ഒരു ഭരണഘടനാസ്ഥാപനത്തിനു നിരക്കാത്ത കാര്യങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പുകമ്മിഷനിൽ നടന്നതായുള്ള വിവരമാണ് ഈയടുത്ത് പുറത്തുവന്നത്. മൂന്നംഗ കമ്മിഷനിൽ മുഖ്യ തിരഞ്ഞെടുപ്പുകമ്മിഷണർ(സി.ഇ.സി.)ക്കൊപ്പംതന്നെ പ്രാഭവവും അധികാരങ്ങളുമുള്ള രണ്ടു തിരഞ്ഞെടുപ്പുകമ്മിഷണർമാരെ നോക്കുകുത്തികളാക്കി തീരുമാനങ്ങളും നടപടികളുമുണ്ടാകുന്നെന്ന വിവരമാണു വെളിപ്പെട്ടത്. കേന്ദ്രസർക്കാരിന്റെ ആജ്ഞാനുവർത്തിയെന്ന ദുഷ്‌പേരുള്ള സി.ഇ.സി. ഗ്യാനേഷ്‌കുമാറിന്റെ സ്വച്ഛാപരമായ നീക്കങ്ങളാണ് കമ്മിഷനിൽ നടക്കുന്നതെന്നാണു വിലയിരുത്തപ്പെട്ടത്. അല്ലെങ്കിലേ ആരോപണമുനയിലായ തീവ്രവോട്ടർപട്ടിക പുതുക്കൽ (സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ- എസ്.ഐ.ആർ.) പ്രക്രിയയുടെകാര്യത്തിൽ തിരഞ്ഞെടുപ്പുകമ്മിഷണർമാരുടെ വിയോജിപ്പുകൾ പല അവസരത്തിലും അവഗണിക്കപ്പെട്ടെന്നും ആരോപണമുയർന്നു. ഇത് രാജ്യത്തെ തിരഞ്ഞെടുപ്പുസംവിധാനത്തിന്റെതന്നെ വിശുദ്ധിയെക്കുറിച്ചു സംശയമുണർത്തുന്ന സാഹചര്യമാണു വന്നുപെട്ടത്.
സി.ഇ.സി.യും രണ്ടു കമ്മിഷണർമാരുമടങ്ങിയതാണ് തിരഞ്ഞെടുപ്പുകമ്മിഷന്റെ ഘടന. കമ്മിഷന്റെ തീരുമാനങ്ങൾ കഴിവതും ഏകകണ്ഠമായിരിക്കണമെന്നാണു വ്യവസ്ഥ. ഏതെങ്കിലുംതരത്തിലുള്ള അഭിപ്രായവ്യത്യാസമുണ്ടായാൽ ഈ മൂവരിൽ രണ്ടുപേരുടെ അഭിപ്രായത്തിനു മേൽക്കൈ ലഭിക്കുകയും നടപ്പാക്കപ്പെടുകയുംവേണം. കമ്മിഷൻ കൈക്കൊണ്ട പല തീരുമാനങ്ങളിലും നടപടികളിലും കമ്മിഷണർമാരായ വിവേക് ജോഷിയും സുഖ്ബിർ സിങ് സന്ധുവും രേഖാമൂലമുള്ള വിയോജിപ്പുപ്രകടിപ്പിച്ചിരുന്നതായുള്ള വിവരമാണ് ഈയിടെ പുറത്തുവന്നത്. എസ്.ഐ.ആർ. പ്രക്രിയയുടെകാര്യത്തിൽ തങ്ങളറിയാതെ തീരുമാനങ്ങളെടുക്കുകയോ ഉത്തരവുകളിറക്കുയോ ചെയ്തതിന് കമ്മിഷണർമാർ കഴിഞ്ഞ പത്തുമാസത്തിനിടെ പതിന്നാലുതവണയാണ് എതിർപ്പു രേഖപ്പെടുത്തിയത്. എതിരഭിപ്രായം രേഖപ്പെടുത്തിയിട്ടും കമ്മിഷൻ അതിനു വിരുദ്ധമായി ‘അനധികൃതവും നിയമവിരുദ്ധവുമായ’ നടപടികൾ കൈക്കൊണ്ടുവെന്നുപോലും വിവേക് ജോഷിയും സുഖ്ബിർ സിങ് സന്ധുവും ആക്ഷേപമുയർത്തിയതായാണു റിപ്പോർട്ട്.
ഈ വിവരം പുറത്തുവന്നതുകാരണമുണ്ടായ അപകീർത്തി നീക്കാനെന്നവണ്ണം തിരഞ്ഞെടുപ്പുകമ്മിഷൻ ശനിയാഴ്ച പൂർണയോഗം ചേരുകയും ചില തീരുമാനങ്ങൾ കൈക്കൊള്ളുകയുംചെയ്തു. എസ്.ഐ.ആർ. പ്രക്രിയയിലെ തകരാറുകൾസംബന്ധിച്ച് പ്രതിപക്ഷമുൾപ്പെടെ പല ഘട്ടങ്ങളിൽ ഉയർത്തിയ ആരോപണങ്ങൾ ശരിവെക്കുന്നതരത്തിലുള്ള തിരുത്തൽതീരുമാനങ്ങളാണ് ഈ യോഗത്തിലുണ്ടായത്. ഉയർന്ന ഓരോ പരാതിയും ആരോപണവും പരിഹരിക്കാനുള്ള നടപടികളാണു യോഗാനന്തരം കമ്മിഷൻ പ്രഖ്യാപിച്ചത്. പക്ഷേ, ബിഹാറും ബംഗാളുംപോലുള്ള നിർണായകസംസ്ഥാനങ്ങളിൽ സമീപകാലത്തുനടന്ന നിയമസഭാതിരഞ്ഞെടുപ്പിൽ എസ്.ഐ.ആറിന്റെ അടിസ്ഥാനത്തിലുള്ള വോട്ടർപട്ടികയിലുള്ളവർമാത്രമാണ് സമ്മതിദാനം വിനിയോഗിച്ചത്. ലക്ഷക്കണക്കിനുപേരാണ് അവിടങ്ങളിൽ വോട്ടർപട്ടികയിൽനിന്നു പുറന്തള്ളപ്പെട്ടത്. അതിൽ തകരാറുസംഭവിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പുകമ്മിഷൻ ഇപ്പോൾ പരോക്ഷമായി സമ്മതിക്കുമ്പോൾ, ആ സംസ്ഥാനങ്ങളിൽ ജനവിധി കവർന്നെടുക്കപ്പെട്ടെന്നല്ലേ നാം മനസിലാക്കേണ്ടത്. ആ പിഴവിന് എന്തു പ്രതിക്രിയയാണ് ഇനി ഉള്ളത്? ആ പിഴവിന് ചരിത്രം മാപ്പുകൊടുക്കുമോ? എസ്.ഐ.ആർ. പ്രക്രിയയെ ശരിവെച്ച സുപ്രീംകോടതിക്കും തെറ്റുപറ്റിയോ? ചോദ്യങ്ങൾ ഏറെയുണ്ട്.
സി.ഇ.സി. ഗ്യാനേഷ്‌കുമാറിന്റെ ഏകപക്ഷീയമായ നീക്കങ്ങളും നടപടികളുമാണ് തിരഞ്ഞെടുപ്പുകമ്മിഷന്റെ വിശ്വാസ്യത കളഞ്ഞുകുളിക്കുന്നതിൽ കലാശിച്ചിരിക്കുന്നതെന്ന് നിസ്സംശയം പറയാനാകും. ആരുടെ അജൻഡയാണ് സി.ഇ.സി. നടപ്പാക്കിയതെന്നതിലും ഏറെ ആലോചിക്കേണ്ടകാര്യമില്ല. ഗ്യാനേഷ്‌കുമാറിനെതിരായ പ്രതിഷേധനീക്കങ്ങളുമായി പ്രതിപക്ഷം മുന്നോട്ടുപോകാനാണു സാധ്യതയെങ്കിലും അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാനുള്ള ശ്രമം വിജയിക്കുക പ്രയാസമാണ്. ഉന്നതകോടതികളിലെ ജഡ്ജിമാരെ പുറത്താക്കുന്നതിനുള്ള സങ്കീർണമായ അതേ പാർലമെന്ററിപ്രക്രിയയിലൂടെമാത്രമേ സി.ഇ.സി.യെയും നീക്കംചെയ്യാനാകൂ എന്നതാണു കാരണം. കേന്ദ്രസർക്കാരിന്റെ താത്പര്യങ്ങൾക്ക് അധീശത്വം ലഭിക്കാത്തരീതിയിൽ സി.ഇ.സി.യുടെയും തിരഞ്ഞെടുപ്പുകമ്മിഷണർമാരുടെയും നിയമനം നടത്താനുള്ള വഴിതേടേണ്ടത് അത്യാവശ്യമാണ്. 2023-ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന തിരഞ്ഞെടുപ്പുകമ്മിഷൻ നിയമന നിയമത്തിൽ മാറ്റംവരുത്താതെ അതു സാധ്യമാകില്ല. ഈ നിയമത്തിന്റെ സാധുത ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാകയാൽ കാത്തിരിക്കാനേതരമുള്ളൂ.
Published: 27 Sept 2026, 10:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented