തൊടുപുഴ: മാലിന്യവും കാടും മൂടിക്കിടന്ന ഇടം പൂക്കളും ഫലവൃക്ഷങ്ങളും ശലഭങ്ങളും നിറഞ്ഞ പച്ചത്തുരുത്തായി മാറി. ഇടവെട്ടി പഞ്ചായത്തിലെ പത്ത് സെന്റ് സ്ഥലത്താണ് പ്രകൃതിസംരക്ഷണത്തിന് മാതൃകയായി ജൈവവൈവിധ്യ പാർക്ക് ഒരുങ്ങിയിരിക്കുന്നത്.

To advertise here,

മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ടിന്റെ തെക്കുംഭാഗം അക്വഡക്ടിനുസമീപം വിട്ടുനൽകിയ സ്ഥലത്താണ് പാർക്ക് സജ്ജീകരിച്ചത്. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അനുവദിച്ച അഞ്ച് ലക്ഷം രൂപയിൽ 3.5 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. നിർമാണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും പൂർണമായും നീക്കംചെയ്തശേഷം സസ്യങ്ങൾക്കും ചെറുജീവികൾക്കും അനുയോജ്യമായ ആവാസവ്യവസ്ഥ ഒരുക്കുകയായിരുന്നു.

പരിമിതമായ സ്ഥലത്ത് പരമാവധി സസ്യവൈവിധ്യം ഉറപ്പാക്കാൻ 'ഹൈ ഡെൻസിറ്റി മൾട്ടിലെയർ പ്ലാന്റിങ്' രീതിയാണ് അവലംബിച്ചിരിക്കുന്നത്. ചെറൂള, ആനച്ചുവടി, നന്നാറി, തഴുതാമ, ശതാവരി, കിരിയാത്ത് തുടങ്ങിയ ഔഷധസസ്യങ്ങൾ, കണിക്കൊന്ന, ചെമ്പകം, പാരിജാതം, രാജമല്ലി തുടങ്ങിയ പൂച്ചെടികൾ, മാവ്, നാരകം, കറിവേപ്പ്, വിവിധയിനം തുളസികൾ, വള്ളിച്ചെടികൾ എന്നിവ പാർക്കിലുണ്ട്. സസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ ക്യു.ആർ. കോഡ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ശലഭസംരക്ഷണത്തിനായി ലാർവകൾക്ക് ഭക്ഷണമാകുന്ന സസ്യങ്ങൾ ഉൾപ്പെടുത്തി ശലഭോദ്യാനവും 200 ലിറ്റർ ശേഷിയുള്ള ഫെറോമോൺ കെണിയും സ്ഥാപിച്ചു. പ്രകൃതിയുടെ സ്വാഭാവിക വളർച്ചയ്ക്കായി ഒരു സെന്റ് സ്ഥലം മനുഷ്യപ്രവേശനമില്ലാത്ത മേഖലയായി സംരക്ഷിച്ചിട്ടുണ്ട്. കളനിയന്ത്രണത്തിനും ഈർപ്പം നിലനിർത്തുന്നതിനുമായി വീഡ് മാറ്റ് വിരിച്ചിട്ടുണ്ട്. മുള പൈപ്പുകളിൽ കൈകൊണ്ടെഴുതിയ ബോർഡുകളും പ്രവേശനകവാടവും പാർക്കിന് പ്രകൃതിസൗഹൃദ ഭംഗി നൽകുന്നു.

പാർക്കിന്റെ തുടർപരിപാലനത്തിൽ കല്ലാനിക്കൽ സെയ്ന്റ് ജോർജ് എച്ച്.എസ്.എസിലെ ഇക്കോ, സയൻസ് ക്ലബ്ബുകളെ പങ്കാളികളാക്കും. കൂടാതെ, താത്പര്യമുള്ള വനിതകൾക്ക് പരിശീലനം നൽകി പാർക്കിലെ മാതൃസസ്യങ്ങളിൽനിന്ന് തൈകൾ ഉത്പാദിപ്പിച്ച് വിൽക്കുന്ന 'കമ്യൂണിറ്റി നഴ്സറി' ആരംഭിക്കാനും പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്.