കലഞ്ഞൂർ ഉദയാ ജങ്ഷൻ- മാരൂർ കുരിശുമുക്ക് റോഡിൽ ദുരിതയാത്ര
കലഞ്ഞൂർ : റോഡുപണിക്കിടയിൽ പൈപ്പ് ഇടാൻ കുഴിയെടുത്തതിനെത്തുടർന്ന് വാട്ടർ അതോറിറ്റി- പൊതുമരാമത്ത് വകുപ്പുകൾ തമ്മിലുള്ള തർക്കം. ഇതിൽ വലഞ്ഞത് നാട്ടുകാരും.
കലഞ്ഞൂർ- ഏനാദിമംഗലം ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന 3.9 കിലോമീറ്റർ ദൂരത്തിലുള്ള കലഞ്ഞൂർ ഉദയാ ജങ്ഷനിൽനിന്ന് തുടങ്ങുന്ന പാലമറ്റം- മാരൂർ കുരിശുമുക്ക് ചാങ്ങേത്തറ റോഡ് നിർമാണത്തിനാണ് ഈ ദുർഗതി. ഒന്നരവർഷം മുൻപാണ് റോഡ് നിർമാണം ബി.എം.ബി.സി നിലവാരത്തിൽ ഇവിടെ തുടങ്ങിയത്. ഇതിനിടയിലാണ് വാട്ടർ അതോറിറ്റി റോഡിന്റെ അരികിലൂടെ പൈപ്പ് നിർമാണത്തിനായി വെട്ടിപ്പൊളിച്ചത്.
ഇതോടെ റോഡുനിർമ്മാണം കരാറുകാരൻ നിർത്തിവെച്ചു. അതിനുശേഷം കഴിഞ്ഞ ഒന്നരവർഷമായി തകർന്നുകിടക്കുന്ന റോഡിലൂടെ കാൽനടയാത്ര പോലും ദുഷ്‌കരമാണ്. പൈപ്പ് ഇടുന്നതിനായി എടുത്ത കുഴികൾ കാരണം റോഡിനെ ബലപ്പെടുത്തുന്നതിനായി നിർമിച്ച കരിങ്കൽക്കെട്ടുകൾപോലും അപകടാവസ്ഥയിൽ ആണ്. ഇതിനൊപ്പം റോഡിന്റെ പല ഭാഗത്തും വാട്ടർ അതോറിറ്റി പണികൾ ചെയ്ത ഇടങ്ങൾ വൃത്തിയാക്കി നൽകാനുമുണ്ട്.
കഴിഞ്ഞ ഒൻപതാംതീയതി വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും ചേർന്ന് റോഡിൽ കൂട്ടായ പരിശോധന നടത്തി വാട്ടർ അതോറിറ്റി ചെയ്യേണ്ട പണികൾ നേരിട്ട് ബോധ്യപ്പെടുത്തിയിരുന്നു. ഇത് പൂർത്തീകരിച്ചാൽ മാത്രമേ ഇവിടെ റോഡിന്റെ തുടർപണികൾ ആരംഭിക്കുന്നതിന് കഴിയൂ.
മെറ്റൽ ഇളകി
ഉദയാ ജങ്ഷൻ മുതൽ കല്ലറേത്ത് വരെയുള്ള ഭാഗത്ത് റോഡ് നിർമാണത്തിനായി മാസങ്ങൾക്കു മുൻപുതന്നെ റോഡിന്റെ രണ്ടരികിലായി മെറ്റൽ നിരത്തിയിരുന്നു. നേരത്തേ പെയ്ത കനത്ത മഴയിൽ ഈ മെറ്റൽ എല്ലാം ഒലിച്ച് പോകുകയും ചെയ്തു. ബിഎം.ബി.സി രീതിയിൽ റോഡ് നിർമാണം നടത്തുമ്പോൾ നിലവിലുള്ള റോഡിന്റെ മുഴുവൻ ഭാഗവും വൃത്തിയാക്കി റോഡ് നിരപ്പാക്കിയാണ് മെറ്റൽ നിരത്തുന്നത്. എന്നിട്ട് അത് ദീർഘകാലം നിലനിൽക്കുന്ന തരത്തിൽ ഉറപ്പിച്ചശേഷമാണ് രണ്ട് ഘട്ടമായി ടാറിങ് നടത്തുക. എന്നാൽ, ഇവിടെ നിലവിലെ റോഡിന്റെ അരികുകളിൽ മാത്രം ഒന്നരയിഞ്ച് മെറ്റൽ നിരത്തി പണികൾ നടത്തിയതും വലിയ പരാതിക്കിടയാക്കിയിട്ടുണ്ട്.
വാട്ടർ അതോറിറ്റിക്കെതിരേ നാട്ടുകാർ
പൈപ്പ് ലൈനിന്റെ പണികൾ പൂർത്തീകരിച്ച ശേഷവും റോഡ് ശരിയാക്കി നൽകാത്തതിനെ തുടർന്ന് നിരവധി തവണ പൊതുമരാമത്ത് വകുപ്പ് നോട്ടീസും നൽകിയിരുന്നു. കഴിഞ്ഞ ജൂൺ 30-ന് മുൻപ് പൂർത്തീകരിച്ച് നൽകാമെന്നായിരുന്നു ജല അതോറിറ്റി അറിയിച്ചത്. എന്നാൽ സെപ്റ്റംബർ 15 ആയിട്ടും പണികൾ പൂർത്തീകരിക്കുന്നതിന് വാട്ടർ അതോറിറ്റി നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർക്ക് വലിയ പ്രതിഷേധവുമുണ്ട്.
Published: 16 Sept 2026, 02:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented