“ഒരുവശത്ത് ജീവിതനിലവാരം, നൈതികത, സുരക്ഷിതത്വം, ഡിഗ്നിറ്റി ഓഫ് ലൈഫ് എന്നതൊക്കെ മോശമായിത്തന്നെ തുടരുമ്പോൾ, രാഷ്ട്രീയത്തിൽനിന്നു ധാർമികത അതിവേഗം ചോർന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു. അധികാരമത്സരത്തിലും മിച്ചം പങ്കുവെക്കലിലും മുഴുകുന്ന രാഷ്ട്രീയകക്ഷികൾ. ഒഴിവുള്ള കസേരകളും ഒഴിവില്ലെങ്കിൽ ഉണ്ടാക്കിയെടുക്കാൻകഴിയുന്ന മന്ത്രിപദങ്ങളും തേടിപ്പോകുന്ന വ്യക്തികൾ. ഏതു നിറത്തിലുള്ള കള്ളിയിൽ കയറിയും ആനയായും കുതിരയായും തേരായും കളിക്കാനും വെട്ടുവാനും ചോരയൊഴുക്കാനും തയ്യാറായവർ” സാഹിത്യകാരൻ ആനന്ദ് ഈയിടെ എഴുതിയ ഒരു ലേഖനത്തിലെ വരികളാണിത്. ദാർശനികമായ ഈ വാക്കുകൾ നാം വായിക്കുമ്പോൾ സംസ്ഥാനതലസ്ഥാനത്തുനിന്നുവരുന്നത് രാഷ്ട്രീയ അക്രമത്തിന്റെ വാർത്തകളാണ്. മൂല്യമുക്തമാകുമ്പോൾ രാഷ്ട്രീയത്തിനു സംഭവിക്കുന്ന അപചയത്തിന്റെ നിദർശനങ്ങളാണ് തലസ്ഥാനനഗരിയിൽ അരങ്ങേറിയത്. പ്രവൃത്തികൾ നീചമാകുന്നു; മുദ്രാവാക്യങ്ങൾ നിർമര്യാദവും. കോൺഗ്രസ്, സി.പി.എം., ബി.ജെ.പി. എന്നീ പ്രധാന രാഷ്ട്രീയകക്ഷികളുമായിബന്ധപ്പെട്ടവർക്ക് ഇതിലൊക്കെ തുല്യപങ്കാളിത്തമാണ്. ക്രിയാത്മകവും സംവാദക്ഷമവുമായ രാഷ്ട്രീയത്തിൽനിന്നുള്ള വിടുതൽമാത്രമല്ല ഇത്; വിഭിന്നപക്ഷങ്ങളിലുള്ളവരോടുള്ള ആദരത്തിന്റെയും പരിഗണനയുടെയും അഭാവംകൂടിയാണ്. ‘സത്യാഗ്രഹി ഒരിക്കലും നിരായുധനാകുന്നില്ല’ എന്ന സഹനശക്തി പ്രോജ്ജ്വലിപ്പിച്ചൊരു മഹാത്മാവിന്റെ നൂറ്റിയൻപത്തിയേഴാം ജയന്തിദിനത്തോടടുപ്പിച്ച നാളുകളിലാണ് ഈ അക്രമങ്ങൾ നടമാടിയതെന്നത് കൂടുതൽ ഖേദകരമാകുന്നു.

ദക്ഷിണാഫ്രിക്കയിൽ തന്നെ ജയിലിലാക്കിയ ഭരണാധികാരി ജനറൽ സ്മട്‌സിന്, ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയ മഹാത്മാഗാന്ധി സമ്മാനിച്ച ഒരു ജോ‍ഡി ചെരിപ്പിനെപ്പറ്റി ഓർക്കാവുന്ന സന്ദർഭമാണിത്. ചരിത്രഭാരത്താൽ തേഞ്ഞുപോകാതെ ആ പാദരക്ഷകൾ വർത്തമാനകാലത്തും പ്രസക്തമാകുന്നുണ്ട്. ദക്ഷിണാഫ്രിക്കൻ ജയിലിൽ ബൈബിൾവായനയിൽ ആബദ്ധനായതിനൊപ്പം ഗാന്ധിജി, തന്നെ ബന്ധനസ്ഥനാക്കിയ ഭരണാധികാരിക്കുവേണ്ടി ചെരിപ്പു തയ്ക്കുകകൂടിചെയ്യുന്നുണ്ടായിരുന്നു. വിമോചിതനായ വേളയിൽ ഗാന്ധി ഒരു പൊതി ജനറൽ സ്മട്‌സിനു കൈമാറി. ‘‘ഇതെന്താ, ബോംബോ മറ്റോ ആണോ’’ എന്നായിരുന്നു സ്മട്‌സിന്റെ കടുപ്പമുള്ള മുഖത്തുനിന്നുതിർന്ന ചോദ്യം. അപ്പോൾ ഗാന്ധിജി പറഞ്ഞു: ‘‘അല്ല മിസ്റ്റർ സ്മട്‌സ്. ജയിലിൽക്കഴിയുമ്പോൾ ഞാൻ നിങ്ങൾക്കുവേണ്ടിയുണ്ടാക്കിയ പുതിയൊരു ജോ‍ഡി ചെരിപ്പാണിത്.’’ സത്യാന്വേഷണത്തിന്റെ മാന്ത്രികവചസ്സുകളായിരുന്നു അവ. അതിൽ മുഴങ്ങിയതൊരു ധാർമികധീരതയായിരുന്നു. ക്ഷമയുടെ സ്നേഹസ്വരവുമായിരുന്നു, അത്. മഹാത്മാവിന്റെ മരണശേഷമൊരു ഗാന്ധിജയന്തിനാളിൽ ഒരു പത്രലേഖകൻ സ്മട്‌സിനോട് പഴയ ചെരിപ്പിനെക്കുറിച്ചു ചോദിച്ചു. അപ്പോൾ അദ്ദേഹം നൽകിയ മറുപടി ഇതായിരുന്നു: “എത്രയോ വേനലുകളിൽ, ഗാന്ധി നിർമിച്ച ചെരിപ്പ് ഞാൻ ധരിച്ചുനടന്നു. എന്നാൽ, അപ്പോഴൊക്കെ എന്റെ മനസ്സ് എന്നോട് പറഞ്ഞുകൊണ്ടിരുന്നു, അത് ഇടാനുള്ള യോഗ്യത എനിക്കില്ലെന്ന്.” ഗാന്ധിയുണ്ടാക്കിത്തന്ന ആ ചെരിപ്പുകൾ മരണവേളയിൽ തന്റെ മെത്തയ്ക്കരികിൽവെക്കണമെന്നും സ്മട്‌സ് നിഷ്കർഷിക്കുകയുണ്ടായി.

തിരുവനന്തപുരത്തെ അക്രമങ്ങളിൽ പങ്കാളികളായവരും അതിനു പ്രേരണചെലുത്തിയവരും പിന്തുണനൽകിയവരുമൊക്കെ, ഗാന്ധിജി ജനറൽ സ്മട്‌സിനു സമ്മാനിച്ച പാദരക്ഷയുടെ നിത്യമായ സന്ദേശം ഉൾക്കൊള്ളേണ്ടതുണ്ട്. വെറുപ്പിന്റെയും ഹിംസയുടെയും ഇരുട്ട് നമ്മെ ആവരണംചെയ്തിരിക്കുകയാണ്. ഗാന്ധിയിൽനിന്ന് അകന്നകന്നുപോയതാണ് നമ്മുടെ രാജ്യവും രാജ്യത്തിന്റെ രാഷ്ട്രീയവും നേരിടുന്ന നൈതികപ്രതിസന്ധി. ഡോ. സുകുമാർ അഴീക്കോട് ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി: “ഗാന്ധി പറഞ്ഞ സ്വരാജ്യമാണ് നമ്മുടെ വീട്. സന്ധ്യകഴിഞ്ഞതുകൊണ്ട്, ഇരുട്ടു നിറഞ്ഞിരിക്കുന്നതുകൊണ്ട്, അങ്ങോട്ടേക്കു പോകുവാൻ നമുക്കു ഭയമാണ്.” ഈ അന്ധകാരത്തിൽനിന്നുള്ള മോചനമാണ് ഇത്തവണത്തെ ഗാന്ധിജയന്തിദിനത്തിൽ നാം തീവ്രമായി സ്വപ്നംകാണേണ്ടത്. രാഷ്ട്രീയവ്യവഹാരങ്ങളിലെ ആ പഴയ മൂല്യമണ്ഡലങ്ങൾ നാം തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു. ഗാന്ധിജിയുടെ സ്വരാജ്യം, ഡോ. സുകുമാർ അഴീക്കോട് ചൂണ്ടിക്കാട്ടിയ ആ സ്വഭവനം നമുക്കു ലഭിക്കുക കതന്നെവേണം.
 

To advertise here,