To advertise here,

വികസിതകേരളം നേരിടുന്ന നിരന്തരപ്രശ്നമാണ് മാലിന്യം. കുടുംബശ്രീ-ഹരിതകർമസേനാ പ്രവർത്തകരുടെ നേതൃത്വത്തിൽ ജൈവ-അജൈവ മാലിന്യങ്ങളുടെ ശേഖരണവുംമറ്റും നടക്കുന്നുണ്ടെങ്കിലും ശാശ്വതപരിഹാരം അകലെയാണ്. കൊച്ചി ബ്രഹ്മപുരത്തെ മാലിന്യശേഖരണകേന്ദ്രത്തിൽ 2023-ലുണ്ടായ തീപ്പിടിത്തം കേരളം നേരിടുന്ന മാലിന്യവിപത്തിലേക്കുള്ള ചൂണ്ടുപലകയായിരുന്നു. 2024-ൽ തലസ്ഥാനനഗരഹൃദയത്തിലെ ആമയിഴഞ്ചാൻതോട്ടിൽ മാലിന്യംനീക്കുന്നതിനിടെ തൊഴിലാളി മരിച്ച സംഭവം നാം ഓർക്കുന്നുണ്ട്. നഗരം അതിന്റെ മാലിന്യങ്ങൾ ഉദാസീനമായി കൈകാര്യംചെയ്തതിനുള്ള വിലയായിരുന്നു ജോയി എന്ന ആ മനുഷ്യന്റെ അമൂല്യമായ ജീവൻ. ജോയിയെ കണ്ടെത്താനായി നടന്ന രക്ഷാപ്രവർത്തനത്തിന്റെഭാഗമായി മണ്ണുമാന്തിയന്ത്രങ്ങളുപയോഗിച്ച് തോട്ടിൽനിന്നു നീക്കിയ ടൺകണക്കിനു മാലിന്യങ്ങളുടെ കാഴ്ചതന്നെ ഭീതിയുണർത്തുന്നതായിരുന്നു. നാമോരോരുത്തരും ഉത്തരവാദിത്വരഹിതമായി ഉപേക്ഷിക്കുന്ന ഖരമാലിന്യങ്ങളുടെ തോത് എത്ര ഭീമമാണ് എന്ന ഓർമ്മപ്പെടുത്തലായി അത്. പൗരബോധമില്ലാത്ത സമൂഹം പ്രകൃതിക്കും പരിസ്ഥിതിക്കും ഏൽപ്പിക്കുന്ന ആഘാതത്തിന്റെ നേർച്ചിത്രമായി, ആമയിഴഞ്ചാൻതോട്ടിൽനിന്നു പുറത്തേക്കുവലിച്ചിട്ട ആ മാലിന്യമല.

 

മാലിന്യനിർമാർജനത്തിനുള്ള ബൃഹത്തായൊരു കർമപദ്ധതിയുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ് യു.ഡി.എഫ്. സർക്കാർ. കേരളത്തെ സമ്പൂർണ മാലിന്യമുക്തമാക്കാൻ അഞ്ചുവർഷത്തെ ‘നിർമലം-പുതുയുഗ ശുചിത്വകേരളം’ പദ്ധതിയാണ് ആരംഭിച്ചിരിക്കുന്നത്. 2031-ലെ സീറോ വേസ്റ്റ് ദിനമായ മാർച്ച് 30-ന് കേരളത്തെ മാലിന്യമുക്തമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇക്കഴിഞ്ഞ ഗാന്ധിജയന്തിദിനത്തിൽ പദ്ധതിക്കു തുടക്കമായി. ഹ്രസ്വകാലം (2026 ഒക്ടോബർ രണ്ട്-2027 ഒക്ടോബർ രണ്ട്), മധ്യകാലം (2027 ഒക്ടോബർ രണ്ട്-2030 ജൂൺ അഞ്ച്), ദീർഘകാലം (2030 ജൂൺ അഞ്ച്-2031 മാർച്ച് 30) എന്നിങ്ങനെ മൂന്നുഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്.

 

30 ശതമാനം വീടുകൾക്കും സ്ഥാപനങ്ങൾക്കും ജൈവമാലിന്യസംസ്കരണ സംവിധാനം ഏർപ്പെടുത്തുക, 20 ശതമാനം വൻകിട മാലിന്യ ഉത്പാദകരും ഉറവിടത്തിൽത്തന്നെ ജൈവമാലിന്യം സംസ്കരിക്കുന്നെന്ന് ഉറപ്പാക്കുക, 100 തദ്ദേശസ്ഥാപനങ്ങളിൽ സമ്പൂർണ ജൈവമാലിന്യസംസ്കരണശേഷി, അജൈവമാലിന്യത്തിന്റെ വാതിൽപ്പടിശേഖരണം 100 ശതമാനമാക്കുക, പുനഃചംക്രമണത്തിന് കൂടുതൽ ഏജൻസികൾ, കോർപ്പറേഷനുകളിൽ കെട്ടിടനിർമാണ മാലിന്യശേഖരണ സംവിധാനം, 40 ശതമാനം സാനിറ്ററിമാലിന്യം സംസ്‌കരിക്കാൻ രണ്ടു പ്ലാന്റുകൾ, തദ്ദേശസ്ഥാപനങ്ങൾക്കും പൊതുസ്ഥലങ്ങൾക്കും ശുചിത്വ ഗ്രേഡിങ്, പൊതുശൗചാലയങ്ങൾക്ക് മികച്ച പരിപാലനം-നിരീക്ഷണം എന്നിവയാണ് ഹ്രസ്വഘട്ടത്തിൽ നടപ്പാക്കുക.

 

70 ശതമാനം വീടുകൾക്കും സ്ഥാപനങ്ങൾക്കും ജൈവമാലിന്യ സംസ്കരണസംവിധാനം, 500 തദ്ദേശസ്ഥാപനങ്ങൾക്ക് ജൈവമാലിന്യസംസ്കരണശേഷി, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയും സ്വകാര്യനിക്ഷേപത്തിലൂടെയും പുതിയ റീസൈക്ലിങ് പ്ലാന്റുകൾ, ഇ-മാലിന്യസംസ്കരണം 100 ശതമാനമാക്കാൻ പ്ലാന്റ്, സാനിറ്ററിമാലിന്യത്തിന്റെ 60 ശതമാനം സംസ്‌കരണം ഉറപ്പാക്കാൻ നാലു പ്ലാന്റുകൾ എന്നിവ രണ്ടാംഘട്ടത്തിൽ ലക്ഷ്യമിടുന്നു. 100 ശതമാനം വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യ സംസ്‌കരണസൗകര്യം, എല്ലാതരം അജൈവമാലിന്യത്തിന്റെയും 100 ശതമാനം ശേഖരണവും ശാസ്ത്രീയപരിപാലനവും ഉറപ്പാക്കുക, സാനിറ്ററിമാലിന്യ ശേഖരണവും സംസ്‌കരണവും 100 ശതമാനമാക്കുക എന്നിവ മൂന്നാംഘട്ടത്തിൽ സാക്ഷാത്കരിക്കും.

 

കേരളത്തിന്റെ സ്വൈരംകെടുത്തുന്നൊരു പ്രശ്‌നം കാര്യക്ഷമമായി കൈകാര്യംചെയ്യുന്നതിന് മുൻ ഭരണകൂടങ്ങൾ നടത്തിവന്ന ആത്മാർഥശ്രമങ്ങളെ പുതിയൊരു വഴിത്തിരിവിലെത്തിക്കാനാണ് യു.ഡി.എഫ്. സർക്കാർ ‘നിർമലം-പുതുയുഗ ശുചിത്വകേരളം’ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്നു വ്യക്തം. മാലിന്യവിപത്തിനെ പൗരബോധത്തോടെയും ആസൂത്രണവൈഭവത്തോടെയും കർമശേഷിയോടെയും നേരിട്ടുകൊണ്ടുമാത്രമേ ഒരു പരിഷ്കൃതസമൂഹത്തിനു മുന്നോട്ടുസഞ്ചരിക്കാനാകൂ. അതിനുള്ള ദൃഢചിത്തമായൊരു ഉദ്യമമെന്നനിലയിൽ ‘നിർമലം’ പദ്ധതിക്ക് എല്ലാ ആശംസകളുംനേരുന്നു.