ഇരവിപേരൂർ: ടി.കെ. റോഡിൽ വള്ളംകുളം പാടത്തുപാലത്തിനു സമീപം ബെവ്‌കോ ഔട്ടലെറ്റിന് മുമ്പിൽ ഗതാഗതക്കുരുക്ക്. ഇവിടെ നടക്കുന്ന വഴിയോരക്കച്ചവടവും കൂടിയാകുമ്പോൾ വാഹനയോട്ടം ദുഷ്‌കരമാകുന്നു. ഇതിന് മുമ്പിലും പരിസരത്തും വാഹനങ്ങൾ തോന്നുംപടി കൊണ്ടിടുന്നതാണ് പ്രശ്‌നം. ഇവിടെ മദ്യം വാങ്ങാൻ എത്തുന്നവർ യാതൊരുവിധ നിയമവും പാലിക്കാതെയാണ് വണ്ടികൾ ഇട്ടിട്ട് പോകുന്നത്. മദ്യം വാങ്ങാൻ ഏറെസമയം ആൾക്കാർ കാത്ത് നിൽക്കേണ്ടി വരും.

To advertise here,

അതുവരെ, പലരുടെയും വണ്ടികൾ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്ന തരത്തിലാകും കിടപ്പ്. തിരക്കേറിയ പാതയിൽ ഇരുവശത്തേക്കും ഒരുപോലെ വണ്ടികൾ പോകുന്നതിന് കഴിയാതെ വരുന്നു. മദ്യം വാങ്ങി മടങ്ങാനുള്ള തിരക്കിൽ റോഡ് മുറിച്ചുകടക്കുന്നതും ബൈക്കുകൾ അടക്കമുള്ളവ ഇവിടെ തിരിയുന്നതും തോന്നുപോലെ. നേർരേഖപോലെ കിടക്കുന്ന പാതയിലൂടെ വേഗത്തിൽ എത്തുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്ക്‌ ഇതിടയാക്കുന്നു.

പാടത്തുപാലത്തിനോട് ചേർന്നുള്ള ഓഡിറ്റോറിയത്തിൽ എത്തുന്നവരുടെ തിരക്ക് കൂടിയാകുമ്പോൾ ഗതാഗതക്കുരുക്ക് കിലോമീറ്റുകൾ നീളും. ഇതിന്റെ പാർക്കിങ് സ്ഥലത്തേക്ക് ടി.കെ. റോഡിൽനിന്നുവേണം കയറാൻ. ഇവിടേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്ന വാഹനങ്ങളാൽ ടി.കെ. റോഡിൽ ഗതാഗതം തടസ്സപ്പെടും. ഇതൊഴിച്ചെടുക്കാൻ മിക്കപ്പോഴും പണിപെടേണ്ടിവരുന്നു. വഴിയോരക്കച്ചവടവും പ്രശ്‌നം രൂക്ഷമാക്കുന്നു. പാത മുറിച്ചുകടക്കാനുള്ള സീബ്രലൈനും ബെവ്‌കോ മുമ്പിൽ ഇല്ല. ഇവിടെ ട്രാഫിക്ക് നിയന്ത്രണത്തിന് സംവിധാനം ഒരുക്കാതെവന്നാൽ കെണിയിൽ അകപ്പെട്ട് വണ്ടികൾ അപകടങ്ങൾക്ക് ഇരയാകും.