സുപ്രീംകോടതിയുടെ ഇടപെടൽ സാർഥകമായ ദിശാവ്യതിയാനത്തിന് ഹേതുവാകുമെന്നു പ്രത്യാശിക്കാം

“വ്യക്തിഗതവരുമാനത്തിന്റെ അഞ്ചിലൊന്നും ചികിത്സയ്ക്കായി ചെലവിടുന്ന നാടാണ് കേരളം. സംസ്ഥാന ആസൂത്രണബോർഡിന്റെയും ദേശീയ സാംപിൾ സർവേ സംഘടനയുടെയും ഔദ്യോഗികറിപ്പോർട്ടുകൾപ്രകാരം, സംസ്ഥാനത്ത് ജനങ്ങളുടെ വരുമാനവളർച്ചയെക്കാൾ വലിയ വേഗത്തിലാണ് ചികിത്സാച്ചെലവുകൾ കുതിച്ചുയരുന്നത്. ആറുവർഷത്തിനിടെ സംസ്ഥാനത്തെ ശരാശരിവരുമാനത്തിൽ 52.3 ശതമാനത്തിന്റെ വളർച്ചയാണുണ്ടായത്. ഇതേ കാലയളവിൽ സാധാരണക്കാരുടെ പ്രതിശീർഷ ആരോഗ്യച്ചെലവ് 116.7 ശതമാനത്തോളം വർധിച്ചു. 100 രൂപ വരുമാനംകിട്ടിയാൽ 22 രൂപയോളം ചികിത്സയ്ക്കായിമാത്രം ചെലവിടേണ്ടിവരുമെന്നു ചുരുക്കം”-‘മാതൃഭൂമി’ കഴിഞ്ഞദിവസങ്ങളിൽ പ്രസിദ്ധീകരിച്ച ‘ചികിത്സിച്ചുമരിക്കുന്ന കേരളം’ എന്ന അന്വേഷണപരമ്പരയിലെ വരികളാണിത്. ചികിത്സാച്ചെലവിന്റെ നല്ലൊരുഭാഗം ചെലവിടേണ്ടിവരുന്നത് ഔഷധങ്ങൾ വാങ്ങാനാണ്. കാൻസറും ഹൃദ്രോഗവുംമുതൽ ജീവിതശൈലീരോഗങ്ങൾവരെ പിടിമുറുക്കിയ ഇക്കാലത്ത് മരുന്നുകൾ ഭക്ഷണംപോലെ പതിവാക്കേണ്ടിവരുന്ന അവസ്ഥയിലാണ് ഒട്ടുമിക്കവരും. ഈ ഗതികേടിനെയാണ് ഔഷധവ്യവസായവും സ്വകാര്യ ആശുപത്രികളുമൊക്കെ ഊറ്റിക്കുടിക്കുന്നത്.
ഈ സാഹചര്യത്തിൽ, ജീവൻരക്ഷാമരുന്നുകളുടെ അമിതവില നിയന്ത്രിക്കാത്തതിന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി കഴിഞ്ഞദിവസം ചില കടുത്തചോദ്യങ്ങൾ ഉന്നയിച്ചത് പ്രസക്തമാണ്. മരുന്നുകളുടെ വ്യാപാരിവില(പ്രൈസ് ടു ദ റീടെയിലർ-പി.ടി.ആർ.)യും പരമാവധി ചില്ലറവിൽപ്പനവില(എം.ആർ.പി.)യും തമ്മിലുള്ള ഭീമമായ അന്തരം കോടതി ചൂണ്ടിക്കാട്ടി. അതൊഴിവാക്കാൻ ലാഭവിഹിതം നിയന്ത്രിച്ചുകൂടേയെന്നും സർക്കാരിനോട് ചോദിച്ചു. വ്യാപാരിവിലയുടെ 16 ശതമാനത്തിൽക്കൂടുതൽ എം.ആർ.പി. ഈടാക്കരുതെന്ന ഏകീകൃതചട്ടം കൊണ്ടുവരാവുന്നതാണെന്നാണ് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടത്. മരുന്നുവില, ജനറിക് മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ലഭ്യത, മരുന്നുകുറിക്കൽ എന്നിവയുമായിബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടുന്ന ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. വാങ്ങുന്നതിന്റെ പത്തിരട്ടി വിലയ്ക്ക് മരുന്നുവിൽക്കുന്നത് രോഗികളെ പിടിച്ചുപറിക്കലാണെന്നു കഴിഞ്ഞയാഴ്ച വിഷയം പരിഗണിച്ചപ്പോഴും കോടതി വിമർശിച്ചിരുന്നു.
മരുന്നുകൾക്ക് അമിതവില ഈടാക്കുന്ന സ്വകാര്യ ആശുപത്രികളെയും കോടതി അതിരൂക്ഷമായി വിമർശിച്ചു. കോർപ്പറേറ്റ് ആശുപത്രികൾ സേവനത്തിൽനിന്നുവിട്ട് വ്യവസായമായി മാറിയെന്നും സാധാരണക്കാരാണ് അതിന്റെ ദുരിതം അനുഭവിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ആയുഷ്മാൻ ഭാരത് പോലെയുള്ള സർക്കാർപദ്ധതികൾക്കുകീഴിലാണ് ചികിത്സയെങ്കിൽ ആ പണമത്രയും പൊതുഖജനാവിൽനിന്ന് അടയ്‌ക്കേണ്ടിവരുമെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇതിനോടു യോജിച്ചു. പരിഹാരം മുന്നോട്ടുവെക്കാൻ അദ്ദേഹം സമയംചോദിച്ചു. വകുപ്പുതലചർച്ചകൾക്ക് സോളിസിറ്റർ ജനറലിന് സമയമനുവദിച്ച കോടതി, കേന്ദ്രത്തിന്റെ മറുപടിക്കായി തുടർവാദം ഒക്ടോബർ 12-ലേക്കു മാറ്റിയിരിക്കുകയാണ്. സുപ്രീംകോടതിയുടെ ഇടപെടൽ സാർഥകമായ ദിശാവ്യതിയാനത്തിന് ഹേതുവാകുമെന്നു പ്രത്യാശിക്കാം.
സ്വകാര്യ ആശുപത്രികൾ, ഔഷധക്കമ്പനികൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവയുടെയൊക്കെ പിടിച്ചുപറികാരണം നട്ടംതിരിയുകയാണ് രാജ്യത്തെയും കേരളത്തിലെയും രോഗാതുരമായ മധ്യവർഗം. പൊതുമേഖലയിലെ ചികിത്സാസൗകര്യങ്ങൾ മെച്ചപ്പെടുത്തുകയെന്നതാണ് സർക്കാരുകൾക്ക് ഇക്കാര്യത്തിൽ ചെയ്യാൻകഴിയുന്ന ഏറ്റവുംവലിയ സേവനം. അതിന് ദീർഘകാലാടിസ്ഥാനത്തിലുള്ള കാഴ്ചപ്പാടും മൂലധനനിക്ഷേപവുമുണ്ടാകണം. മരുന്നുകളുടെ അമിതവില നിയന്ത്രിക്കണമെന്ന സുപ്രീംകോടതിയുടെ ഇപ്പോഴത്തെ നിർദേശമെങ്കിലും ഭരണകൂടം പാലിക്കുമെന്ന് തത്കാലം പ്രതീക്ഷിക്കാം.
Published: 01 Oct 2026, 12:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented