മനാമ: പ്രിയദർശിനി പബ്ലിക്കേഷൻ പാലക്കാട് ജില്ല കമ്മിറ്റി മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസ്സിക് നോവലുകളിലൊന്നായ ഖസാക്കിന്റെ ഇതിഹാസത്തെ ഒരു മാസം നീണ്ടു നിൽക്കുന്ന ചടങ്ങുകൾക്ക് ''ഇതിഹാസ മാസത്തിന്'' പ്രൗഡ ഗംഭീരമായ തുടക്കം. ബി.എം.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിയദർശിനി പബ്ലിക്കേഷൻ ബഹ്റൈൻ കോർഡിനേറ്റർ സൈത് എം. എസ് അധ്യക്ഷനായിരുന്നു. അക്കാദമിക് കൗൺസിൽ അംഗം സൽമാനുൽ ഫാരിസ് സ്വാഗതം ആശംസിച്ചു.. ചിറ്റൂർ എം. എൽ. എ സുമേഷ് അച്യുതൻ ഒരു മാസക്കാലത്തെ ചടങ്ങുകളുടെ ഔപചാരിക ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു . വ്യവസായ പ്രമുഖനും ജീവകാരുണ്യ പ്രവർത്തകനുമായ അമാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ പമ്പാവാസൻ നായർ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ ബഹ്റൈനിലെ സാഹിത്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.

To advertise here,

പ്രവാസ ലോകത്തും അഭിമാനകരമായ രീതിയിൽ സാഹിത്യ പ്രവർത്തനങ്ങൾ നടത്തുന്ന പ്രിയദർശിനി പബ്ലിക്കേഷന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് സുമേഷ് അച്യുതൻ എം എൽ എ പറഞ്ഞു. ഖസാക്കിന്റെ ഇതിഹാസം എന്ന മഹത്തായ നോവൽ മലയാളി ഉള്ളിടത്തോളം കാലം വായിക്കപ്പെടുമെന്നും ആ പുസ്തകത്തെ കൂടുതൽ ആളുകളിലേക്കും പുതിയ തലമുറയിലേക്കും എത്തിക്കുവാൻ ശ്രമിക്കുന്ന പ്രിയദർശിനി പബ്ലിക്കേഷനെ അദ്ദേഹം അഭിനന്ദിച്ചു. മലയാള സാഹിത്യത്തിന് അന്ന് വരെ പരിചിതമല്ലാത്ത അസാധാരണമായ ഭാഷയും കഥാപാത്രങ്ങളും സൃഷ്ടിക്കുവാൻ വിജയന് മാത്രമേ കഴിയൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ നോവലിന്റെ പശ്ചാത്തലം തങ്ങളുടെ നാട് കൂടിയാണെന്നതിലുള്ള ചരിതാർഥ്യവും സന്തോഷവും കൂടി അദ്ദേഹം സദസ്സിനോട് പങ്ക് വെച്ചു.

ബഹ്റൈനിലെ യുവ എഴുത്തുകാരി മറിയ തോപ്പിലിന്റെ ആദ്യ കവിത സമാഹരമായ ''വിശുദ്ധ പ്രണയത്തിന്റെ പ്രവാചക ''യുടെ പ്രകാശന കർമ്മം സുമേഷ് അച്യുതൻ എം. എൽ. എ യും പമ്പാവാസൻ നായരും ചേർന്ന് നിർവ്വഹിച്ചു. ഒഐസിസി മിഡിൽ ഈസ്റ്റ് കൺവീനർ രാജു കല്ലുംപുറം, ഒഐസിസി ദേശീയ കമ്മിറ്റി പ്രസിഡന്റ് ഗഫൂർ ഉണ്ണിക്കുളം, ബഹ്റൈൻ മീഡിയ സിറ്റി സി.എം.ഡി ഫ്രാൻസിസ് കൈതാരത്ത്, ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് നടന്ന വിശദമായ പുസ്തക ചർച്ചയിൽ സാഹിത്യ പ്രവർത്തകരായ റാംഗോപാൽ മേനോൻ, ബോണി ജോസഫ്, ഇ.വി രാജീവൻ എന്നിവർ സംസാരിച്ചു.

പ്രിയദർശിനി അക്കാദമിക് കൗൺസിൽ അംഗങ്ങളും കോർഡിനേറ്റർമാരുമായ പ്രദീപ് മേപ്പയൂർ, ജീസൻ ജോർജ്, ജലീൽ മുല്ലപ്പള്ളി, സിൻസൺ ചാക്കോ, ബിബിൻ മാടത്തേത്ത്, ജിബി കളീക്കൽ എന്നിവർ നേതൃത്വം നൽകി.