മനാമ: ബഹ്റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'മൂവി ഓഫ് ദി മന്ത്' ചലച്ചിത്ര പ്രദർശന പരമ്പരയുടെ ഭാഗമായി പ്രശസ്ത ഇന്ത്യൻ ഫാന്റസി ഹൊറർ ത്രില്ലർ ചിത്രമായ 'തുംബാഡ്' പ്രദർശിപ്പിച്ചു. ബഹ്റൈൻ കേരളീയ സമാജത്തിലെ ബാബുരാജൻ ഹാളിൽ നടന്ന പ്രദർശനം മികച്ച പ്രേക്ഷക പ്രതികരണത്തോടെയാണ് സമാപിച്ചത്. റാഹി അനിൽ ബർവെ സംവിധാനം ചെയ്ത് സോഹം ഷാ പ്രധാന വേഷത്തിലെത്തിയ 'തുംബാഡ്' ലോഭം, അത്യാഗ്രഹം, സമ്പത്തിനോടുള്ള മനുഷ്യന്റെ അന്ധമായ ആസക്തി എന്നിവ പ്രമേയമാക്കിയ വ്യത്യസ്തമായ ചലച്ചിത്രാവിഷ്കാരമാണ്. ഇന്ത്യൻ പുരാണകഥകളുടെ പശ്ചാത്തലത്തിൽ ഹസ്തർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം, തലമുറകളിലൂടെ കൈമാറപ്പെടുന്ന അത്യാഗ്രഹത്തിന്റെ ദുരന്തഫലങ്ങളിലേക്കാണ് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്. അസാധാരണമായ ഛായാഗ്രഹണം, കലാസംവിധാനം, ശബ്ദവിന്യാസം, ആകാംക്ഷ നിറഞ്ഞ ആഖ്യാനശൈലി എന്നിവയിലൂടെ പ്രേക്ഷകർക്ക് വേറിട്ട സിനിമാനുഭവം സമ്മാനിച്ച ചിത്രം പ്രദർശനശേഷവും ചലച്ചിത്രാസ്വാദകർക്കിടയിൽ ശ്രദ്ധേയമായ ചർച്ചകൾക്ക് വഴിയൊരുക്കി.
സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ രവികുമാർ,അഭിലാഷ് വെള്ളുക്കായി , വിനയചന്ദ്രൻ നായർ, റിയാസ് ഇബ്രാഹിം, ബിനു കരുണാകരൻ, വർഗീസ് ജോർജ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഫിലിം ക്ലബ്ബിന്റെ ചുമതലയുള്ള എക്സിക്യൂട്ടീവ് അംഗം രാജീവ് പി. മാത്യു, ഫിലിം ക്ലബ് കൺവീനർ അരുൺ ആർ. പിള്ള എന്നിവരുടെ നേതൃത്വത്തിൽ ഫിലിം ക്ലബ് ഭാരവാഹികളായ സൂര്യപ്രകാശ്, ദിലീഷ് കുമാർ, ജയകുമാർ വയനാട്, രവി ആർ. പിള്ള, റോഷ്ന, സന്ധ്യ ജയരാജ്, അജികുമാർ ,മനോജ് ഉത്തമൻ എന്നിവർ പരിപാടിയുടെ ഏകോപനത്തിനും നടത്തിപ്പിനും നേതൃത്വം നൽകി.
Published: 16 Nov 2026, 12:44 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented