‘പ്രത്യേക തീവ്രവോട്ടർപട്ടികപരിഷ്കരണം’ എന്നുപേരായൊരു
ഏർപ്പാടിനുതന്നെ ഇന്ത്യയിലെ നിയമങ്ങൾ വ്യവസ്ഥചെയ്യുന്നില്ല

കേന്ദ്ര തിരഞ്ഞെടുപ്പുകമ്മിഷൻ നടത്തിവരുന്ന, വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം(സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ- എസ്.ഐ.ആർ.) ഇന്ത്യൻ ജനാധിപത്യത്തെത്തന്നെ അപായത്തിലാക്കുന്ന പ്രക്രിയയാണെന്ന് നാൾചെല്ലുംതോറും കൂടുതൽക്കൂടുതൽ വ്യക്തമാകുകയാണ്. എസ്.ഐ.ആറുമായിബന്ധപ്പെട്ട് കഴിഞ്ഞ പത്തുമാസത്തിനിടെ പതിന്നാലുതവണ എതിർപ്പുപ്രകടിപ്പിച്ചെന്നും അതെല്ലാം അവഗണിക്കപ്പെട്ടെന്നുമുള്ള ഗുരുതരമായ ആരോപണം രണ്ടു തിരഞ്ഞെടുപ്പുകമ്മിഷണർമാർ രേഖപ്പെടുത്തിയതായി ഇതിനിടെ മാധ്യമറിപ്പോർട്ടുകൾ വന്നു.
എസ്.ഐ.ആറിൽ ഇതേവരെയായി രാജ്യത്ത് 13.3 കോടിയാളുകൾ വോട്ടർപട്ടികയിൽനിന്നു പുറത്തായതായാണ് വിവരം. ഇങ്ങനെ ഒഴിവാക്കപ്പെട്ടവരെ വീണ്ടും പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് സ്പെഷ്യൽ ഡ്രൈവ് നടത്താനുള്ള തിരഞ്ഞെടുപ്പുകമ്മിഷന്റെ തീരുമാനം പരോക്ഷമായ കുറ്റസമ്മതമാണ്. എസ്.ഐ.ആറിന്റെ നിയമസാധുത സുപ്രീംകോടതി കഴിഞ്ഞ മേയ് 27-നു ശരിവെച്ചെങ്കിലും ചോദ്യങ്ങൾ ബാക്കിയാണ്. സമ്മതിദാനത്തിന് അവകാശവും അർഹതയുമുണ്ടെന്നു തെളിയിക്കാനുള്ള ബാധ്യത പൗരരിൽ കെട്ടിവെക്കുന്നതാണ് എസ്.ഐ.ആർ. പ്രക്രിയയുടെ പ്രധാനദൂഷ്യം. എന്യൂമറേഷൻ ഫോം പൂരിപ്പിച്ചുകൊടുത്തും രേഖകൾ ഹാജരാക്കിയുംമറ്റും ‘അർഹത’ തെളിയിക്കാൻകഴിയാതിരുന്നവർ വോട്ടർപട്ടികയിൽനിന്നു പുറത്തായി.
‘പ്രത്യേക തീവ്ര വോട്ടർപട്ടികപരിഷ്കരണം’ എന്നുപേരായൊരു ഏർപ്പാടിനുതന്നെ ഇന്ത്യയിലെ നിയമങ്ങൾ വ്യവസ്ഥചെയ്യുന്നില്ല എന്നത് ശ്രദ്ധാർഹമായ വസ്തുതയാണ്. 1950-ലെ ജനപ്രാതിനിധ്യനിയമം, 1960-ലെ വോട്ടർമാരുടെ രജിസ്‌ട്രേഷൻ ചട്ടങ്ങൾ എന്നിവ പരിശോധിച്ചാൽ വ്യക്തമാകുന്ന കാര്യം, വോട്ടർപട്ടികയുടെ പരിഷ്കരണത്തിന് മൂന്നുതരം പ്രക്രിയകളാണു വ്യവസ്ഥചെയ്തിട്ടുള്ളതെന്നാണ്. സത്വരപരിഷ്കരണം (സമ്മറി റിവിഷൻ), പ്രത്യേകപരിഷ്കരണം (സ്പെഷ്യൽ റിവിഷൻ), തീവ്രപരിഷ്കരണം (ഇന്റൻസീവ് റിവിഷൻ) എന്നിവയാണ് അവ. ഇവയോരോന്നിനും അതിന്റേതായ ഉപാധികളും ചിട്ടവട്ടങ്ങളുമുണ്ട്. ‘പ്രത്യേക തീവ്ര പരിഷ്കരണം’ എന്നത് ജനപ്രാതിനിധ്യനിയമം, വോട്ടർമാരുടെ രജിസ്‌ട്രേഷൻ ചട്ടങ്ങൾ എന്നിവ വ്യവസ്ഥചെയ്യുന്ന ചട്ടക്കൂടിന്റെ ലംഘനമാണ്. കൂടാതെ, നിലവിലെ വോട്ടർപട്ടികയിലുള്ള വ്യക്തിയോട്, അപേക്ഷ പൂരിപ്പിച്ചും രേഖ ഹാജരാക്കിയും വീണ്ടും വോട്ടവകാശം തെളിയിക്കണമെന്ന് ആവശ്യപ്പെടുന്നത് 1960-ലെ ചട്ടങ്ങൾക്കുവിരുദ്ധമാണ്. നിയമത്തിലോ ചട്ടത്തിലോ നിഷ്‌കർഷിച്ചിട്ടില്ലാത്ത വിഷയങ്ങളിൽ സ്വന്തമായി അധികാരം പ്രയോഗിക്കാൻ ഭരണഘടനയുടെ 324-ാം അനുച്ഛേദം തിരഞ്ഞെടുപ്പുകമ്മിഷനെ അനുവദിക്കുന്നുണ്ട്. എന്നാൽ, പ്രാബല്യത്തിലുള്ള നിയമങ്ങളെ മറികടക്കാൻ ഈ അനുച്ഛേദം കമ്മിഷനെ അധികാരപ്പെടുത്തുന്നില്ലെന്നും എസ്.ഐ.ആറിന്റെകാര്യത്തിൽ നിയമത്തിലെ നിഷ്‌കർഷകളെ ലംഘിക്കുകയാണുചെയ്തിരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വോട്ടർപട്ടികയുടെ പരിഷ്കരണം നിലവിലെ വോട്ടർമാരെ പുറന്തള്ളാനുള്ളതല്ലെന്നും നിയമവിശാരദർ അഭിപ്രായപ്പെടുന്നുണ്ട്. ഇത്തരം പുറന്തള്ളൽ പ്രായപൂർത്തിവോട്ടവകാശത്തിന്റെയും ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള അവകാശത്തിന്റെയും ലംഘനമാണെന്നാണ് സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജിയായ ജസ്റ്റിസ് ഉജ്ജൽ ഭുയാൻ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്.
എസ്.ഐ.ആറുമായിബന്ധപ്പെട്ട വിവിധ തീരുമാനങ്ങൾ മുഖ്യ തിരഞ്ഞെടുപ്പുകമ്മിഷണർ(സി.ഇ.സി.) ഗ്യാനേഷ്‌കുമാർ ഏകപക്ഷീയമായാണു കൈക്കൊണ്ടതെങ്കിൽ അവ ‘സ്റ്റേ’ചെയ്യാനാകുമെന്ന് സുപ്രീംകോടതി ഇന്നലെ അഭിപ്രായപ്പെട്ടു. ഇതുസംബന്ധിച്ച മാധ്യമറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള പൊതുതാത്പര്യഹർജി പരിഗണിക്കുകയായിരുന്നു കോടതി. പ്രതികരണംതേടി കോടതി തിരഞ്ഞെടുപ്പുകമ്മിഷന് നോട്ടീസയച്ചു. പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള ഫോം ആറിൽ മാറ്റംവരുത്തിയതിന് സുപ്രീംകോടതിയുടെ അംഗീകാരമുണ്ടെന്ന തിരഞ്ഞെടുപ്പുകമ്മിഷന്റെ അവകാശവാദം ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഇന്നലെ നിരാകരിച്ചതും ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പുകമ്മിഷണർമാർ വിയോജിപ്പുരേഖപ്പെടുത്തിയ വിഷയങ്ങളിലൊന്ന് ഇതായിരുന്നു. 2002-ലെ എസ്.ഐ.ആറിൽ മാതാപിതാക്കളുടെയോ പിതാമഹരുടെയോ പേര് ഉൾപ്പെട്ടിട്ടുണ്ടെന്ന സത്യവാങ്മൂലം ഫോം ആറിനോടുചേർത്തതായിരുന്നു മാറ്റം. ഒട്ടേറെപ്പേരെ വോട്ടർപട്ടികയിൽ പേരുചേർക്കുന്നതിൽനിന്നു തടയാനും പൗരത്വപരിശോധനയ്ക്ക് എസ്.ഐ.ആറിനെ കരുവാക്കാനുമുള്ള കുറുക്കുവഴിയായി ഈ മാറ്റം വിലയിരുത്തപ്പെട്ടിരുന്നു. വ്യാജമായ അവകാശവാദങ്ങൾ ഉയർത്താൻ തിരഞ്ഞെടുപ്പുകമ്മിഷന് ധാർമികവ്യഥയില്ലെന്നാണ് സുപ്രീംകോടതിയുടെ ഇന്നലത്തെ വിശദീകരണത്തിൽനിന്നു സ്പഷ്ടമാകുന്നത്. തീർച്ചയായും കമ്മിഷൻ പലതും മറച്ചുവെക്കുന്നുണ്ട്. സംശയാസ്പദമായ അജൻഡയാണ് സി.ഇ.സി. ഗ്യാനേഷ്‌കുമാർ നടപ്പാക്കുന്നത്. അദ്ദേഹം രാജ്യത്തോട് ഉത്തരം പറയേണ്ടിവരും.
Published: 05 Oct 2026, 11:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented