പുരുഷൻ സ്വഭാര്യയെ ബലാത്സംഗംചെയ്യുന്നത് കുറ്റകൃത്യമായി കണക്കാക്കാത്ത രാജ്യമാണ് നമ്മുടേത്. ഇന്ത്യൻ ശിക്ഷാനിയമ(ഐ.പി.സി.)ത്തിലെ 375-ാംവകുപ്പിലാണ് ഈ ഇളവ് അനവദിച്ചത്. ഐ.പി.സി. മാറ്റി കേന്ദ്രസർക്കാർ 2023-ൽ ഭാരതീയ ന്യായസംഹിത കൊണ്ടുവന്നപ്പോഴും ഇളവ് നിലനിർത്തി; 375-നുപകരം വകുപ്പ് 63 ആയി എന്നുമാത്രം. നിയമം ഇതായിരിക്കേ, ഭാര്യയെ ബലാത്സംഗംചെയ്യുന്ന പുരുഷനെ എങ്ങനെ ശിക്ഷിക്കാനാകുമെന്നാണ് കഴിഞ്ഞമാസം ഒരു കേസിന്റെ വാദംകേൾക്കലിനിടെ സുപ്രീംകോടതി നിസ്സഹായത പ്രകടിപ്പിച്ചത്. ഈ കേസ് തീർപ്പാക്കിയശേഷം, ഇളവിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്യുന്ന ഹർജികൾ പരിഗണിക്കാമെന്നും കോടതി പറഞ്ഞു. പുരുഷൻ ഭാര്യയെ സമ്മതംകൂടാതെ ലൈംഗികപ്രവൃത്തിക്കു വിധേയയാക്കുന്നതിനെ ശിക്ഷാർഹമാക്കുന്നത് വിവാഹമെന്ന സംവിധാനത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് 2024-ൽ മറ്റൊരു കേസിൽ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത്. ഇളവിന്റെ ഭരണഘടനാസാധുത പരമോന്നതകോടതി പരിശോധിക്കുമ്പോഴും കേന്ദ്രത്തിന്റെ നിലപാടിൽ മാറ്റംവരുമെന്നു തോന്നുന്നില്ല.

അതേസമയം, സമ്മതംകൂടാതെയും ബലംപ്രയോഗിച്ചും ഭാര്യയെ ലൈംഗികപ്രവൃത്തിക്കു വിധേയയാക്കുന്നതുമാത്രമല്ല ഇന്നാട്ടിൽ നടക്കുന്ന ഗാർഹിക അതിക്രമം. ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുക, സാമ്പത്തികസമ്മർദത്തിലാക്കുക തുടങ്ങിയവയൊക്കെ അതിന്റെ പരിധിയിൽവരും. നമ്മുടെ സംസ്ഥാനത്ത് കഴിഞ്ഞ മൂന്നുവർഷത്തിനിടെ അത്തരത്തിലുള്ള പതിനായിരത്തിലേറെ കേസുകൾ രജിസ്റ്റർചെയ്തതായാണ് ഞെട്ടിക്കുന്ന കണക്ക്. 2024-ൽ 4515, 2025-ൽ 3986 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. ഇക്കൊല്ലം ഓഗസ്റ്റുവരെ 2228 കേസെടുത്തിട്ടുണ്ട്. ഭർത്താക്കന്മാരുടെ മദ്യപാനവും മയക്കുമരുന്നുപയോഗം, സ്ത്രീധനപ്രശ്‌നം എന്നിവ പൊതുവേ പീഡനത്തിനു കാരണങ്ങളാണ്. ഭർത്തൃബന്ധുക്കളുടെ പീഡനവുമുണ്ട്. ഭർത്താവിൽനിന്ന് ലൈംഗികാതിക്രമംനേരിടുന്നവരും സംസ്ഥാനത്ത് ധാരാളമുണ്ടെന്ന് അഭിഭാഷകരും മനശ്ശാസ്ത്ര കൗൺസലിങ് രംഗത്തു പ്രവർത്തിക്കുന്നവരുമൊക്കെ പറയുന്നു. കഴിഞ്ഞ ഏഴുവർഷത്തിനിടെ സംസ്ഥാനത്ത് 92 സ്ത്രീകൾ ഗാർഹികപീഡനത്തെത്തുടർന്ന് മരിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

ഇങ്ങനെയൊക്കെയുള്ള പശ്ചാത്തലത്തിലാണ്, ഗാർഹികപീഡനം തടയുന്നതിനും അതിജീവിതയ്ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുമായി പ്രത്യേക ദൗത്യസേനയുമായി കേരളാ പോലീസ് എത്തുന്നത്. ഐ.ജി. അജിതാബീഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ദൗത്യത്തിന് ‘സ്പീക് അപ്’ എന്നാണു പേര്. ‘സഹിച്ചതു മതി, ഇനി ശബ്ദമുയർത്തേണ്ട സമയമാണ്’ എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. ഗാർഹിക അതിക്രമം തടയുക, അതിജീവിതയ്ക്ക് നിയമസഹായവും മനഃശാസ്ത്രപിന്തുണയും ഉറപ്പാക്കുക, സുരക്ഷിതമായ താമസവും ഉപജീവനവും ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഡിജിറ്റൽ ഹെൽപ്‌ലൈൻ, വാട്‌സാപ്പ്, പ്രത്യേക മൊബൈൽ ആപ്പ് എന്നിവവഴി പരാതികൾ വേഗത്തിൽ അറിയിക്കാനും സമയബന്ധിതമായി സഹായം ലഭ്യമാക്കാനുമായി കൺട്രോൾ റൂം സജ്ജമാക്കും. സംസ്ഥാന ആഭ്യന്തരവകുപ്പിന്റെയും കേരളപോലീസിന്റെയും ഭാഗത്തുനിന്നുള്ള ആത്മാർഥമായ മറ്റൊരു രക്ഷാസംരംഭമാണിത്. അതു നന്നായിനടക്കട്ടെ. വിവാഹബന്ധത്തിലോ ഭർത്തൃഭവനത്തിലോ അസ്വസ്ഥതകൾ നേരിടുന്ന സ്ത്രീകൾക്ക് ശങ്കകൂടാതെ സ്വകുടുംബത്തിലേക്കു മടങ്ങാനാകുന്ന സാമൂഹികസാഹചര്യംകൂടി ഉണ്ടാകേണ്ടതുണ്ട്. അത് സൃഷ്ടിക്കുന്നതിനായി വിപുലമായൊരു ബോധവത്കരണയത്നത്തിന് കേരളസർക്കാർ മുന്നിട്ടിറങ്ങണം.

To advertise here,