തൃശ്ശൂർ: കേന്ദ്ര ബജറ്റിൽ ആദ്യ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഭാവി ലക്ഷ്യം വെച്ച് തയ്യാറാക്കിയ മികച്ച ബജറ്റാണെന്നും 2070 വരെയുള്ള ബജറ്റിന്റെ തുടക്കമാണ് കുറിച്ചിരിക്കുന്നതെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

To advertise here,

ബജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പു തന്നെ അതിനെ എതിർക്കാനുള്ള സ്‌ക്രിപ്റ്റ് റെഡിയായിരുന്നുവെന്നും ജനം അതിൽ വീഴരുതെന്നും സുരേഷ് ഗോപി പറഞ്ഞു. 2070 വരെയുള്ള രാജ്യത്തിന്റെ രൂപകൽപനയാണ് ഈ ബജറ്റെന്നും കേന്ദ്ര ബജറ്റിനെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാവികാലത്തേക്കുള്ള ദിശാബോധമുള്ള ബജറ്റാണിതെന്നും ഇതിനെയാണ് വികസിത ഭാരത് എന്ന് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2070-ൽ ഉണ്ടാകാനിടയുള്ള സന്നിഗ്ദാവസ്ഥ മുന്നിൽ കണ്ടുള്ള ബജറ്റാണിത്. ബജറ്റിനെ വിമർശിച്ച് ഭരണം പിടിക്കാൻ കഴിയുമോ എന്നാണ് പലരും ശ്രമിക്കുന്നത്. ഇതിന് വോട്ടിങ്ങിലൂടെ കേരള സമൂഹം മറുപടി നൽകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

അതേസമയം കേന്ദ്ര ബജറ്റിൽ കേരളം പാടെ അവഗണിക്കപ്പെട്ടെന്ന വിമർശനത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. നേരത്തേ ഡൽഹിയിൽ കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോടും സുരേഷ് ഗോപി പ്രതികരിച്ചിരുന്നില്ല.

കേരളത്തിൽ എയിംസ് വരുമെന്ന് പല വേദികളിലും ആവർത്തിച്ചയാളായിരുന്നു സുരേഷ് ഗോപി. എന്നാൽ ആ പ്രഖ്യാപനം ഇത്തവണത്തെ ബജറ്റിലുണ്ടായില്ല. എയിംസ് തൃശൂരോ ആലപ്പുഴയിലോ തിരുവനന്തപുരത്തോ വരുമെന്നും കേരളം ഭൂമി നൽകിയില്ലെങ്കിൽ പൊള്ളാച്ചിയിലേക്ക് പോകുമെന്നുമെല്ലാം അദ്ദേഹം നേരത്തേ പറഞ്ഞിരുന്നു.