കേരളത്തിന് ‘എയിംസ്’ അനുവദിക്കാമെന്ന് സംസ്ഥാനത്തിനു കേന്ദ്രസർക്കാരിൽനിന്ന് അറിയിപ്പുലഭിച്ചത് 2014-ലാണ്

സംസ്ഥാനത്ത് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്(എയിംസ്) സ്ഥാപിക്കുന്നകാര്യത്തിൽ അനുകൂലതീരുമാനമുണ്ടാകണമെന്ന് ഒടുവിൽ കേരള ഹൈക്കോടതിക്കുതന്നെ കേന്ദ്രസർക്കാരിനോടു പറയേണ്ടിവന്നിരിക്കുന്നു. ഇക്കാര്യത്തിലെ പുരോഗതി ആറാഴ്ചയ്ക്കകം അറിയിക്കാനും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ബെഞ്ച് ബുധനാഴ്ച കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ ഇടപെടലും അതിനോടുള്ള കേന്ദ്രത്തിന്റെ പ്രതികരണവുമാകുന്നതോടെ ഈ വിഷയത്തിൽ വർഷങ്ങളായി തുടരുന്ന അനിശ്ചിതത്വംമാത്രമല്ല, അതിന്റെപേരിലുള്ള രാഷ്ട്രീയകോലാഹലങ്ങളും ആരോപണപ്രത്യാരോപണങ്ങളുമൊക്കെ അവസാനിക്കുമെന്നു പ്രതീക്ഷിക്കാം.
പ്രധാൻമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന(പി.എം.എസ്.എസ്.വൈ.) പദ്ധതിപ്രകാരം കേരളത്തിനും ‘എയിംസ്’ അനുവദിക്കാമെന്ന് സംസ്ഥാനത്തിനു കേന്ദ്രസർക്കാരിൽനിന്ന് അറിയിപ്പുലഭിച്ചത് 2014-ലാണ്. 200 ഏക്കർ ആവശ്യമാണെന്നും അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്നുമായിരുന്നു അറിയിപ്പ്. ഇതുപ്രകാരം അന്നത്തെ യു.ഡി.എഫ്. സർക്കാർ നാല് സ്ഥലങ്ങൾ കണ്ടുവെക്കുകയും കേന്ദ്രത്തെ അറിയിക്കുകയുംചെയ്തു. കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണു സ്ഥലം നിർണയിച്ചത്. കോഴിക്കോട് കിനാലൂരിൽ സ്ഥലമേറ്റെടുക്കൽനടപടികളുമായി മുന്നോട്ടുപോകുകയുംചെയ്തു. ഇതിനിടെ കാസർകോട്, പാലക്കാട് തുടങ്ങി പലഭാഗത്തുനിന്നും എയിംസിനുവേണ്ടിയുള്ള അവകാശവാദവും സമ്മർദവുമുണ്ടായി. 2024-ൽ കേന്ദ്രമന്ത്രിയായതിനുപിന്നാലെ സുരേഷ്‌ഗോപി ആലപ്പുഴയ്ക്കുവേണ്ടി രംഗത്തിറങ്ങി. തന്റെ മണ്ഡലമായ തൃശ്ശൂരിൽ സ്ഥാപിക്കണമെന്ന നിലപാടിലേക്കു മാറിയിരിക്കുകയാണ് ഇപ്പോൾ അദ്ദേഹം. ബി.ജെ.പി. ജയിച്ച ലോക്‌സഭാമണ്ഡലമായതിനാൽ അവിടെ സ്ഥാപിക്കുന്നതിന് സംസ്ഥാനസർക്കാർ എതിരുനിൽക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ വാദം. എവിടെയായാലും തരക്കേടില്ല, സംസ്ഥാനത്ത് ‘എയിംസ്’ വന്നാൽമതിയെന്നാണ് ആരോഗ്യമന്ത്രി കെ. മുരളീധരൻ കഴിഞ്ഞദിവസം പറഞ്ഞത്. കിനാലൂരിനുപുറമേ, കോട്ടയത്തെ വെള്ളൂരും പരിഗണനയിലുണ്ടെന്ന് മന്ത്രി ഈയിടെ പറഞ്ഞിരുന്നു.
കേരളത്തിൽ ‘എയിംസി’ന് അനുമതി നൽകണമെന്ന സന്ദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം 2022-ൽ കേന്ദ്ര ധനമന്ത്രാലയത്തിനു നൽകുകയുണ്ടായി. എന്നാൽ, അതിനുശേഷവും കേന്ദ്രബജറ്റുകളിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായില്ല. എവിടെ സ്ഥാപിക്കണമെന്നകാര്യത്തിൽ സംസ്ഥാനത്ത് സമവായമുണ്ടായിട്ടില്ലാത്തതു പിടിവള്ളിയാക്കി കേന്ദ്രം ‘എയിംസ്’ പ്രഖ്യാപനം നീട്ടിക്കൊണ്ടുപോകുകയാണെന്ന് ആരോപിക്കുന്നവരുണ്ട്. കേരളത്തിനൊപ്പമോ അതിനുശേഷമോ പി.എം.എസ്.എസ്.വൈ. പദ്ധതിപ്രകാരമുള്ള കേന്ദ്രവാഗ്ദാനം ലഭിച്ച പല സംസ്ഥാനങ്ങളിലും ‘എയിംസ്’ പൂർണമായോ ഭാഗികമായോ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. കേരളത്തിൽ മെച്ചപ്പെട്ട ആരോഗ്യരക്ഷാസൗകര്യങ്ങളുള്ളതുകൊണ്ടാണ്, അതില്ലാത്ത മറ്റു സംസ്ഥാനങ്ങൾക്കു മുൻഗണന നൽകുന്നതെന്ന വിചിത്രവാദമാണ് കേന്ദ്രസർക്കാരിന്റെ അഭിഭാഷക ബുധനാഴ്ച ഹൈക്കോടതിയിൽ ഉന്നയിച്ചത്. മികച്ച ചികിത്സാസൗകര്യങ്ങളുണ്ടെന്നത് അയോഗ്യതയാകുന്നതെങ്ങനെ എന്ന് ബെഞ്ച് അപ്പോൾ ചോദിക്കുകയുംചെയ്തു. ഉയർന്ന ജനസാന്ദ്രതയും അതിനുതക്കവണ്ണമുള്ള ആശുപത്രിസംവിധാനങ്ങളില്ലാത്തതും കണക്കിലെടുക്കുമ്പോൾ കേരളത്തിൽ ‘എയിംസ്’ ആവശ്യമാണെന്ന സമീപനമാണ് ഹൈക്കോടതി സ്വീകരിച്ചത്. ‘എയിംസ്’ എവിടെ സ്ഥാപിക്കണമെന്ന കൃത്യതയുള്ള തീരുമാനം സംസ്ഥാനസർക്കാർ എത്രയുംവേഗം കൈക്കൊള്ളുകയും അവിടെ അത് താമസംവിനാ യാഥാർഥ്യമാക്കാൻ കേന്ദ്രസർക്കാർ ശുഷ്കാന്തി കാട്ടുകയുമാണുവേണ്ടത്.
Published: 08 Oct 2026, 11:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented