സംസ്ഥാനത്ത് ദുർമന്ത്രവാദവും ആഭിചാരവും നിരോധിക്കുന്നതിനുള്ള നിയമത്തിന്റെ കരട് വിദഗ്ധസമിതി സർക്കാരിന് കൈമാറിയിരിക്കുന്നു. 22 കുറ്റകൃത്യങ്ങളാണ് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജീവപര്യന്തം തടവുവരെയാണ് നിർദേശിച്ചിരിക്കുന്ന ശിക്ഷ. ഭാരതീയ ന്യായസംഹിതപ്രകാരമുള്ള ശിക്ഷയ്ക്കുപുറമേയാണിത്. പത്തനംതിട്ട ഇലന്തൂരിൽനടന്ന നരബലിയുടെ പശ്ചാത്തലത്തിൽ കേരള യുക്തിവാദിസംഘം നൽകിയ പൊതുതാത്പര്യഹർജിയിൽ ഹൈക്കോടതി നിർദേശപ്രകാരമാണ് 2025 നവംബറിൽ വിദഗ്ധസമിതി രൂപവത്കരിച്ചത്. ഇത്തരമൊരു നിയമനിർമാണത്തിനു നീക്കംനടത്തിയെങ്കിലും കഴിഞ്ഞസർക്കാർ പിന്നീട് പിന്മാറിയിരുന്നു. ഹൈക്കോടതി ഇതിൽ അതൃപ്തിപ്രകടിപ്പിക്കുകയും വിദഗ്ധസമിതി രൂപവത്കരിച്ച് പുതിയ ബിൽ തയ്യാറാക്കാൻ നിർദേശിക്കുകയുമാണുണ്ടായത്. സമിതി ഇപ്പോൾ സമർപ്പിച്ച കരടുബില്ലിന്റെ അടിസ്ഥാനത്തിൽ നിയമനിർമാണം നടത്താനുള്ള ആർജവം യു.ഡി.എഫ്. സർക്കാർ പ്രകടിപ്പിക്കണം.

പത്തനംതിട്ട ഇലന്തൂരിൽ കേരളത്തെ ഞെട്ടിക്കുകയും ലജ്ജിപ്പിക്കുകയുംചെയ്ത നരബലി നടന്നത് 2022-ലാണ്. സാമ്പത്തിക അഭിവൃദ്ധിയുണ്ടാക്കാമെന്ന അന്ധവിശ്വാസത്തിൽ രണ്ടു സ്ത്രീകളെ കഴുത്തറത്തുകൊന്ന് കഷണങ്ങളായി വെട്ടിമുറിച്ച് കുഴിച്ചിടുകയായിരുന്നു. 2022 ഒക്ടോബർ 11-നാണ് സംഭവം വെളിച്ചത്തുവന്നത്. ഇതേത്തുടർന്ന്, ദുരാചാരങ്ങൾക്കെതിരേ നിയമംവേണമെന്ന് സംസ്ഥാനത്ത് വ്യാപകമായി ആവശ്യമുയർന്നു. 2022 ഒക്ടോബർ 17-ന് കേരള യുക്തിവാദിസംഘം ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്‌കാരക്കമ്മിഷൻ നേരത്തേ തയ്യാറാക്കിനൽകിയ ‘ആഭിചാരങ്ങളും ദുർമന്ത്രവാദവും തടയലും ഇല്ലാതാക്കലും ബിൽ’ ഈ ഘട്ടത്തിൽ സർക്കാർ ഗൗരവപൂർവം പരിഗണനയ്ക്കെടുക്കുകയുംചെയ്തു. എന്നാൽ, 2023 ജൂലായ് അഞ്ചിനുചേർന്ന സംസ്ഥാനമന്ത്രിസഭായോഗം കരടുബിൽ പിൻവലിക്കാൻ തീരുമാനിച്ചു. അന്ധവിശ്വാസങ്ങളും മതാചാരങ്ങളും അതിരിട്ട് വേർതിരിക്കുക പ്രയാസമാണെന്നു വിലയിരുത്തിയായിരുന്നു സർക്കാരിന്റെ പിൻമാറ്റം.

2025 ജൂണിൽ കേരള യുക്തിവാദിസംഘത്തിന്റെ ഹർജി വീണ്ടും പരിഗണിക്കവേ, ദുരാചാരങ്ങൾക്കെതിരായ നിയമനിർമാണത്തിൽനിന്ന് ഒളിച്ചോടിയതിന് സംസ്ഥാനസർക്കാരിനെ കേരള ഹൈക്കോടതി ശകാരിച്ചു. ദുർമന്ത്രവാദവും ആഭിചാരവുമൊക്കെ അനുവദിച്ചുകൊടുക്കുകയാണോ എന്നാണ് അന്നത്തെ ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ അധ്യക്ഷനായ ബെഞ്ച് സംസ്ഥാനസർക്കാരിനോടു ചോദിച്ചത്. തുടർന്ന് ഹൈക്കോടതി നിർദേശിച്ചപ്രകാരമാണ് സർക്കാർ കഴിഞ്ഞ നവംബറിൽ കരടുബിൽ തയ്യാറാക്കാനായി വിദഗ്ധസമിതി രൂപവത്കരിച്ചത്.

ദുർമന്ത്രവാദവും ആഭിചാരക്രിയകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ടെന്നത് യാഥാർഥ്യമാണ്. മനുഷ്യരുടെ പലവിധ അരക്ഷിതത്വങ്ങൾ മുതലെടുത്ത് അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിച്ച് സാമ്പത്തികനേട്ടം കൊയ്യുന്നവർ ധാരാളമാണ്. കേരളംപോലൊരു നാട്ടിൽ ഇത്തരം അനഭീഷ്ടപ്രവണതകൾ വളരാൻ അനുവദിച്ചുകൂടാ. ദുരാചാരത്തെയും മതാചാരത്തെയും വേർതിരിച്ചുകാണാൻ ഇവിടത്തെ നിയമസംവിധാനത്തിനു കാര്യവിവരമില്ലെന്നു വിശ്വസിക്കുക പ്രയാസമാണ്. മതാചാരങ്ങൾക്കു ഭഗ്നമുണ്ടാക്കുക ആരുടെയും ഉദ്ദേശ്യവുമല്ല. പക്ഷേ, ദുഷ്ടലാക്കോടെ നടത്തുന്ന ആഭിചാരമടക്കമുള്ള ക്രിയകൾ വെച്ചുപൊറുപ്പിക്കാൻ പരിഷ്‌കൃതസമൂഹത്തിനു സാധിക്കില്ല. അതിന്റെപേരിലുള്ള സാമ്പത്തികചൂഷണവും ദേഹോപദ്രവവുമടക്കമുള്ള കുറ്റകൃത്യങ്ങളും തടയാതെപറ്റില്ല. പല സംസ്ഥാനങ്ങളും ദുർമന്ത്രവാദം നിരോധിക്കുന്ന നിയമങ്ങൾ നടപ്പാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിലും കർണാടകത്തിലും സമഗ്രമായ അന്ധവിശ്വാസ നിർമാർജന നിയമങ്ങൾതന്നെയുണ്ട്. പുരോഗമനകേരളം ഇക്കാര്യത്തിൽ ഇപ്പോഴും അറച്ചുനിൽക്കുന്നത് ലജ്ജാവഹമാണ്. ശക്തമായ നിയമനിർമാണത്തിന് സർക്കാർ ഉടൻ തയ്യാറാകണം.

To advertise here,