തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയം, പ്രവർത്തനം തുടങ്ങുന്നതിനുമുൻപേ ഭയപ്പാടുകളുയർത്തിയതാണ്. അവിടത്തെ പ്രക്രിയകൾ ആവാസവ്യവസ്ഥയ്ക്കുവരുത്തിയേക്കാവുന്ന ദോഷങ്ങളെക്കുറിച്ചും അപകടമുണ്ടായാലുള്ള ഭാവനാതീതമായ ആഘാതങ്ങളെപ്പറ്റിയുമൊക്കെ വിപുലമായ ചർച്ചകൾ പൊതുസമൂഹത്തിലുണ്ടായി. വലിയതോതിലുള്ള പ്രാദേശികസമരങ്ങളും നിയമയുദ്ധവും നടന്നു. എല്ലാറ്റിനുമൊടുവിൽ സുപ്രീംകോടതിയുടെ അനുമതിയോടെയാണ് 2013-ൽ നിലയം തുറന്നത്. രാജ്യത്തിന്റെ സുസ്ഥിരവളർച്ചയ്ക്കും ജനക്ഷേമത്തിനുംവേണ്ടിയാണ് കേന്ദ്രസർക്കാർ കൂടംകുളം പദ്ധതി നടപ്പാക്കുന്നതെന്നാണു സുപ്രീംകോടതി തീർപ്പാക്കിയത്. നിലയത്തിന്റെ സുരക്ഷസംബന്ധിച്ച അവലോകനറിപ്പോർട്ടുകൾ വിവരാവകാശനിയമപ്രകാരം പുറത്തുവിടേണ്ടതില്ലെന്ന് ഡൽഹി ഹൈക്കോടതി വിധിച്ചത് കഴിഞ്ഞ മേയ് 30-നാണ്.

പരിസ്ഥിതിപ്രവർത്തകരും പ്രാദേശികസമൂഹവുമൊക്കെ ആശങ്കപ്പെട്ടമാതിരിയുള്ള സുരക്ഷാപ്രശ്നങ്ങൾ കൂടംകുളത്തു സംഭവിക്കുമോ എന്ന ചോദ്യത്തിനു മറുപടിനൽകാൻ കാലത്തിനുമാത്രമേ സാധ്യമാകൂ. അത്യാഹിതങ്ങളൊന്നും സംഭവിക്കാതിരിക്കട്ടെ എന്ന് ആഗ്രഹിക്കാനേ നമുക്കു കഴിയുകയുള്ളൂ. പക്ഷേ, നിലയസുരക്ഷയുടെകാര്യത്തിൽ ആശങ്ക ജനിപ്പിക്കുന്നൊരു സംഭവവികാസം ഇപ്പോൾ ഉണ്ടായിരിക്കുന്നു. കൂടംകുളം ആണവനിലയത്തിലെ മർമപ്രധാനമായ പത്തൊൻപതിനായിരത്തോളം രേഖകൾ സൈബറാക്രമണത്തിലൂടെ ചോർത്തിയെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഈ രേഖകൾ, ഇന്റർനെറ്റിലെ അധോലോകം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഡാർക്ക് വെബിൽ പ്രചരിക്കുന്നതായാണ് റിപ്പോർട്ട്. നിലയത്തിലെ കോമൺ കൺട്രോൾ റൂമിന്റെ ഘടന, ഉപകരണങ്ങളുടെ ചിത്രങ്ങൾ, വിവിധ സംവിധാനങ്ങളുടെ രൂപരേഖകൾ, വിതരണക്കാരുടെ പട്ടിക, വിവിധ കമ്പനികൾ സമർപ്പിച്ച നിർദേശങ്ങൾ എന്നിവ ചോർന്ന രേഖകളിൽ ഉൾപ്പെടുന്നു. നിലയത്തിലെ നിർമാണത്തിലുള്ള മൂന്ന്, നാല് റിയാക്ടറുകളുടെ രേഖകളാണു ചോർന്നത്. നിർമാണക്കരാറെടുത്ത റിലയൻസ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ ഡേറ്റാശേഖരത്തിൽ നുഴഞ്ഞുകയറിയാണ് ‘വേൾഡ് ലീക്ക്‌സ്’ എന്ന ഹാക്കിങ് സംഘം രേഖകൾ ചോർത്തിയത്. ആണവസുരക്ഷയുമായിബന്ധപ്പെട്ട വിവരങ്ങളൊന്നും പുറത്തുപോയിട്ടില്ലെന്ന് ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ(എൻ.പി.സി.എൽ.)യിലെ ചില കേന്ദ്രങ്ങൾ പറയുന്നുണ്ടെങ്കിലും ചോർച്ച പരിഭ്രമംസൃഷ്ടിച്ചിരിക്കുന്നതായി കൂടംകുളം ആണവനിലയം ഔദ്യോഗികമായി വെളിപ്പെടുത്തി. ചോർച്ചാവിവരം എൻ.പി.സി.എലും സ്ഥിരീകരിച്ചു.

കൂടംകുളം നിലയത്തിലെ കംപ്യൂട്ടറുകളിൽ ഉത്തരകൊറിയയുടെ ചാരപ്രോഗ്രാം കടന്നുകയറിയതായി 2019-ൽ ഔദ്യോഗികസ്ഥിരീകരണം വന്നിരുന്നു. അതിനെക്കാൾ ഗുരുതരമായ ഭേദനമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. പുറത്തുപോയ വിവരങ്ങളുടെ സഹായത്തോടെ ആണവനിലയത്തിൽ അട്ടിമറിയോ അപായമോ സൃഷ്ടിക്കാൻ രാജ്യവിരുദ്ധശക്തികൾക്കു സാധിക്കുമോ എന്നാണ് ആശങ്ക. അങ്ങനെ സംഭവിച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ മാരകമായിരിക്കും. ലോകമെങ്ങും വികസിതരാജ്യങ്ങൾ ആണവനിലയങ്ങൾ കൈയൊഴിയാൻശ്രമിക്കുമ്പോൾ നമ്മുടെ ഭരണാധികാരികൾക്കും നയരൂപകർത്താക്കൾക്കും ആണവോർജത്തോടുള്ള അഭിനിവേശത്തിന് ഒട്ടുംകുറവില്ല. ഇപ്പോഴത്തെ വിവരച്ചോർച്ച അപായത്തിൽ കലാശിക്കില്ലെന്ന് വിശ്വാസയോഗ്യമാംവിധം വിശദീകരിക്കാൻ ഇവർക്ക് സാധിക്കുമോ?

To advertise here,