മനാമ: കേരളത്തെയും പ്രവാസികളെയും പാടെ അവഗണിച്ച ബജറ്റാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചതെന്ന് ബഹ്റൈൻ ഐഎംസിസി. എല്ലാ മേഖലകളിലും കേരളത്തോട് കടുത്ത വിവേചനമാണ് കേന്ദ്ര സർക്കാർ ബജറ്റിൽ കാണിച്ചിട്ടുള്ളത്. ആരോഗ്യ രംഗത്തെ കേരളത്തിന്റെ ദീർഘകാല ആവശ്യമായ എയിംസ് ഇത്തവണയും അനുവദിച്ചിട്ടില്ല, കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി വിവിധ ജില്ലകളിൽ മാറി മാറി എയിംസ് ഉറപ്പ് നൽകിയത് വെറും പ്രഹസനമായി. എയിംസ് മാത്രമല്ല പ്രഖ്യാപിച്ച മൂന്ന് ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പട്ടികയിലും വിദേശ രാജ്യങ്ങളിൽ പോലും ആയുർവേദത്തിന് പേരും പെരുമയും നേടിക്കൊടുത്ത കേരളത്തിനെ അവഗണിച്ചു എന്നത് കേന്ദ്രം കാണിക്കുന്ന വിവേചനത്തിന്റെ ആഴം എടുത്ത് കാണിക്കുന്നതാണ്.

To advertise here,

ജലഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ട് വന്ന ഒരു സംസ്ഥാനമാണ് കേരളം. വാട്ടർ മെട്രോയും ഉൾനാടൻ ജലഗതാഗത സംവിധാനങ്ങളും അതിന് ഉദാഹരണമാണ്. ഏറ്റവും മികച്ച ഉൾനാടൻ ജലപാതകളുള്ള കേരളത്തെ പാടെ അവഗണിച്ചാണ് അതുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും ഒഡീഷയിലേക്കും ബീഹാറിലേക്കും ഉത്തർപ്രദേശിലേക്കും നൽകിയത്. റെയിൽവേ വികസനത്തിനായി റെക്കോർഡ് തുക ഇത്തവണത്തെ ബജറ്റിൽ മാറ്റിവെച്ചപ്പോഴും കേരളത്തിന് കാര്യമായി ഒന്നും തന്നെ നൽകിയിട്ടില്ല. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് വലിയ പങ്ക് നൽകുന്ന പ്രവാസി സമൂഹത്തെയും പാടെ അവഗണിച്ച ഒരു ബജറ്റാണിത്. കടലാമ വളർത്തലും കേരളത്തിൽ നിന്നുള്ള ധാതു ലവണങ്ങൾ അദാനിമാർക്ക് വിൽക്കാനുള്ള ധാതു ഇടനാഴിയും കേരളത്തെ കോർപ്പറേറ്റുകൾക്ക് വിൽക്കാനുള്ള പുതിയ ജനാതിപത്യ വിരുദ്ധ നീക്കമാണ്. ഇത് ജനങ്ങൾ തിരിച്ചറിയുമെന്നും ബഹ്റൈൻ ഐഎംസിസി പ്രസിഡന്റ് പുളിക്കൽ മൊയ്തീൻ കുട്ടി, ജനറൽ സെക്രട്ടറി കാസിം മലമ്മൽ, ട്രഷറർ പി.വി സിറാജ് എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.