ഇന്ത്യയിൽ സുപ്രീംകോടതിയും ഹൈക്കോടതികളും ഭരണഘടനാകോടതികളായാണ് അറിയപ്പെടുന്നത്. ഇവയുടെ രൂപവത്കരണം, അധികാരങ്ങൾ, ശക്തി എന്നിവയുടെ നേരിട്ടുള്ള ഉറവിടം ഭരണഘടനയാണ് എന്നതാണ് ഇതിനുകാരണം. ഭരണഘടനയുടെ നാല് (പാർട്ട് അഞ്ച്), അഞ്ച് (പാർട്ട് ആറ്) അധ്യായങ്ങളിലെ വ്യവസ്ഥപ്രകാരമാണ് യഥാക്രമം സുപ്രീംകോടതിയും ഹൈക്കോടതികളും സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. സർക്കാരുകളുടെയും നിയമനിർമാണസഭകളുടെയും നടപടികൾ ഭരണഘടനാനുസൃതമാണോ എന്നു പരിശോധിക്കാനും അല്ലെങ്കിൽ അവ അസാധുവാക്കാനുമുള്ള ഭരണഘടനാദത്തമായ അധികാരം ഈ കോടതികൾക്കുമാത്രമേ ഉള്ളൂ. ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങൾ പൗരർക്ക് ഉറപ്പുവരുത്തുന്നതിനാവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കാനുള്ള അധികാരവും ഈ കോടതികൾക്കുണ്ട്. ഭരണഘടനയുടെ സംരക്ഷകരെന്നനിലയിൽ ഹൈക്കോടതികൾക്ക് സ്വതന്ത്രാസ്തിത്വവും തങ്ങൾക്കൊപ്പം ഔന്നത്യവുമുണ്ടെന്ന് സുപ്രീംകോടതിതന്നെ വിധിപ്രസ്താവം നടത്തിയിട്ടുണ്ട്.

എന്നാൽ, സുപ്രീംകോടതിക്കുമാത്രമുള്ള സവിശേഷതയാണ് ഭരണഘടനാബെഞ്ച്. ഭരണഘടനാവ്യവസ്ഥകളുടെ അന്തിമമായ വ്യാഖ്യാനത്തിനുള്ള അധികാരം സുപ്രീംകോടതിക്കുമാത്രമേയുള്ളൂ. ആ അധികാരം സുപ്രീംകോടതി നിർവഹിക്കുന്നത് ഭരണഘടനാബെഞ്ചുകൾവഴിയാണ്. ഭരണഘടനയുടെ 145(3) അനുച്ഛേദമാണ് ഭരണഘടനാബെഞ്ചുകൾക്കു വ്യവസ്ഥചെയ്യുന്നത്. ഇതുപ്രകാരം സുപ്രീംകോടതി രൂപവത്കരിക്കുന്ന ഭരണഘടനാബെഞ്ചുകളിൽ ചുരുങ്ങിയത് അഞ്ച് ജഡ്ജിമാരുണ്ടാകണം. ഏഴും ഒൻപതും പതിനൊന്നും ജഡ്ജിമാരടങ്ങിയ ഭരണഘടനാബെഞ്ചുകൾ ഉണ്ടായിട്ടുണ്ട്. ഭരണഘടനാബെഞ്ചിൽ പരമാവധി എത്ര ജഡ്ജിമാരാകാമെന്ന് 145(3) അനുച്ഛേദത്തിൽ എടുത്തുപറഞ്ഞിട്ടില്ല. സുപ്രീംകോടതിയുടെ ചരിത്രത്തിലെ ഏറ്റവുംവലിയ ഭരണഘടനാബെഞ്ചിലുണ്ടായിരുന്നത് പതിമ്മൂന്നു ജഡ്ജിമാരാണ്; പ്രശസ്തമായ കേശവാനന്ദഭാരതി കേസിലായിരുന്നു അത്. പാർലമെന്റോ നിയമസഭകളോ നടത്തുന്ന നിയമനിർമാണങ്ങൾ 'ഭരണഘടനയുടെ അടിസ്ഥാനഘടന'യെ ലംഘിക്കുന്നതാകരുതെന്ന ചരിത്രപരമായ വിധി പുറപ്പെടുവിച്ചത് ഈ ബെഞ്ചാണ്.

ഭരണഘടനയുമായിബന്ധപ്പെട്ട സങ്കീർണമായ ചോദ്യങ്ങളോ സംശയങ്ങളോ ഭിന്നതകളോ സുപ്രീംകോടതിക്കുമുൻപാകെ വരുമ്പോൾ, അതതുസമയത്ത് ചീഫ് ജസ്റ്റിസ് താത്കാലികമായി ഭരണഘടനാബെഞ്ചിനു രൂപംനൽകുകയാണു ചെയ്യുക. ഇത്തരം വിഷയങ്ങളിൽ തീർപ്പുകല്പിക്കുന്നതിന് പലപ്പോഴും ഈ ബെഞ്ചുകൾ വലിയ കാലതാമസമെടുക്കുന്നതാണു പതിവ്. ഭരണഘടനാബെഞ്ചിലെ ജഡ്ജിമാർ മറ്റു ബെഞ്ചുകളുടെഭാഗമായും പ്രവർത്തിക്കുന്നതടക്കമുള്ള കാരണങ്ങൾ ഇതിനുണ്ട്. അതുകൊണ്ടുതന്നെ, സുപ്രീംകോടതിയിൽ സ്ഥിരം ഭരണഘടനാബെഞ്ച് വേണമെന്ന ആവശ്യം പലപ്പോഴും നിയമവൃത്തങ്ങളിൽ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം സുപ്രീംകോടതിയുടെ രണ്ടംഗബെഞ്ച് ഇതേ ആവശ്യം ചീഫ് ജസ്റ്റിസിനുമുൻപാകെ വെച്ചു.

ഭരണഘടനാവ്യാഖ്യാനം ആവശ്യമുള്ള കേസുകൾ അനിശ്ചിതമായി നീണ്ടുപോകുന്നതിന് പരിഹാരം കാണുന്നതിനായി സ്ഥിരമായി അഞ്ചംഗ ഭരണഘടനാബെഞ്ചുണ്ടാക്കണമെന്നാണ് ജസ്റ്റിസുമാരായ ദീപാങ്കർ ദത്തയും സതീഷ് ചന്ദ്ര ശർമയും അഭ്യർഥിച്ചത്. തിരഞ്ഞെടുപ്പുകമ്മിഷൻ നിയമന നിയമം ചോദ്യംചെയ്യുന്ന ഹർജി ഭരണഘടനാബെഞ്ചിനു വിടുന്നതിൽ തീരുമാനമെടുക്കാൻ ചീഫ് ജസ്റ്റിസിന് വിട്ടുകൊണ്ടാണ് ജഡ്ജിമാർ ഈ അഭ്യർഥന നടത്തിയത്. നിലവിലെ രീതിയിൽ താത്കാലികമായി രൂപവത്കരിക്കുന്ന ഭരണഘടനാബെഞ്ചുകളിൽ തീർപ്പ് വർഷങ്ങളോളം വൈകുന്നത് രണ്ടംഗബെഞ്ച് ചൂണ്ടിക്കാട്ടി. ഇങ്ങനെ കാലതാമസമുണ്ടാകുന്നത് സുപ്രീംകോടതിക്ക് അപമാനകരമാണെന്നും ആത്മപരിശോധന ആവശ്യമാണെന്നും ജഡ്ജിമാർ അഭിപ്രായപ്പെട്ടു. രാജ്യവ്യവഹാരത്തെസംബന്ധിച്ച അടിസ്ഥാനചോദ്യങ്ങളിൽ പരമോന്നതകോടതിയുടെ അന്തിമവിധി വൈകുന്നത് ആശാസ്യമല്ലെന്നതു നേരാണ്. സ്ഥിരം ഭരണഘടനാബെഞ്ച് എന്ന നിർദേശത്തിന് എത്രയുംവേഗം ഫലപ്രാപ്തിയുണ്ടാകുകതന്നെവേണം.

To advertise here,