മനാമ: പ്രമേഹ ബോധവത്കരണ മാസത്തിന്റെ (ഡയബറ്റിസ് അവയർനസ് മൺത് 2026) ഭാഗമായി അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പും സോളിഡാരിറ്റി ബഹ്‌റൈനും ചേർന്ന് സംഘടിപ്പിച്ച 'ഡിഫീറ്റ് ഡയബറ്റിസ് വാക്കാത്തൺ' അഞ്ചാം പതിപ്പിൽ 3,000-ത്തിലധികം പേർ പങ്കെടുത്തു. ഗലാലിയിലെ സാമ ബേയിൽ 'ഒരുമിച്ച് നടക്കാം, ആരോഗ്യത്തോടെയിരിക്കാം' എന്ന പ്രമേയത്തിലായിരുന്നു മൂന്ന് കിലോമീറ്റർ കമ്മ്യൂണിറ്റി വാക്ക് സംഘടിപ്പിച്ചത്.

To advertise here,

ആരോഗ്യകരമായ ജീവിതശൈലിയും പ്രതിരോധ പരിചരണവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയിൽ കുടുംബങ്ങളും ആരോഗ്യപ്രവർത്തകരും കായികപ്രേമികളും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ അണിനിരന്നു.

അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, സോളിഡാരിറ്റി ബഹ്‌റൈൻ ചീഫ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ ജയ് പ്രകാശ്, അൽ ഹിലാൽ വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ്, ഫിനാൻസ് മാനേജർ സി.എ. സഹൽ ജമാലുദ്ദീൻ എന്നിവർ പങ്കെടുത്തു.

കെ.എച്ച്.കെ ബ്രേവ് കോംബാറ്റ് ഫെഡറേഷൻ എം.എം.എ താരം മുഹമ്മദ് അൽ സമീ, നെക്സ്റ്റ്‌കെയർ ബഹ്‌റൈൻ എം.ഡി ഡോ. സാറ അൽ ഷോബർ, ബഹ്‌റൈനിലെ മലേഷ്യൻ എംബസി ഹെഡ് ഓഫ് ചാൻസറി നൂർ അത്തിക്ക ബിന്തി അൻവർ, ഫിലിപ്പീൻ എംബസി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബുച്ച് പാസീവ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

പങ്കെടുത്തവർക്കായി അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സൗജന്യ രക്തപരിശോധനയും സജ്ജമാക്കിയിരുന്നു. നടത്തത്തിൽ പങ്കാളികളായവർക്ക് സർട്ടിഫിക്കറ്റുകളും സൗജന്യ ആരോഗ്യ പരിശോധനാ വൗച്ചറുകളും ലഘുഭക്ഷണവും വിതരണം ചെയ്തു.