മനാമ: ഡി.സി.ബുക്‌സുമായി സഹകരിച്ച് ബഹ്റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന് നവംബര്‍ 28 ന് തിരിതെളിയും. ബഹ്റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്ന പുസ്തകോത്സവം നടന്‍ പ്രകാശ്‌രാജ് ഉദ്ഘാടനം ചെയ്യും. നിരവധി പ്രഗത്ഭരായ വ്യക്തിത്വങ്ങള്‍ അതിഥികളായും വൈവിധ്യമാര്‍ന്ന നിരവധി പ്രോഗ്രാമുകളും ഉള്‍പ്പെടുത്തികൊണ്ട് നടത്തുന്ന ബുക്ക് ഫെസ്റ്റ് ഡിസംബര്‍ 8 വരെ നീണ്ടു നില്‍ക്കും. 100,000 ലധികം പുസ്തകങ്ങളും 8,000 ശീര്‍ഷകങ്ങളുമുള്ള പുസ്തകോത്സവത്തില്‍ വായനക്കാര്‍ക്ക് വായനാലോകത്തേക്കുള്ള പുതുവസന്തം നല്‍കാനുതകുന്ന ക്ലാസിക്കുകള്‍, പ്രചോദനാത്മകമായ ജീവചരിത്രങ്ങള്‍, ബാലസാഹിത്യങ്ങള്‍, സ്വയം സഹായ ഗൈഡുകള്‍, പാചകപുസ്തകങ്ങള്‍ നോവലുകള്‍, കവിതകള്‍, പഠന സഹായികള്‍, യാത്രാവിവരണങ്ങള്‍, ആത്മീയ കൃതികള്‍ എന്നിവയുള്‍പ്പെടെ അനേകം വ്യത്യസ്തങ്ങളായ പുസ്തകങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 

To advertise here,

പ്രമുഖ എഴുത്തുകാര്‍, സാംസ്‌കാരിക പ്രതിഭകള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ അവരുടെ ഉള്‍ക്കാഴ്ചകളും കഥകളും പങ്കുവെക്കും. ഇന്ത്യയുടെ സമ്പന്നമായ പൈതൃകവും തനതായ കലാപരിപാടികളും പ്രദര്‍ശിപ്പിക്കുന്ന കാലിഡോസ്‌കോപ്പ്: എന്ന ഇന്ത്യന്‍ കലാരൂപങ്ങളിലേക്കുള്ള ആര്‍ക്കേഡ് ആണ് ഹൈലൈറ്റുകളില്‍ ഒന്ന്. ബികെഎസ് ഫോട്ടോഗ്രാഫി ക്ലബ് സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി പ്രദര്‍ശനവും പുസ്തകോത്സവം സന്ദര്‍ശിക്കാനെത്തുവര്‍ക്ക് ഒരു ദൃശ്യ വിരുന്ന് നല്‍കുന്നു.
കൂടാതെ, എഴുത്തുകാരുമായുള്ള മുഖാമുഖം, കുട്ടികള്‍ക്കായുള്ള കഥപറച്ചില്‍ തുടങ്ങിയവയും ഉണ്ടായിരിക്കും. സമാജം ചിത്രകലാക്ലബ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി പെയിന്റിംഗ് കലയെയും സമൂഹത്തെയും ഒരു തനതായ ആഘോഷത്തില്‍ കൊണ്ടുവരും.

അഖില്‍ ധര്‍മ്മരാജ്, ഡോ.സൗമ്യ സരിന്‍, അനന്തപത്മനാഭന്‍, ഉണ്ണി ബാലകൃഷ്ണന്‍, ലിജീഷ് കുമാര്‍, അശ്വതി ശ്രീകാന്ത് തുടങ്ങിയവര്‍ പുസ്തകോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിചേരും. ആദര്‍ശ് മാധവന്‍കുട്ടി, അഡ്വ:ജലീല്‍, ബിജി തോമസ് തുടങ്ങിയ ബഹ്റൈനിലെ എത്തുകാരുടെ പുസ്തകങ്ങളും പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും. പുസ്തകോത്സവത്തോടനുബന്ധിച്ച് ഡിസംബര്‍ 6 വെള്ളിയാഴ്ച സമാജത്തില്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. നവംബര്‍ 28 മുതല്‍ ഡിസംബര്‍ 8 വരെ നടക്കുന്ന ഈ സാംസ്‌കാരിക ഉത്സവത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ബഹ്റൈന്‍ കേരളീയ സമാജം ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാര്‍, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രനെ 39215128 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ആക്ടിംഗ് പ്രസിഡന്റ് ദിലീഷ് കുമാര്‍, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രന്‍ നായര്‍, ബുക്ക്ഫെസ്റ്റ് കണ്‍വീനര്‍: ഹരീഷ് നായര്‍, കാലിഡോസ്‌കോപ്പ് കണ്‍വീനര്‍ അഭിലാഷ് വെള്ളൂക്കൈ, ബികെഎസ് സാഹിത്യവേദി കണ്‍വീനര്‍: സന്ധ്യ ജയരാജ്, ട്രഷറര്‍ ദേവദാസ് കുന്നത്ത്, ഇന്‍ഡോര്‍ ഗെയിംസ് സെക്രട്ടറി നൗഷാദ് മുഹമ്മദ് ഡിസി ബുക്ക് പ്രതിനിധി രാജ്‌മോഹന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.