മനാമ: ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി.) ബഹ്റൈൻ കുട്ടികൾക്കായി ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ബഹ്റൈനിലും നാട്ടിലുമുള്ള കുട്ടികൾക്ക് ഒരുപോലെ പങ്കെടുക്കാൻ അവസരമൊരുക്കുന്ന മത്സരം കുട്ടികളുടെ പ്രസംഗപാടവം, ആത്മവിശ്വാസം, സർഗാത്മക കഴിവുകൾ എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്. 6 മുതൽ 8 വയസ്സ് വരെ, 9 മുതൽ 12 വയസ്സ് വരെ, 13 മുതൽ 16 വയസ്സ് വരെ എന്നിങ്ങനെ മൂന്ന് പ്രായവിഭാഗങ്ങളിലായാണ് മത്സരം നടത്തുന്നത്. ഓരോ പ്രായവിഭാഗത്തിനും പ്രത്യേകം പ്രസംഗ വിഷയങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.
പ്രായവിഭാഗങ്ങളും പ്രസംഗ വിഷയങ്ങളും:
6 - 8 വയസ്സ്: നമ്മുടെ ചാച്ചാജി
9 - 12 വയസ്സ്: നെഹ്റുവും സ്വാതന്ത്ര്യസമരവും
13 - 16 വയസ്സ്: നവഭാരത ശില്പി
മത്സരാർത്ഥികൾ തങ്ങളുടെ പ്രായവിഭാഗത്തിന് അനുവദിച്ചിട്ടുള്ള വിഷയത്തിൽ മാത്രമേ പ്രസംഗിക്കാവൂ. മലയാളത്തിലോ ഇംഗ്ലീഷിലോ പ്രസംഗിക്കാവുന്നതാണ്.
പ്രസംഗത്തിന്റെ ദൈർഘ്യം കുറഞ്ഞത് രണ്ട് മിനിറ്റും പരമാവധി മൂന്ന് മിനിറ്റും ആയിരിക്കണം. പ്രസംഗത്തിന്റെ വീഡിയോ, മൊബൈൽ ഫോണിൽ പോർട്രെയിറ്റ് (വെർട്ടിക്കൽ) രീതിയിൽ റെക്കോർഡ് ചെയ്ത് അയയ്ക്കണം. മത്സരാർത്ഥിയുടെ പ്രായം തെളിയിക്കുന്ന ഐഡി കാർഡിന്റെയോ മറ്റ് അംഗീകൃത രേഖകളുടെയോ പകർപ്പും വീഡിയോയ്ക്കൊപ്പം സമർപ്പിക്കേണ്ടതാണ്. വീഡിയോകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 നവംബർ 20 ആണ്. നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്ന വീഡിയോകൾ മത്സരത്തിനായി പരിഗണിക്കുന്നതല്ല. വ്യക്തിഹത്യ, അധിക്ഷേപം, അപകീർത്തിപ്പെടുത്തൽ, മറ്റുള്ളവരെ അപമാനിക്കുന്ന പരാമർശങ്ങൾ എന്നിവ ഉൾപ്പെടുന്ന പ്രസംഗങ്ങൾ മത്സരത്തിൽ നിന്ന് ഒഴിവാക്കും. പ്രസംഗത്തിന്റെ ഉള്ളടക്കം, അവതരണശൈലി, ഭാഷാശുദ്ധി, ആത്മവിശ്വാസം, സമയക്രമം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും വിധികർത്താക്കൾ വിജയികളെ തിരഞ്ഞെടുക്കുക. ഓരോ പ്രായവിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് സമ്മാനങ്ങൾ നൽകും. മത്സരവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം സംഘാടക സമിതിയുടെയും വിധികർത്താക്കളുടെയും ആയിരിക്കും.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഈ മത്സരം കുട്ടികളിൽ ദേശീയബോധവും ചരിത്രാവബോധവും വളർത്തുന്നതിനൊപ്പം അവരുടെ ആശയവിനിമയശേഷിയും നേതൃത്വഗുണങ്ങളും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നതായി ഐ.വൈ.സി.സി. ബഹ്റൈൻ ഭാരവാഹികൾ അറിയിച്ചു.
ബഹ്റൈനിലെയും നാട്ടിലെയും പരമാവധി കുട്ടികളെ മത്സരത്തിൽ പങ്കെടുപ്പിക്കാൻ മാതാപിതാക്കൾ മുൻകൈയെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക്: അനൂപ് തങ്കച്ചൻ 36008770.
Published: 16 Nov 2026, 12:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented