ജപ്പാനിലെ നഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങുകയാണ്. 495 താരങ്ങളുമായി നഗോയയിലെത്തിയ ഇന്ത്യ 21 സ്വർണവും 27 വെള്ളിയും 37 വെങ്കലവും ഉൾപ്പെടെ 85 മെഡലുകളുമായാണ് മടങ്ങുന്നത്. 2022-ലെ ഹാങ്ചു (കോവിഡുകാരണം നീട്ടിവെച്ചതിനാൽ 2023-ലായിരുന്നു മത്സരം) ഏഷ്യാഡിൽ 28 സ്വർണം ഉൾപ്പെടെ 106 മെഡലുകളുണ്ടായിരുന്നു. ഒറ്റനോട്ടത്തിൽത്തന്നെ മെഡലുകളുടെ എണ്ണത്തിൽ കുറവുണ്ടെന്നുകാണാം. ഏറ്റവും വലിയ കുറവ്, ഗെയിംസിലെ പ്രധാന ഇനമായ അത്‌ലറ്റിക്സിലാണെന്നത് ചർച്ചചെയ്തേ മതിയാകൂ. 2022 ഗെയിംസിൽ ആറു സ്വർണവും 14 വെള്ളിയും ഉൾപ്പെടെ അത്‌ലറ്റിക്സിൽ 29 മെഡൽ നേടിയ സ്ഥാനത്ത് ഒരു സ്വർണവും ഒൻപതു വെള്ളിയും ഉൾപ്പെടെ 24 മെഡലുകളാണ് ഇക്കുറിയുള്ളത്. ഒരേയൊരു സ്വർണം വനിതകളുടെ 4x400 മീറ്റർ റിലേയിലാണ്.

മെഡലുകളുടെ എണ്ണംമാത്രം കണക്കാക്കി ഒരു രാജ്യത്തിന്റെ പ്രകടനത്തെ വിലയിരുത്താനാകില്ല. പരിക്കും കാലാവസ്ഥയും മറ്റു സാഹചര്യങ്ങളുമെല്ലാം അവിടെ പ്രതിഫലിക്കും. എങ്കിലും ഈ കണക്കാണ് ഏഷ്യാഡിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തുക. 2036-ൽ ഒളിമ്പിക്സിന് ആതിഥ്യംവഹിക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടുപോകുന്ന ഇന്ത്യ ഒട്ടേറെ പുതിയ കായികപദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. അടിസ്ഥാനസൗകര്യവികസനവും നടക്കുന്നു. ഒളിമ്പിക്സിനു മുന്നോടിയായി 2030 കോമൺവെൽത്ത് ഗെയിംസും ജൂനിയർ ഒളിമ്പിക്സും ഉൾപ്പെടെ ഒട്ടേറെ പ്രധാന മത്സരങ്ങൾ നടത്താനൊരുങ്ങുന്നു. അങ്ങനെ നോക്കുമ്പോൾ, 145 കോടിയിലേറെ ജനങ്ങൾ അധിവസിക്കുന്ന, ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തിന് അഭിമാനിക്കാവുന്ന കണക്കല്ല ഇക്കുറിയുണ്ടായത്. ഒളിമ്പിക്സ് സ്വർണജേതാവായ ജാവലിൻ താരം നീരജ് ചോപ്ര പരിക്കുകാരണം പിന്മാറിയതും മത്സരത്തിനിടെ മറ്റു താരങ്ങൾക്കുണ്ടായ പരിക്കുമെല്ലാം തിരിച്ചടിയായി. ഗെയിംസ് തുടങ്ങുംമുൻപ് നഗോയയിൽ തുടങ്ങിയ മഴ മത്സരങ്ങൾക്കിടയിലും തുടർന്നു. ശരീരം തണുത്തിരിക്കുന്ന അവസ്ഥയിൽ ഏറ്റവും മികച്ചപ്രകടനം പുറത്തെടുക്കാൻ കളിക്കാർക്ക് കഴിയില്ല. മഴകാരണം വഴുക്കലും വന്നതോടെ പരിക്കുഭീതിയും പിടികൂടിയിട്ടുണ്ടാകണം. മഴ എല്ലാവർക്കും ബാധകമല്ലേ എന്ന ചോദ്യമുണ്ട്. സ്ഥിരമായി ഇത്തരം കാലാവസ്ഥയിൽ പരിശീലിക്കുകയും മത്സരിക്കുകയുംചെയ്യുന്നവർക്ക് പ്രതികൂലസാഹചര്യത്തെ മറികടക്കാൻ ചില തന്ത്രങ്ങളും രീതികളുമുണ്ടാകും. നമുക്ക് അതിനെ നേരിടാനാകാത്തത് തന്ത്രപരമായ പാളിച്ചകൂടിയാണ്.

വനിതകളുടെ 4x400 റിലേയിൽ അവസാന ലാപ്പിലെ കുതിപ്പിലൂടെ സ്വർണത്തിലേക്ക് നയിച്ച തമിഴ്‌നാട്ടുകാരി വിത്യാ രാംരാജ് മിക്സഡ് റിലേയിൽ വെള്ളിയും 400 മീറ്റർ ഹർഡിൽസിൽ വെങ്കലവും നേടി ട്രിപ്പിൾ മെഡലിന് ഉടമയായി. 42 വർഷംമുൻപ് പി.ടി. ഉഷ (1984 ഒളിമ്പിക്സിൽ) കുറിച്ച ദേശീയ റെക്കോഡ് മറികടന്നാണ് ഹർഡിൽസിൽ മെഡൽ നേടിയത്. ഇപ്പോൾ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ.) പ്രസിഡന്റായ ഉഷയുടെ സാന്നിധ്യത്തിലാണ് ആ നേട്ടം എന്നത് മെഡലിന്റെ ശോഭകൂട്ടി. 10,000, 1500 മീറ്ററുകളിൽ വെള്ളിയും 5000 മീറ്ററിൽ വെങ്കലവും നേടിയ ഗുൽവീർ സിങ്, ഒരു ഏഷ്യാഡിലെ അത്‌ലറ്റിക്സിൽ മൂന്നു മെഡൽനേടുന്ന ആദ്യ ഇന്ത്യൻ പുരുഷതാരമായതും ശ്രദ്ധേയം. ക്രിക്കറ്റിലും ഹോക്കിയിലും ഇരട്ട സ്വർണംനേടിയ ഇന്ത്യ അമ്പെയ്ത്തിൽ അഞ്ചുസ്വർണം ഉൾപ്പെടെ ഒൻപതു മെഡലും ഷൂട്ടിങ്ങിൽ മൂന്നു സ്വർണം ഉൾപ്പെടെ 15 മെഡലും നേടി. ബോക്സിങ്ങിലും ഗുസ്തിയും ഇത്തവണ ശ്രദ്ധേയനേട്ടങ്ങളുണ്ട്. ബോക്സിങ്ങിൽ ലവ്‌ലീന ബോർഗോഹെയ്‌നും പർവീൺ ഹൂഡയും അങ്കുഷ് പംഘലും സ്വർണം നേടി. കഴിഞ്ഞ ഗെയിംസിൽ സ്വർണമുണ്ടായിരുന്നില്ല. ഒരുവെള്ളിയിലും മൂന്ന് വെങ്കലത്തിലുമൊതുങ്ങി.

ഗുസ്തിയിൽ ഇത്തവണ രണ്ടു സ്വർണമുണ്ട്. അമൻ സെഹ്‌റാവത്തും സുജീത് കൽകലുമാണ് സുവർണനേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞതവണ ഒരു വെള്ളിയും അഞ്ച് വെങ്കലവുമാണ് ലഭിച്ചത്. ഷൂട്ടിങ്ങിൽ രണ്ടുവെള്ളി നേടിയ വിദർശാ വിനോദ്, റിലേയിൽ ഒരു വെള്ളിയും ഒരു വെങ്കലവും നേടിയ മനു ടി.എസ്., സ്വർണംനേടിയ ക്രിക്കറ്റ് ടീം അംഗം സഞ്ജു സാംസൺ, ലോങ്ജംപിൽ വെള്ളിനേടിയ എം. ശ്രീശങ്കർ, ആൻസി സോജൻ, തുഴച്ചിലിൽ വെള്ളിനേടിയ പ്രിൻസ് നോബിൾ, മനു ഫ്രാൻസിസ്, ബാഡ്മിന്റൺ ടീം ഇനത്തിൽ വെങ്കലം നേടിയ എച്ച്.എസ്. പ്രണോയ്, എം.ആർ. അർജുൻ എന്നീ മലയാളികളും പ്രത്യേകപരാമർശം അർഹിക്കുന്നു.
 

To advertise here,