മനാമ:പ്രവാസികളുടെയും കുടുംബങ്ങളുടെയും ആരോഗ്യ പരിരക്ഷ ലക്ഷ്യമിട്ട് നടപ്പിലാക്കിയ 'നോർക്ക കെയർ ഇൻഷൂറൻസ്' പദ്ധതിയിൽ ഒരു വർഷം പിന്നിടുമ്പോൾ വരുത്തിയ വൻ പ്രീമിയം വർദ്ധന അടിയന്തരമായി പിൻവലിക്കണമെന്ന് പ്രവാസി വെൽഫെയർ ബഹ്റൈൻ ആക്ടിങ് പ്രസിഡന്റ് ഷാഹുൽ ഹമീദ് വെന്നിയൂരും ജനറൽ സെക്രട്ടറി ഇർഷാദ് കോട്ടയവും പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കുറഞ്ഞ പ്രീമിയത്തിൽ എല്ലാവർക്കും ആരോഗ്യ പരിരക്ഷ എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ തുടക്കമിട്ട പദ്ധതി ഇപ്പോഴത്തെ നിരക്ക് വർദ്ധനയോടെ സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്.
പ്രായഭേദമന്യേ ഫ്ലാറ്റ് പ്രീമിയ നിരക്ക് എന്നതായിരുന്നു നോർക്ക കെയറിന്റെ പ്രധാന ആകർഷണം. എന്നാൽ പ്രായത്തിനനുസരിച്ച് വിവിധ സ്ലാബുകൾ തിരിച്ച് ഉയർന്ന പ്രീമിയം ഈടാക്കുന്നത് സർക്കാറിന്റെ തന്നെ വാഗ്ദാനങ്ങൾക്ക് വിരുദ്ധമാണ്. അഞ്ച് ലക്ഷം രൂപയുടെ കുടുംബ ഇൻഷൂറൻസിന് പ്രായപരിധിയില്ലാതെ 13,411 രൂപയുണ്ടായിരുന്നത് ഇപ്പോൾ ഇരട്ടിയിലധികം നൽകേണ്ട അവസ്ഥയാണുള്ളത്.
ഒക്ടോബർ 31-ന് കാലാവധി അവസാനിക്കുന്ന നിലവിലുള്ള പോളിസി ഉടമകൾക്ക് പഴയ പ്രീമിയത്തിൽ തന്നെ പോളിസി പുതുക്കാൻ അവസരമൊരുക്കണം. സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ മുഴുവൻ പോളിസി ഉടമകൾക്കും പുതുക്കൽ നടപടികൾ പൂർത്തിയാക്കുക സാധ്യമല്ല. അതിനാൽ, നിലവിലെ പോളിസികളുടെ തുടർച്ചയ്ക്കും ആനുകൂല്യങ്ങൾക്കും തടസ്സമില്ലാത്ത രീതിയിൽ ന്യായമായ കാലാവധി അനുവദിക്കണം. ഈ ഗ്രേസ് പീരിയഡ് കാലയളവിൽ ചികിത്സാ പരിരക്ഷ ലഭ്യമാകുമോ എന്ന കാര്യത്തിൽ നോർക്ക റൂട്ട്സും ഇൻഷൂറൻസ് കമ്പനിയും വ്യക്തമായ രേഖാമൂലമുള്ള ഉറപ്പ് നൽകണമെന്നും പ്രവാസി വെൽഫെയർ നേതാക്കൾ ആവശ്യപ്പെട്ടു.
സർക്കാർ പിന്തുണയുള്ള ക്ഷേമപദ്ധതിയിൽ വിശ്വസിച്ച് മുൻപുണ്ടായിരുന്ന സ്വകാര്യ ഇൻഷുറൻസുകൾ ഉപേക്ഷിച്ച് നോർക്ക പദ്ധതിയിൽ ചേർന്ന പ്രവാസികളുടെ ചികിത്സാസുരക്ഷ ഉറപ്പാക്കാൻ കൊണ്ടുവന്ന ക്ഷേമപദ്ധതിയെ സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ ലാഭക്കൊതിക്ക് മുന്നിൽ അട്ടിമറിക്കരൂത്. ഉയർന്ന പ്രീമിയം താങ്ങാനാവാതെയും, പഴയ സ്വകാര്യ പോളിസികളിലേക്ക് മുൻ വ്യവസ്ഥകളോടെ തിരിച്ചുപോകാൻ സാധിക്കാതെയും ഇവർ പ്രതിസന്ധിയിലായിരിക്കുകയാണ് എന്ന് സർക്കാർ തിരിച്ചറിയണം. അന്യായമായ ഈ നിരക്ക് വർദ്ധനയ്ക്കെതിരെ മുഴുവൻ പ്രവാസി സംഘടനകളും ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് പ്രവാസി വെൽഫെയർ ബഹ്റൈൻ വാർത്താക്കുറിപ്പിലൂടെ ആഹ്വാനം ചെയ്തു.
Published: 28 Oct 2026, 10:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented