മനാമ: ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ബഹ്‌റൈന്‍ സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള അവസാന ഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ശ്രീനാരായണ ഗുരുവിന്റെ 169-ാം ജയന്തിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളില്‍ പങ്കെടുക്കാനാണ് മുന്‍ രാഷ്ട്രപതി എത്തുന്നത്. 'ട്രിബ്യൂട്ട് ടു ബഹ്‌റൈന്‍' എന്ന പ്രധാന പൊതുപരിപാടിയില്‍ മുന്‍ രാഷ്ട്രപതിയോടൊപ്പം കര്‍ണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ, ബഹ്‌റൈന്‍ മന്ത്രിമാര്‍, ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ.യൂസഫലി എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. സെപ്റ്റംബര്‍ 7 മുതല്‍ 9 വരെയാണ് ഗുരുജയന്തിയോടനുബന്ധിച്ചുള്ള പരിപാടികള്‍ നടക്കുക. ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി (എസ്.എന്‍.സി.എസ്), ഗുരുദേവ സോഷ്യല്‍ സൊസൈറ്റി (ജി.എസ്.എസ്), ഗുരു സേവാ സമിതി (ബഹ്‌റൈന്‍ ബില്ലവാസ്) എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍.
വ്യവസായിയും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായ കെ.ജി ബാബുരാജന്‍ രക്ഷാധികാരിയായി കമ്മിറ്റി രൂപവത്കരിച്ചു. സെപ്റ്റംബര്‍ ആറിന് ബഹ്‌റൈനിലെത്തുന്ന രാംനാഥ് കോവിന്ദ് 7, 8, 9 തീയതികളില്‍ ബഹ്‌റൈനില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഏഴിന് വൈകിട്ട് 7 മണിക്ക് റാഡിസണ്‍ ബ്ലൂ ഹോട്ടല്‍, ഗ്രാന്‍ഡ് അംബാസഡര്‍ ബാള്‍റൂം ഹാളില്‍ നടക്കുന്ന അത്താഴവിരുന്നില്‍ മുന്‍ രാഷ്ട്രപതിയോടൊപ്പം, ബഹ്‌റൈനിലെയും ഇന്ത്യയിലെയും മന്ത്രിമാര്‍, ഇന്ത്യന്‍ അംബാസഡര്‍ വിനോദ്.കെ. ജേക്കബ്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസുഫലി, പ്രമുഖ ബിസിനസ് സംരംഭകര്‍, വ്യക്തിത്വങ്ങള്‍, സംഘടനാ തലവന്മാര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.
എട്ടിന് വൈകിട്ട് 6:30-ന് ഇന്ത്യന്‍ സ്‌കൂള്‍ അങ്കണത്തില്‍ 'ട്രിബ്യൂട്ട് ടു ബഹ്‌റൈന്‍' പൊതുപരിപാടിയില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പം കര്‍ണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ, ബഹ്‌റൈന്‍ മന്ത്രിമാര്‍, എം. എ. യൂസുഫലി, ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍, ജനറല്‍ സെക്രട്ടറി ശുഭകാനന്ദസ്വാമികള്‍, തുടങ്ങിയവരടക്കം പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന് സിനിമാ താരം നവ്യാ നായരുടെ നൃത്തവും ശ്രീനാരായണ സമൂഹം ഒരുക്കുന്ന കലാവിരുന്നുകളും നടക്കും.
സെപ്റ്റംബര്‍ 9 ന് രാവിലെ പത്തു മുതല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കുന്ന 'കുട്ടികളുടെ പാര്‍ലമെന്റ്' പരിപാടി മുന്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. 'സംസ്‌കാരങ്ങളുടെ സംഗമം, മാനവ മൈത്രിക്ക്' എന്ന വിഷയം കുട്ടികളുടെ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട 36 കുട്ടികള്‍ പങ്കെടുക്കും. 8, 9 തീയതികളില്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കുന്ന പരിപാടികളില്‍ എല്ലാവര്‍ക്കും പ്രവേശനമുണ്ട്.
എസ്എന്‍സി.എസ്. ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ എസ്.എന്‍.സി.എസ് ചെയര്‍മാന്‍ സുനീഷ് സുശീലന്‍, സനീഷ് കുറുമുള്ളില്‍ (ജി.എസ്.എസ്), ബഹ്‌റൈന്‍ ബില്ലവാസ് പ്രതിനിധി സമ്പദ് സുവര്‍ണ്ണ, ജനറല്‍ കണ്‍വീനര്‍ സുരേഷ് കരുണാകരന്‍, ജനറല്‍ സെക്രട്ടറി വി.ആര്‍.സജീവന്‍, ഈവന്റ് കോഡിനേറ്റര്‍ സോമന്‍ ബേബി, വിസിറ്റ് ലൈസണ്‍ ഇന്‍ ചാര്‍ജ് കൃഷ്ണകുമാര്‍ ഡി.എസ്.എന്‍.സി.എസ് വൈസ് ചെയര്‍മാന്‍ സന്തോഷ് ബാബു എന്നിവര്‍ പങ്കെടുത്തു.
Content Highlights: sreenarayana guru jayanthi
Published: 05 Sept 2023, 12:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented