബാങ്ക് കവർച്ച മുതൽ നടിയെ ആക്രമിച്ച കേസ് വരെയും മാറാട് കലാപം മുതൽ കുറുവാസംഘത്തിന്റെ കവർച്ചകൾ വരെയും നീളുന്ന ഒട്ടേറെ വമ്പൻ കേസുകളുടെ അന്വേഷണത്തിൽ മുന്നിൽനിന്ന എസ്.പി. എം.പി. മോഹനചന്ദ്രൻ പടിയിറങ്ങുന്നു.
മൂന്നരപ്പതിറ്റാണ്ടിലേറെയുള്ള സേവനത്തിനുശേഷം നവംബർ 30-നാണ് വിരമിക്കുന്നത്. അവസാന ജൂണിൽ മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി.യായി ചുമതലയേറ്റശേഷം 28 വർഷംവരെ പഴക്കമുള്ള മൂന്ന് കൊലക്കേസുകളിൽ നിർണായക തുമ്പുണ്ടാക്കാനായി.
പെരിന്തൽമണ്ണയിലെ മില്ലിൽ 2007-ൽ നടന്ന ബാലകൃഷ്ണൻ വധക്കേസിൽ നേപ്പാൾ അതിർത്തിയിൽനിന്ന് പ്രതിയെ പിടികൂടിയത് ഇതിൽ പ്രധാനമാണ്. ചേലേമ്പ്ര കേസിൽ പ്രധാന പ്രതിയുടെ മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് വഴിത്തിരിവായത്. 2009-ലെ പെരിയ, പൊന്ന്യം കവർച്ചക്കേസിലൂടെ തമിഴ്നാട്ടിലെ കുറുവാസംഘം നടത്തിയ 12 ബാങ്ക് കവർച്ചകൾക്ക് തുമ്പുണ്ടാക്കി.
ബേക്കൽ, തിരുനാവായ, മമ്പാട് എന്നിവിടങ്ങളിലെ കവർച്ചകളും തെളിയിക്കുന്നതിൽ പങ്കുവഹിച്ചു. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയായിരിക്കേ കുറുവാസംഘത്തെ പിടികൂടാനുള്ള ഓപ്പറേഷനും നയിച്ചു. നടിയെ ആക്രമിച്ച കേസിൽ ആലുവ ക്രൈംബ്രാഞ്ച് എസ്.പി.യായിരിക്കെ അന്വേഷണച്ചുമതലയും വഹിച്ചു.
മാറാട് കലാപവുമായി ബന്ധപ്പെട്ട കേസുകൾ, കുനിയിൽ ഇരട്ടക്കൊലപാതകം, നിലമ്പൂർ രാധ കൊലക്കേസ്, ചാവക്കാട് വടക്കേക്കാട് ഷെമീർ കൊലക്കേസ്, റിയാസ് മൗലവി വധം, കൊടിഞ്ഞി ഫൈസൽ വധം, വാട്സാപ്പ് ഹർത്താൽ തുടങ്ങിയ കേസുകളിലും അന്വേഷണസംഘത്തിന്റെ ഭാഗമായി.
നിലമ്പൂർ സ്വദേശിയായ മോഹനചന്ദ്രൻ 1990-ൽ സി.ആർ.പി.എഫിൽ എസ്.ഐ.യായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1995-ൽ കേരള പോലീസിൽ എസ്.ഐ.യായി. 2024-ൽ ഐ.പി.എസ്. ലഭിച്ചു. രാഷ്ട്രപതിയുടെ പോലീസ് മെഡൽ, മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ, സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. നിരവധി ഗുഡ് സർവീസ് എൻട്രികളും നേടി. ഭാര്യ നിർമല. മക്കൾ: അപർണ, നന്ദന.
Published: 28 Nov 2026, 12:54 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented