മനാമ: ജിസിസി റെയിൽവേ പദ്ധതിയുമായി ബന്ധപ്പെട്ട പൊതുകരാറിൽ ഒപ്പുവെച്ചത് ഗൾഫ് സഹകരണ മേഖലയിലെ സുപ്രധാന നാഴികക്കല്ലാണെന്നും ജിസിസി രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക-വ്യാപാര ഏകീകരണം ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ ചുവടുവെപ്പാണെന്നും ബഹ്റൈൻ ചേംബർ ചെയർമാൻ നബീൽ ഖാലിദ് കാനൂ വ്യക്തമാക്കി.

To advertise here,

ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്. പ്രാദേശിക വികസനത്തിന് ഉതകുന്ന തന്ത്രപരമായ പദ്ധതികൾക്ക് തുടർച്ചയായ പിന്തുണ നൽകുന്നതിന്, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയോടും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയോടും കാനൂ നന്ദിയും കടപ്പാടും അറിയിച്ചു.

46-ാമത് ജിസിസി ഉച്ചകോടിയുടെ അധ്യക്ഷപദം ബഹ്റൈൻ വഹിക്കുന്ന വേളയിൽത്തന്നെ, കരാർ ഒപ്പുവെക്കുന്ന ചടങ്ങിന് ആതിഥേയത്വം വഹിക്കാൻ സാധിച്ചത് ഗൾഫ് സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ബഹ്റൈൻ വഹിക്കുന്ന സജീവ പങ്കിനെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജിസിസി റെയിൽവേ പദ്ധതി ഒരു സുപ്രധാന സംരംഭമാണെന്ന് കാനൂ എടുത്തുപറഞ്ഞു. പദ്ധതി പ്രവർത്തനസജ്ജമാകുന്നതോടെ വ്യാപാര-ചരക്ക് നീക്കം സുഗമമാക്കാനും, ഗതാഗത ചെലവ് കുറയ്ക്കാനും വിതരണ ശൃംഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും സാധിക്കും. ഈ പദ്ധതി വാഗ്ദാനം ചെയ്യുന്ന വാണിജ്യ-നിക്ഷേപ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ബഹ്റൈനിലെ സ്വകാര്യ മേഖല സജ്ജമാണെന്ന് കാനൂ വ്യക്തമാക്കി.

മറ്റ് ഗൾഫ് കമ്പനികളുമായുള്ള പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും മേഖലയുടെ ദീർഘകാല സാമ്പത്തിക വളർച്ചയ്ക്കും സമൃദ്ധിക്കും ഉതകുന്ന സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും ബഹ്റൈൻ ചേംബർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

 

ബഹ്റൈൻ ചേംബർ ചെയർമാൻ നബീൽ ഖാലിദ് കാനൂ