മനാമ: ഫ്യൂജി ഫിലിം മിഡിൽ ഈസ്റ്റുമായുള്ള പങ്കാളിത്തത്തോടെ സൽമാനിയ അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റലിൽ അത്യാധുനിക ഏ.ഐ.അധിഷ്ഠിത എം.ആർ.ഐ., സി.ടി. ഇമേജിംഗ് സാങ്കേതികവിദ്യകൾ അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് അവതരിപ്പിച്ചു. ഡയഗ്‌നോസ്റ്റിക് ഇമേജിംഗ് സേവന രംഗത്തെ സുപ്രധാന നാഴികക്കല്ലാണിത്.

To advertise here,

ബഹ്റൈനിലെ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലേക്കുള്ള പതിവ് സന്ദർശനങ്ങളുടെ ഭാഗമായി, നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. അഹമ്മദ് മുഹമ്മദ് അൽ അൻസാരി അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റൽ സന്ദർശിച്ചു. ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും, ഗുണനിലവാരവും നിയന്ത്രണ മാനദണ്ഡങ്ങളും ഉറപ്പാക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് ഡോ. അൽ അൻസാരി പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ ഫ്യൂജിഫിലിം മിഡിൽ ഈസ്റ്റ്, അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ്, ബഹ്റൈൻ ഫാർമസി എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് സിഇഒ ഡോ. ശരത് ചന്ദ്രൻ, ഫ്യൂജിഫിലിം മിഡിൽ ഈസ്റ്റ് റീജിയണൽ മാനേജർ റിയോസുകെ നകഗാവ, ബഹ്റൈൻ ഫാർമസി എക്‌സിക്യൂട്ടീവ് മാനേജർ അഹമ്മദ് അബ്ദുൾറഹ്‌മാൻ അൽ-അവാധി, ബിസിനസ് ആൻഡ് സ്ട്രാറ്റജി വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ്, ഫിനാൻസ് ഹെഡ് സഹൽ ജമാലുദ്ദീൻ, ഗ്രൂപ്പ് മെഡിക്കൽ സർവീസസ് ഹെഡ് ഡോ. ആമർ അൽ ദെറാസി, ബ്രാഞ്ച് ഹെഡ് ജിതിൻ വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു.

'ബഹ്റൈൻ പരിചരണവും ജാപ്പനീസ് നവീകരണവും സംഗമിക്കുന്നിടം' എന്ന പ്രമേയത്തിലായിരുന്നു ചടങ്ങ് നടന്നത്. പുതുതായി അവതരിപ്പിച്ച ഫ്യൂജിഫിലിം ഇമേജിംഗ് സംവിധാനങ്ങളിൽ, ഉയർന്ന നിലവാരമുള്ള ഡയഗ്‌നോസ്റ്റിക് ഇമേജിംഗിനും കാര്യക്ഷമമായ സ്‌കാനിംഗ് പ്രവർത്തനങ്ങൾക്കും സഹായിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇമേജിംഗ് പ്രക്രിയകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംയോജിപ്പിക്കുന്നതിലൂടെ, ചിത്രങ്ങൾ ശേഖരിക്കുന്നതിനും ക്ലിനിക്കൽ വിലയിരുത്തലുകൾ നടത്തുന്നതിനും റേഡിയോളജി വിദഗ്ധരെ ഈ സംവിധാനങ്ങൾ സഹായിക്കുന്നു. ഒപ്പം, പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും രോഗികൾക്ക് മികച്ച അനുഭവം നൽകാനും ഇത് സഹായകമാകുന്നു.

അത്യാധുനിക ഡയഗ്‌നോസ്റ്റിക് ഇമേജിംഗ് സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കാനും താങ്ങാനാവുന്ന നിരക്കിൽ എത്തിക്കാനും അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണ്. ഉയർന്ന നിരക്കുകൾ നൽകാതെ തന്നെ, ഏറ്റവും പുതിയ എം.ആർ.ഐ., സി.ടി. സാങ്കേതികവിദ്യയുടെ പ്രയോജനം രോഗികൾക്ക് ലഭിക്കുന്നുണ്ടെന്ന് ഇതിലൂടെ ഉറപ്പാക്കുന്നു.

സന്ദർശന വേളയിൽ, പുതിയ എം.ആർ.ഐ., സി.ടി. സംവിധാനങ്ങളുടെ ശേഷിയെക്കുറിച്ചും ആശുപത്രിയിലെ റേഡിയോളജി ആൻഡ് ഇമേജിംഗ് സർവീസസ് വിഭാഗം നൽകുന്ന സേവനങ്ങളെക്കുറിച്ചും ഡോ. അൽ അൻസാരിക്ക് വിശദീകരണം നൽകി. മെഡിക്കൽ സർവീസസ് ഗ്രൂപ്പ് ഹെഡ് ഡോ. ആമർ അൽ ദെറാസിയുടെ നേതൃത്വത്തിൽ, ഈ വിഭാഗത്തിൽ ഒരു സന്ദർശനവും (ഗൈഡഡ് ടൂർ) പരിപാടിയുടെ ഭാഗമായി നടന്നു.

അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റലിൽ ഈ അത്യാധുനിക ഇമേജിംഗ് സാങ്കേതികവിദ്യ കൂടി ഉൾപ്പെടുത്തിയതോടെ, അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിന് ഇപ്പോൾ രണ്ട് കേന്ദ്രങ്ങളിലായി സമഗ്രമായ റേഡിയോളജി, ഇമേജിംഗ് സേവനങ്ങൾ നൽകാൻ സാധിക്കുന്നു. 17 പരിചയസമ്പന്നരായ റേഡിയോളജിസ്റ്റുകൾ അടങ്ങുന്ന സംഘമാണ് ഇതിന് നേതൃത്വം നൽകുന്നത്.

 

വാർത്ത അയച്ചത്: അശോക് കുമാർ