മനാമ: ബഹ്‌റൈനിലെ പ്രവാസികളടക്കമുള്ള വിശ്വാസികൾ പരിശുദ്ധ റംസാൻ മാസത്തെ വരവേൽക്കാനുള്ള അവസാനവട്ടത്തെ ഒരുക്കങ്ങളിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. റംസാൻ ഒന്ന്, ബുധനാഴ്ചയാണെന്ന പ്രഖ്യാപനം വന്നതോടെ, ഇനിയുള്ള നാളുകൾ പ്രാർഥനയുടേതു മാത്രം. വിവിധ സംഘടനകളും മറ്റും റംസാൻ മാസത്തിൽ വ്രതാനുഷ്ഠാനത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയുള്ള പ്രഭാഷണങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. റിലീഫ് പ്രവർത്തനങ്ങൾക്കാണ് സംഘടനകൾ പ്രധാനമായും ഊന്നൽ നൽകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ ഹോട്ടലുകളിൽ പ്രീ- റംസാൻ ഇഫ്താറുകൾ സംഘടിപ്പിച്ചത് ശ്രദ്ധേയമായി.

To advertise here,

നിത്യോപയോഗ സാധനങ്ങൾക്ക് റംസാൻ കാലത്ത് വിലക്കൂട്ടാതിരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വാണിജ്യകാര്യമന്ത്രാലയം അറിയിച്ചു. പച്ചക്കറികൾ, പഴവർഗങ്ങൾ, മാംസം തുടങ്ങിയവ ആവശ്യത്തിനു സ്റ്റോക്ക് ഉണ്ടെന്ന് മന്ത്രാലയം ഉറപ്പുതരുന്നു. ബഹ്‌റൈനിലെ സർക്കാർ ഓഫീസുകളും മന്ത്രാലയങ്ങളും റംസാൻ മാസത്തിൽ രാവിലെ എട്ടുമുതൽ ഉച്ച കഴിഞ്ഞ് രണ്ടുവരെയാകും പ്രവർത്തിക്കുക. ഷോപ്പിംഗ് മാളുകളടക്കമുള്ള വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തിസമയങ്ങളിലും പുനഃക്രമീകരണം വരുത്തിയിട്ടുണ്ട്. നോമ്പുതുറ സമയത്ത് വ്യാപാരസ്ഥാപനങ്ങൾ അടച്ചിടും. നോമ്പുതുറക്കു ശേഷം രാത്രി വൈകുംവരെ സ്ഥാപനങ്ങൾ പ്രവർത്തിക്കും.

മിക്കവാറും എല്ലാ സ്വകാര്യ സ്ഥാപനങ്ങളുടേയും പ്രവൃത്തിസമയങ്ങളിലും മാറ്റമുണ്ട്. രാജ്യത്തെ ഭക്ഷ്യപരിശോധന കൂടുതൽ കർശനമാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുവാൻ വ്യാപാരകേന്ദ്രങ്ങളിലും വിതരണകേന്ദ്രങ്ങളിലും മിന്നൽ പരിശോധനകൾ നടത്തും. റംസാൻ മാസത്തിൽ ഹോട്ടലുകളിൽ വിനോദപരിപാടികൾ ഉണ്ടായിരിക്കുന്നതല്ല. നോമ്പുസമയത്ത് ഭക്ഷണം വിതരണം ചെയ്യുന്ന റെസ്റ്റോറന്റുകൾക്കെതിരേയും കർശന നടപടി സ്വീകരിക്കും.