മനാമ: കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ പണ്ഡിതനും സേവനരംഗത്തെ നിറസാന്നിധ്യവുമായിരുന്ന മമ്മുണ്ണി മൗലവിക്ക് വേണ്ടി മയ്യിത്ത് നമസ്‌കാരവും അനുസ്മരണ സംഗമവും സംഘടിപ്പിച്ചു. ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷനും അൽ ജാമിഅ അലൂംനി ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി സിഞ്ചിലെ ഫ്രൻഡ്‌സ് സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ മമ്മുണ്ണി മൗലവിയുടെ ത്യാഗ നിർഭരമായ ജീവിതവും വിദ്യാഭ്യാസ, അനാഥ സംരക്ഷണ, ജന സേവന പ്രവർത്തനങ്ങളുടെയും മഹിതമാതൃകകൾ അനുസ്മരിച്ചു.

To advertise here,

വിശുദ്ധിയും ലളിതജീവിതവും സമർപ്പണ മനസ്സും കാത്തുസൂക്ഷിച്ച അദ്ദേഹം എപ്പോഴും പുഞ്ചിരിക്കുന്ന മുഖത്തോടെ ആളുകളെ സമീപിക്കുകയും സൗമ്യമായ പെരുമാറ്റത്തിലൂടെ തന്നിലേക്ക് ആകർഷിക്കുകയും ചെയ്തിരുന്നു.

കാരുണ്യപ്രവർത്തനങ്ങളിലൂടെ അനേകർക്ക് അദ്ദേഹം അത്താണിയായി മാറി.

വൈജ്ഞാനിക മേഖലയിൽ നിരവധി സ്ഥാപനങ്ങൾ അദ്ദേഹത്തിന്റെ ശ്രമഫലമായി സ്ഥാപിക്കാനും വികസിപ്പിക്കാനും അനേകായിരങ്ങൾക്ക് വിജ്ഞാനം പകരാനും കാരണമായി എന്നും വിലയിരുത്തി. ലാളിത്യവും കാരുണ്യവും ദയാവായ്പും സഹാനുഭൂതിയും സമന്വയിച്ച അദ്ദേഹത്തിന്റെ ജീവിത ശൈലി വരുംതലമുറക്ക് എന്നും വലിയൊരു മാതൃകയാണെന്ന് ഫ്രണ്ട്‌സ് അസോസിയേഷൻ പ്രസിഡന്റ് എം. എം. സുബൈർ അധ്യക്ഷ ഭാഷണത്തിൽ ഓർമിപ്പിച്ചു.

അൽ ജാമിഅ അലൂംനി ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് കമാൽ മുഹ്യുദ്ദീൻ, അജ്മൽ ഹുസൈൻ, മുഹമ്മദലി മലപ്പുറം, മൂസ കെ. ഹസൻ, സിറാജ് പള്ളിക്കര, സാലിഹ് പയ്യോളി, അബ്ദുൽ ഹഖ്, പി. എസ്. എം. ഷരീഫ്, അബ്ദുൽ ഹകീം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് മുഹ്യുദ്ദീൻ സ്വാഗതമാശംസിക്കുകയും വൈസ് പ്രസിഡന്റ് സഈദ് റമദാൻ നദ് വി സമാപനം നിർവഹിക്കുകുയും ചെയ്തു.