മിനിമം മാർക്കൊഴിവാക്കുമ്പോൾ പഠനനിലവാരം ഉറപ്പാക്കാൻ എന്തു
ബദലെന്ന് സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല.

അക്ഷരമറിയാത്തവർപോലും എസ്.എസ്.എൽ.സി. പരീക്ഷയിൽ എ പ്ലസ് നേടുന്നെന്ന് 2023-ൽ അന്നത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ തുറന്നുപറച്ചിൽ കേരളീയ പൊതുസമൂഹത്തെ കണ്ണുതുറപ്പിച്ച ഒരു പ്രസ്താവനയായിരുന്നു. വിദ്യാഭ്യാസമികവുള്ള പുരോഗമന സമൂഹമെന്നാണ് മലയാളികൾക്കുള്ള ആഗോളമേൽവിലാസമെങ്കിലും നമ്മുടെ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിലെ പാകപ്പിഴ പരിശോധിക്കാൻ ഒരു വഴിത്തിരിവായിരുന്നു ഈ വെളിപ്പെടുത്തൽ. അതിൽ കണ്ണുതുറന്ന സർക്കാർ, അധ്യാപകസംഘടനകളെയും വിദഗ്ധരെയുമൊക്കെ പങ്കെടുപ്പിച്ച പ്രത്യേക വിദ്യാഭ്യാസ കോൺക്ലേവ് നടത്തി, വിശദമായ കൂടിയാലോചനയ്ക്കുശേഷം സ്കൂൾ പഠനത്തിന്റെ നിലവാരം ഉറപ്പാക്കാൻ നടപ്പാക്കിയ പരിഷ്കാരമായിരുന്നു എഴുത്തുപരീക്ഷയിൽ 30 ശതമാനം മിനിമം മാർക്ക്. ഏറെ പ്രതീക്ഷാനിർഭരമായിരുന്നു 2024 മേയിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ ഈ പ്രഖ്യാപനം.
എസ്.എസ്.എൽ.സി. എന്ന കടമ്പ കഷ്ടിച്ചു കരകയറണമെങ്കിൽ നിരന്തര മൂല്യനിർണയത്തിനുള്ള 20 മാർക്കായിരുന്നു വിദ്യാർഥികളുടെ പിൻബലം. ഈ മാർക്ക് 18-ൽ കൂടുതൽ ആർക്കും നൽകാറുമില്ല. അതിനാൽ, നൂറുമാർക്കിന്റെ പരീക്ഷയിൽ 12 മാർക്ക് എഴുതി നേടിയാൽമതി. നിരന്തരമൂല്യനിർണയത്തിലെ 18 മാർക്കുകൂടിയായാൽ കടന്നുകൂടാനുള്ള 30 മാർക്കാവും. 2014-2024 വരെയുള്ള കാലയളവിൽ 48.53 ലക്ഷം പേർ പത്താം ക്ലാസ് പരീക്ഷയെഴുതിയതിൽ, മിനിമം മാർക്കില്ലാതെ 17.36 ലക്ഷം പേർ പാസായെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ തെളിയിക്കുന്നു. സ്കൂൾ വിദ്യാഭ്യാസത്തിലെ ഗുണനിലവാരത്തെക്കുറിച്ചും പരീക്ഷകളെക്കുറിച്ചുമൊക്കെ ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നതാണ് ഈ കണക്കുകൾ. അതിനെല്ലാമുപരി വാരിക്കോരി മാർക്കിട്ട് കുട്ടികളെ പത്താംക്ലാസ് കടത്തിവിടുന്ന രീതിയും ഗുണനിലവാരത്തെ ബാധിച്ചു. ഇതിനെല്ലാമുള്ള പരിഹാരത്തിൽ ഒരു പ്രധാന ചുവടുവെപ്പാണ് എൽ.ഡി.എഫ്. സർക്കാർ നടപ്പാക്കിയ മിനിമം മാർക്ക്.
കുട്ടികളെ പരീക്ഷയിൽ തോൽപ്പിക്കുക എന്നതായിരുന്നില്ല സമീപനം. പിന്നാക്കമുള്ളവർക്ക് പഠനപിന്തുണ നൽകി, പരീക്ഷയിൽ വിജയിക്കാൻ അവസരമൊരുക്കലായിരുന്നു. പത്താംക്ലാസിൽ ഒറ്റയടിക്ക് ഏർപ്പെടുത്താതെ, ഹൈസ്കൂളിൽ പടിപടിയായി നടപ്പാക്കാൻ ഉത്തരവിറങ്ങി. അതനുസരിച്ച്, 2024-25-ൽ എട്ടാം ക്ലാസിലും 2025-26-ൽ ഒൻപതാം ക്ലാസിലും മിനിമം മാർക്ക് വന്നു. ഈ അധ്യയനവർഷം നടപ്പാക്കാനിരിക്കേയാണ് പുതിയ സർക്കാരിന്റെ ചുവടുമാറ്റം. മിനിമം മാർക്ക് നിർബന്ധമാക്കിയാൽ നടപ്പുവർഷത്തെ പത്താംക്ലാസ് ഫലം 60-65 ശതമാനമായി കുറയുമെന്നാണ് കണക്കുകൂട്ടൽ. ഹയർ സെക്കൻഡറി പ്രവേശനത്തെ ഇതു ബാധിക്കുമെന്നും സർക്കാർ ആശങ്കപ്പെടുന്നു. പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നതാണ് സമീപവർഷങ്ങളിലെ പ്രവണത. ഇത് അധ്യാപക തസ്തികകളെയും ബാധിച്ചുതുടങ്ങിയിട്ടുണ്ട്. ഏറെക്കാലമായി ശരാശരി 95-99 ശതമാനമുള്ള എസ്.എസ്.എൽ.സി. പരീക്ഷാഫലം 60-65 ശതമാനത്തിലേക്ക് ചുരുങ്ങുന്നത് അക്കാദമിക്-സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നതാണ് സർക്കാരിനെ അലട്ടുന്ന പ്രശ്‌നം. മിനിമം മാർക്കൊഴിവാക്കുമ്പോൾ പഠനനിലവാരം ഉറപ്പാക്കാൻ എന്തു ബദലെന്ന് സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല.
സ്കൂൾവിദ്യാഭ്യാസ സമ്പ്രദായത്തിൽ സത്യസന്ധമായ പരിശോധന വേണമെന്ന് 2013-ൽ പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോ. ബിജു പ്രഭാകർ അന്നത്തെ സർക്കാരിനോട് ശുപാർശചെയ്തിരുന്നു. നിലവാരം ഉറപ്പാക്കാൻ ഓരോ വിഷയത്തിലും മിനിമം മാർക്ക് നടപ്പാക്കണമെന്ന് 2016-ൽ പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന എം.എസ്. ജയ അധ്യക്ഷയായ സമിതിയും റിപ്പോർട്ട് നൽകി. ഇതെല്ലാം മുൻനിർത്തിയായിരുന്നു 2024-ലെ സർക്കാർപ്രഖ്യാപനം. പക്ഷേ, ഈ സർക്കാർ പെട്ടെന്നൊരു പിന്മാറ്റം പ്രഖ്യാപിക്കുമ്പോൾ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഇനിയെന്ത് എന്ന ചോദ്യം അവശേഷിക്കുന്നു. 21-ാം നൂറ്റാണ്ടിലെ ശേഷികൾ ആർജിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തിലാണ് കേരള സ്‌കൂൾ പാഠ്യപദ്ധതി. എ. ഐ ഉൾപ്പെടെയുള്ള സാധ്യതകളുടെ ലോകത്ത് അതു കൈവരിക്കാൻ എങ്ങനെ മുന്നേറാമെന്ന ചോദ്യവും നമുക്കു മുന്നിലുണ്ട്.
Published: 21 Sept 2026, 11:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented