ഇന്ത്യൻ തിരഞ്ഞെടുപ്പുകമ്മിഷന്റെ സമീപകാലത്തെ പല നടപടികളും വിവാദവിഷയമാണ്. പ്രധാനമായും വോട്ടർപ്പട്ടികയുടെ തീവ്രപരിഷ്കരണം(സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ- എസ്.ഐ.ആർ.) ഒട്ടേറെ ആരോപണങ്ങൾക്ക് ഇട നൽകിയിരിക്കുന്നു. തിരഞ്ഞെടുപ്പുകളിൽ വോട്ടുതട്ടിപ്പുനടക്കുന്നതായുള്ള പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിയുടെ ആരോപണത്തിന് വിശ്വാസയോഗ്യമായ വിശദീകരണംനൽകാൻ കമ്മിഷന് ഇതുവരെ സാധിച്ചിട്ടുമില്ല. മുഖ്യ തിരഞ്ഞെടുപ്പുകമ്മിഷണർ(സി.ഇ.സി.) ഗ്യാനേഷ്‌കുമാർ കേന്ദ്രസർക്കാരിന്റെ വിശ്വസ്തനെപ്പോലെയാണു പ്രവർത്തിക്കുന്നതെന്നും കമ്മിഷന്റെ സ്വതന്ത്രസ്വഭാവം കൈമോശംവന്നിട്ടുണ്ടെന്നും ആക്ഷേപം നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണ് തിരഞ്ഞെടുപ്പുകമ്മിഷന്റെ പല തീരുമാനങ്ങളിലും രണ്ടു കമ്മിഷണർമാർ സമയാസമയങ്ങളിൽ വിയോജിപ്പുരേഖപ്പെടുത്തിയിരുന്നതായും അവ ഗൗനിക്കപ്പെട്ടില്ലെന്നുമുള്ള റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരിക്കുന്നത്.

സി.ഇ.സി.യും രണ്ടു കമ്മിഷണർമാരുമടങ്ങിയതാണ് തിരഞ്ഞെടുപ്പുകമ്മിഷന്റെ ഘടന. കമ്മിഷനിൽ ഏതെങ്കിലുംതരത്തിലുള്ള അഭിപ്രായവ്യത്യാസമുണ്ടായാൽ ഈ മൂവരിൽ രണ്ടുപേരുടെ അഭിപ്രായത്തിനു മേൽക്കൈ ലഭിക്കുകയും നടപ്പാക്കപ്പെടുകയുംവേണമെന്നാണ് നിയമം. എന്നാൽ, കമ്മിഷൻ കൈക്കൊണ്ട പല തീരുമാനങ്ങളിലും നടപടികളിലും കമ്മിഷണർമാരായ വിവേക് ജോഷിയും സുഖ്ബിർ സിങ് സന്ധുവും രേഖാമൂലമുള്ള വിയോജിപ്പുപ്രകടിപ്പിച്ചിരുന്നതായുള്ള വിവരമാണ് പുറത്തുവന്നിരിക്കുന്നത്. രണ്ടു കമ്മിഷണർമാർ വിയോജിച്ചിട്ടും ഇവ കമ്മിഷന്റെ തീരുമാനങ്ങളെന്നനിലയിൽ നടപ്പാക്കപ്പെട്ടെങ്കിൽ, ഈ ഭരണഘടനാസ്ഥാപനത്തിൽ നിശ്ചയമായും എന്തോ ചീഞ്ഞുനാറുന്നുണ്ട്. പുറത്തുവന്ന വിവരങ്ങൾ ശരിയെങ്കിൽ, പ്രതീക്ഷിക്കപ്പെടുന്നരീതിയിൽ ജനായത്തപരമായും നീതിയുക്തമായുമല്ല ഈ സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് ഉറപ്പിക്കാം.

എസ്.ഐ.ആർ.പ്രക്രിയമുതൽ കമ്മിഷനിലെ ഭരണപരമായ കാര്യങ്ങൾവരെ ഒട്ടേറെ വിഷയങ്ങളിൽ രണ്ടു കമ്മിഷണർമാരും വിയോജിപ്പുരേഖപ്പെടുത്തിയതായാണു വിവരം. രണ്ടു കമ്മിഷണർമാരും എതിരഭിപ്രായം രേഖപ്പെടുത്തിയിട്ടും കമ്മിഷൻ അതിനു വിരുദ്ധമായി ‘അനധികൃതവും നിയമവിരുദ്ധവുമായ’ നടപടി കൈക്കൊണ്ടുവെന്ന് കമ്മിഷണർ സുഖ്ബിർ സിങ് സന്ധു വിയോജനക്കുറിപ്പുകളിലൊന്നിൽ എഴുതിയിരിക്കുന്നു. കമ്മിഷന്റെ പല തീരുമാനങ്ങളും തങ്ങൾ അറിയുന്നില്ലെന്നും കമ്മിഷണർമാർ രേഖപ്പെടുത്തിയിട്ടുണ്ട്. എസ്.ഐ.ആർ.പ്രക്രിയയുടെകാര്യത്തിൽ ഇങ്ങനെ തങ്ങളറിയാതെ തീരുമാനങ്ങളെടുക്കുകയോ ഉത്തരവുകളിറക്കുകയോചെയ്തതിന് കമ്മിഷണർമാർ കഴിഞ്ഞ പത്തുമാസത്തിനിടെ പതിന്നാലുതവണയാണ് എതിർപ്പുരേഖപ്പെടുത്തിയത്. എസ്.ഐ.ആറിന്റെഭാഗമായി പുതിയ വോട്ടർമാരെ ചേർക്കുന്നതിന് ഫോം ആറിൽ വരുത്തിയ മാറ്റത്തെ കമ്മിഷണർമാർ എതിർത്തിരുന്നു. പുതുതായി അപേക്ഷിക്കുന്ന വോട്ടറോട്, കഴിഞ്ഞ എസ്.ഐ.ആറിൽ മാതാപിതാക്കളുടെയോ പിതാമഹരുടെയോ പേര് വോട്ടർപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നു ചോദിക്കുന്നതിലായിരുന്നു കമ്മിഷണർമാരുടെ എതിർപ്പ്. ഈ ചോദ്യത്തിനുള്ള ഉത്തരം നിർബന്ധമല്ലെന്നാണ് ഇവർക്കുലഭിച്ച വിശദീകരണമെങ്കിലും ഫലത്തിൽ പ്രസ്തുത ഉത്തരം രേഖപ്പെടുത്താത്തപക്ഷം അപേക്ഷ സമർപ്പിക്കാൻ പറ്റില്ല. ഫോം ആറിൽ മാറ്റംവരുത്തണമെങ്കിൽ 1960-ലെ വോട്ടർമാരുടെ രജിസ്‌ട്രേഷൻ ചട്ടങ്ങളിൽ കേന്ദ്രസർക്കാർ ഭേദഗതിവരുത്തണമെന്നാണ് രണ്ടു കമ്മിഷണർമാർ എതിരഭിപ്രായമെഴുതിയത്. അതു കണക്കിലെടുക്കാതെ പ്രസ്തുതമാറ്റവുമായി കമ്മിഷൻ മുന്നോട്ടുപോയതിനെയാണ് ‘അനധികൃതവും നിയമവിരുദ്ധവു’മെന്ന് കമ്മിഷണർ സുഖ്ബിർ സിങ് സന്ധു പിന്നീട് രേഖപ്പെടുത്തിയത്.

സി.ഇ.സി. ഉൾപ്പെടെ മൂന്നംഗങ്ങളുള്ള കമ്മിഷനിൽ ഭൂരിപക്ഷഹിതത്തിലൂടെയാണ് തീരുമാനങ്ങൾ ഉരുത്തിരിയേണ്ടതെന്നാണു നിയമമെന്നിരിക്കേ ഇങ്ങനെയൊക്കെ സംഭവിച്ചത് അങ്ങേയറ്റം അതിശയമാണ്. തിരഞ്ഞെടുപ്പുകൾ നീതിപൂർവംനടത്താൻ ചുമതലപ്പെട്ട സ്ഥാപനത്തിൽ ഇതാണ് അവസ്ഥയെങ്കിൽ രാജ്യത്തെ ജനാധിപത്യവ്യവസ്ഥയുടെ വിശ്വാസ്യത എത്രമാത്രമെന്ന് പരിഭ്രാന്തിയോടെ ചിന്തിക്കേണ്ടിവന്നിരിക്കുന്നു. ‘’സ്വതന്ത്രമായ തിരഞ്ഞെടുപ്പുകമ്മിഷനുമാത്രമേ സ്വതന്ത്രമായ തിരഞ്ഞെടുപ്പുകൾ നടത്താനാകൂ. തിരഞ്ഞെടുപ്പുകമ്മിഷൻ സ്വതന്ത്രമായാൽമാത്രംപോരാ, സ്വതന്ത്രമെന്ന് ജനത്തിന് ബോധ്യപ്പെടുകയുംവേണം’’ - തിരഞ്ഞെടുപ്പുകമ്മിഷന്റെ നിയമനവുമായിബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേ സുപ്രീംകോടതിയിലെ ജസ്റ്റിസ് ദീപാങ്കർ ദത്ത ഇന്നലെ നടത്തിയ പരാമർശമാണ് ഇത്. അന്വർഥമായ ഈ നിരീക്ഷണത്തോടു നീതിപുലർത്തുന്നവിധത്തിലല്ല പക്ഷേ, തിരഞ്ഞെടുപ്പുകമ്മിഷനിലെ സംഭവഗതികളെന്നു കരുതേണ്ടിയിരിക്കുന്നു.

To advertise here,