കേരളത്തിന്റെ ആരോഗ്യരംഗം അസാധാരണമായ പ്രതിസന്ധിഘട്ടത്തിലാണ്. സാധാരണക്കാരന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച്, കുതിച്ചുയരുന്ന ചികിത്സാച്ചെലവ് ഒരുവശത്ത്. പാവപ്പെട്ടവർക്ക് അഭയകേന്ദ്രങ്ങളാകേണ്ട സർക്കാർവക ആതുരാലയങ്ങൾ പരിമിതികളാൽ വീർപ്പുമുട്ടുന്നുവെന്ന യാഥാർഥ്യം മറുവശത്ത്. മറ്റേതു സംസ്ഥാനത്തെക്കാളും ഉയർന്ന ചികിത്സാച്ചെലവും ആശുപത്രികളെ ആശ്രയിക്കുന്നതിന്റെ നിരക്കും കൂടുതലുള്ള സംസ്ഥാനത്ത് ഇത് സൃഷ്ടിക്കുന്ന സാന്പത്തികാഘാതം ചെറുതല്ല. സെപ്റ്റംബർ 21 മുതൽ 28 വരെ ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ച ‘ചികിത്സിച്ചു മരിക്കുന്ന കേരളം’ എന്ന അന്വേഷണപരന്പര ഇക്കാര്യത്തിലേക്കാണ് വിരൽചൂണ്ടുന്നതും.

സ്വകാര്യമേഖലയ്ക്ക് മുൻതൂക്കമുള്ള പൊതുജനാരോഗ്യസംവിധാനമാണ് പതിറ്റാണ്ടുകളായി കേരളത്തിലേത്. 70 ശതമാനത്തോളംപേരും കിടത്തിച്ചികിത്സയ്ക്ക് ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെയാണ്. ആറുവർഷത്തിനിടെ കേരളത്തിലെ ചികിത്സാച്ചെലവ് 116 ശതമാനത്തോളമാണ് വർധിച്ചത്. അതേസമയം, ജനങ്ങളുടെ ആളോഹരിവരുമാനത്തിലുണ്ടായ വർധനയാകട്ടെ വെറും 52 ശതമാനവും. ഈ അന്തരം വലിയൊരു അപായസൂചനയാണ്. രോഗാതുരത, കിടത്തിച്ചികിത്സ തേടുന്നവരുടെ കണക്ക്, രോഗസാധ്യത കൂടുതലുള്ള വയോജനങ്ങളുടെ എണ്ണം തുടങ്ങിയ സൂചനകളൊന്നും കേരളത്തെസംബന്ധിച്ച് ആശാവഹമല്ല. അമിതലാഭേച്ഛയില്ലാതെ പ്രവർത്തിച്ചിരുന്ന സ്വകാര്യ ആശുപത്രി ശൃംഖലകളുടെ മട്ടും ഭാവവും ഇപ്പോൾ മാറിയിരിക്കുന്നു. നമ്മുടെ ആരോഗ്യരംഗത്തേക്ക് ബഹുരാഷ്ട്രക്കുത്തകകൾ വൻനിക്ഷേപമൊഴുക്കുന്നതും ഇൻഷുറൻസ് കന്പനികളുടെ പകൽക്കൊള്ളയും ഇതോടൊപ്പം ചേർത്തുവായിക്കണം. ആരോഗ്യച്ചെലവ് കുതിച്ചുയരുമ്പോൾ അതു താങ്ങാനാകാതെ ജീവനൊടുക്കുന്നവർ കേരളത്തിലുണ്ടെന്ന വാർത്തകൾ സർക്കാരിന്റെ കണ്ണുതുറപ്പിേക്കണ്ടതാണ്. ഉത്തരവാദിത്വം നിറവേറ്റാത്ത ഭരണാധികാരികളാണ് ഇത്തരമൊരവസ്ഥയ്ക്ക് മുഖ്യകാരണക്കാർ.

സാധാരണക്കാർക്ക് കുറഞ്ഞചെലവിൽ ചികിത്സയൊരുക്കേണ്ട സർക്കാർ ആശുപത്രികൾ പതിറ്റാണ്ടുകൾ പിന്നിലാണിപ്പോഴും. ബഹുരാഷ്ട്രക്കുത്തകകളടക്കം കേരളത്തിലെ ആരോഗ്യമേഖലയിൽ കണ്ണുവെക്കുമ്പോൾ സർക്കാർ പിൻവാങ്ങലിന്റെ പാതയിലാണ്. 2025-’26 സാന്പത്തികവർഷത്തിൽ ആരോഗ്യമേഖലയ്ക്കായി ചെലവിട്ട തുക മൊത്തംചെലവിന്റെ ഏഴുശതമാനമായി ചുരുങ്ങിയെന്നാണ് സാന്പത്തിക അവലോകന റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇത് പത്തുവർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. ചികിത്സയെന്നത് ഔദാര്യമല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നുമുള്ള കാഴ്ചപ്പാടിലേക്ക് സർക്കാർ മാറേണ്ടിയിരിക്കുന്നു. സാന്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഘട്ടത്തിൽ ആരോഗ്യരംഗത്ത് വൻനിക്ഷേപങ്ങൾ നടത്താൻ സർക്കാരിന് പരിമിതികളുണ്ടെന്നത് വസ്തുതയാണ്. പക്ഷേ, സ്വകാര്യമേഖലയെ കൃത്യമായി പ്രയോജനപ്പെടുത്തുന്ന ആരോഗ്യനയം രൂപപ്പെടുത്താൻ സർക്കാരിനു കഴിയണം. ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണമാണ് ഇതിൽ പ്രധാനം. സർക്കാർഫണ്ട്‌ ഉപയോഗിക്കാതെത്തന്നെ മെഡിക്കൽകോളേജുൾപ്പെടെയുള്ള പൊതുജനാരോഗ്യസംവിധാനങ്ങൾ ശക്തിപ്പെടുത്തണം. വൻകിട കന്പനികളുടെ സി.എസ്.ആർ. ഫണ്ടുകളുൾപ്പെടെ ഉപയോഗപ്പെടുത്താൻ കഴിയണം. പൊതുജനാരോഗ്യരംഗം കരുത്താർജിച്ചാൽത്തന്നെ സ്വകാര്യമേഖലയുടെ ചൂഷണം ഒരുപരിധിവരെ കുറയ്ക്കാനാകും.

വയോജനങ്ങളുടെ ചികിത്സാച്ചെലവാകും സമീപഭാവിയിൽ ആരോഗ്യകേരളം നേരിടുന്ന വലിയ വെല്ലുവിളി. ഇതിനായി കൃത്യമായ കർമപദ്ധതി നടപ്പാക്കേണ്ടതുണ്ട്. വയോജനങ്ങൾക്ക് വാക്സിനേഷൻ ഉൾപ്പെടെയുള്ള യജ്ഞങ്ങൾ നടപ്പാക്കാൻ സർക്കാർ മുൻകൈയെടുക്കണം. കേരളത്തിലെ ഉയർന്ന രോഗാതുരത മറികടക്കാൻ ദീർഘവീക്ഷണത്തോടെയുള്ള നയങ്ങൾ രൂപപ്പെടുത്തണം. രോഗംവന്നശേഷം ചികിത്സയെന്ന മനോഭാവം തിരുത്തേണ്ട കാലം കഴിഞ്ഞു. രോഗങ്ങളെ പടിക്കുപുറത്താക്കാനുള്ള ചികിത്സകൾ ആശുപത്രിയുടെ അകത്തളങ്ങളിൽനിന്നല്ല തുടങ്ങേണ്ടത്; വിദ്യാലയങ്ങളിൽനിന്നും ചുറ്റുപാടുകളിൽനിന്നുമാണ്. രോഗംവരാതെ പ്രതിരോധിക്കലാണ് മികച്ച ആരോഗ്യസംസ്കാരമെന്ന പാഠം കുട്ടികളെ പഠിപ്പിക്കണം. ‘ഒരു സമൂഹത്തിന്റെ യഥാർഥസമ്പത്ത് അവിടത്തെ ജനങ്ങളുടെ ആരോഗ്യമാണ്’ എന്ന നമ്മുടെ രാഷ്ട്രപിതാവിന്റെ വാക്കുകൾ ഭരണാധികാരികൾ ഓർക്കുന്നത് നന്ന്.

To advertise here,