മനാമ: നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയത്തിലെ അന്യായമായ വർധന പിൻവലിക്കണമെന്ന് ബഹ്റൈൻ പ്രതിഭ ആവശ്യപ്പെട്ടു. ഇടതുപക്ഷ സർക്കാർ പ്രവാസികളുടെ ചികിത്സാസുരക്ഷ ലക്ഷ്യമിട്ട് കൊണ്ടുവന്ന ക്ഷേമപദ്ധതിയെ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്കുവേണ്ടി അട്ടിമറിക്കാനുള്ള നീക്കമാണ് യുഡിഎഫ് സർക്കാരിന്റേതെന്ന് പ്രതിഭ ആരോപിച്ചു.

To advertise here,

പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും ചികിത്സാച്ചെലവിന് ആശ്വാസം നൽകുകയും സാധാരണക്കാരായ പ്രവാസികൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഇടതുപക്ഷ സർക്കാർ നോർക്ക കെയർ അവതരിപ്പിച്ചത്. പ്രവാസികളുടെ ക്ഷേമം സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു ഈ പദ്ധതി. ഉയർന്ന ചികിത്സാച്ചെലവ് കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറ തകർക്കുന്ന സാഹചര്യത്തിൽ, താങ്ങാവുന്ന പ്രീമിയത്തിൽ ചികിത്സാപരിരക്ഷ ലഭ്യമാക്കിയത് പ്രവാസികൾക്ക് വലിയ പ്രതീക്ഷയാണ് നൽകിയത്.

ഈ വിശ്വാസത്തിലാണ് പ്രവാസികൾ സ്വകാര്യ ഇൻഷുറൻസ് പരിരക്ഷ ഉപേക്ഷിച്ച് നോർക്ക ഇൻഷുറൻസിൽ അംഗങ്ങളായത്. അത്തരത്തിലുള്ളവർക്ക് ഇരട്ടപ്രഹരമാണ് ഇപ്പോഴത്തെ നിരക്ക് വർധന. നോർക്കയുടെ ഉയർന്ന പ്രീമിയം താങ്ങാനാവാതെയും പഴയ സ്വകാര്യ പോളിസിയിലേക്ക് മുൻ വ്യവസ്ഥകളിൽ തിരിച്ചുപോകാനാകുമെന്ന ഉറപ്പില്ലാതെയും ഇവർ പ്രതിസന്ധിയിലാകുകയാണ്. സർക്കാർ പിന്തുണയുള്ള ക്ഷേമപദ്ധതിയെ വിശ്വസിച്ചവരെ ഇത്തരത്തിൽ ദുരിതത്തിലാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിഭ വ്യക്തമാക്കി.

പുറത്തുവന്ന നിരക്കുപട്ടിക പ്രകാരം അഞ്ചുലക്ഷം രൂപയുടെ വ്യക്തിഗത ചികിത്സാപരിരക്ഷയ്ക്ക് 51, 60 പ്രായവിഭാഗത്തിൽ 21,722 രൂപയും 61, 70 വിഭാഗത്തിൽ 28,326 രൂപയും 71, 80 വിഭാഗത്തിൽ 48,279 രൂപയുമാണ് ആവശ്യപ്പെടുന്നത്. ഇതേ തുകയുടെ കുടുംബ ചികിത്സാപരിരക്ഷയ്ക്ക് യഥാക്രമം 35,664 രൂപയും 44,718 രൂപയും 77,773 രൂപയുമാണ് നിരക്ക്. കുറഞ്ഞ വരുമാനക്കാരെയും വിരമിച്ച പ്രവാസികളെയും സംബന്ധിച്ചിടത്തോളം ഇത് താങ്ങാനാവാത്ത ബാധ്യതയാണ്.

ചികിത്സാപരിരക്ഷ ഏറ്റവും ആവശ്യമായ പ്രായത്തിൽ പ്രീമിയം കുത്തനെ ഉയർത്തുന്നത് മുതിർന്ന പ്രവാസികളെ പദ്ധതിയിൽനിന്ന് പുറത്തേക്കു തള്ളുന്നതിന് തുല്യമാണ്. ജീവിതത്തിന്റെ നല്ലൊരു പങ്ക് വിദേശത്ത് അധ്വാനിച്ച് കുടുംബത്തെയും നാടിനെയും പിന്തുണച്ചവരുടെ ആരോഗ്യസുരക്ഷയെ വിപണിയുടെ താൽപര്യങ്ങൾക്ക് വിട്ടുകൊടുക്കരുത്. ക്ഷേമപദ്ധതിയുടെ മാനദണ്ഡം ലാഭമല്ല, ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന ആശ്വാസവും സുരക്ഷയുമാകണം.

അന്യായമായ പ്രീമിയം വർധന പിൻവലിക്കുക, പദ്ധതിയുടെ പ്രവാസിക്ഷേമ സ്വഭാവം സംരക്ഷിക്കുക, മുതിർന്നവർക്കും കുറഞ്ഞ വരുമാനക്കാർക്കും സർക്കാർ സഹായത്തോടെ താങ്ങാവുന്ന നിരക്ക് ഉറപ്പാക്കുക എന്നതിനൊപ്പം നിലവിലെ അംഗങ്ങളുടെ പരിരക്ഷ മുടങ്ങാതെ പോളിസി പുതുക്കാനുള്ള അവസരമൊരുക്കണമെന്നും പ്രവാസി സംഘടനകളുമായി ചർച്ച നടത്തി ആശങ്കകൾ പരിഹരിക്കണമെന്നും ബഹ്റൈൻ പ്രതിഭ പ്രസിഡന്റ് കെ.വി. മഹേഷ്, ജനറൽ സെക്രട്ടറി വി.കെ. സുലേഷ് എന്നിവർ ആവശ്യപ്പെട്ടു.

 

വാർത്ത അയച്ചത്: അശോക് കുമാർ