സീതത്തോട് : മണിയാർ ജലവൈദ്യുതി പദ്ധതി ഏറ്റെടുക്കാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. പദ്ധതി താമസിയാതെ കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയിലായേക്കും. കഴിഞ്ഞദിവസം സർക്കാർ നിയമസഭയിൽ നൽകിയ മറുപടി ഈ സൂചനയാണ് നൽകുന്നത്.
സംസ്ഥാനത്തുതന്നെ സ്വകാര്യമേഖലയിൽ ആദ്യമായി വൈദ്യുതി ഉത്പാദനം തുടങ്ങിയ പദ്ധതിയാണ് മണിയാറിലേത്. 12 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയിൽനിന്ന് ചെന്നൈ ആസ്ഥാനമായുള്ള കമ്പനിയാണ് വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നത്. 1994-ൽ വൈദ്യുതി ഉത്പാദനം തുടങ്ങിയ പദ്ധതി 30 വർഷത്തിനുശേഷം സംസ്ഥാന വൈദ്യുതി ബോർഡിന് കൈമാറണമെന്നതായിരുന്നു വ്യവസ്ഥ.
ഉത്പാദനം തുടങ്ങി 30 വർഷം പിന്നിട്ടെങ്കിലും പദ്ധതി ഇനിയും വൈദ്യുതി ബോർഡിന്റേതായില്ല. കാലാവധി കഴിഞ്ഞതോടെ അഞ്ചുവർഷം കൂടി നീട്ടിക്കിട്ടണമെന്ന് സ്വകാര്യകമ്പനി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ നിലപാടിൽ വൈദ്യുതിബോർഡ് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും അന്ന് ഭരണത്തിലിരുന്ന ഇടതുമുന്നണി സർക്കാർ ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളാൻ വൈകി. ഇതോടെ പദ്ധതി കൈമാറ്റവും വൈദ്യുതി ഉത്പാദനവുമെല്ലാം വിവാദത്തിലായിരുന്നു. പദ്ധതി വൈദ്യുതി ബോർഡ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളും യൂണിയനുകളുമെല്ലാം രംഗത്ത് വന്നിരുന്നു. ഇതോടെ പദ്ധതി കൈമാറ്റം കോടതി നടപടികളിലായി.
അതിനിടെ പദ്ധതിക്കാവശ്യമായ വെള്ളം നൽകിയിരുന്ന മണിയാർ ഡാമിന്റെ അറ്റകുറ്റപണി തുടങ്ങിയതോടെ ഇവിടെ വെള്ളം സംഭരിക്കാതെ
വന്നത് വൈദ്യുതി ഉത്പാദനം മുടങ്ങാനിടയാക്കി. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ ചെലവിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന പദ്ധതികളിലൊന്നാണ് മണിയാറിലേത്. ഏതാണ്ട് 40 പൈസയിൽ താഴെയാണ് ഇവിടെ ഒരുയൂണിറ്റ് വൈദ്യുതിക്ക് വേണ്ടിവരുന്നത്. വർഷം മുഴുവൻ ജലലഭ്യതയുള്ള പദ്ധതികൂടിയാണ് മണിയാറിലേത്.
സംസ്ഥാന ജലസേചന വകുപ്പിന്റെ കീഴിലുള്ള മണിയാർ ഡാമിൽനിന്നുള്ള വെള്ളം ഉപയോഗിച്ചാണ് പദ്ധതിയിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ശബരിഗിരി പദ്ധതിയിൽ നിന്ന് വൈദ്യുതി ഉത്പാദനത്തിന് ശേഷം കക്കാട്ടാറിലേക്ക് പുറംതള്ളുന്ന വെള്ളവും ചിറ്റാർ,സീതത്തോട് വനമേഖലകളിൽനിന്നുള്ള വെള്ളവുമാണ് മണിയാർ ഡാമിൽ സംഭരിച്ചിരുന്നത്. വൈദ്യുതി ഉത്പാദനത്തിനാവശ്യമായ വെള്ളവും ഡാമും എല്ലാം സർക്കാരിന്റെതാണെന്നതായിരുന്നു ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകത. ഇവിടെ പവർ സ്റ്റേഷൻ നിർമിക്കുന്നതിനുള്ള പണം മാത്രമാണ് സ്വകാര്യ കമ്പനിക്ക് മുടക്കേണ്ടിവന്നിട്ടുള്ളത്. ഇതാകട്ടെ 50 കോടി രൂപയിൽ താഴെ മാത്രമായിരുന്നെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
മണിയാർ പദ്ധതിയിൽനിന്ന് പ്രതിവർഷം 300 കോടി രൂപയുടെ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് വൈദ്യുതിബോർഡ് പറയുന്നത്. സ്വകാര്യ കമ്പനി മണിയാറിൽ ഉത്പാദിപ്പിച്ചിരുന്ന വൈദ്യുതി കെ.എസ്.ഇ.ബി. ഗ്രിഡിലേക്കാണ് നൽകിയിരുന്നതെങ്കിലും സ്വകാര്യ കമ്പനിക്ക് ഇതിന് പകരമായി മറ്റൊരു ജില്ലയിൽ വൈദ്യുതി പകരം നൽകുകയായിരുന്നു ബോർഡ്. നിലവിലെ സാഹചര്യത്തിൽ മണിയാർ പദ്ധതി കെ.എസ്.ഇ.ബി.ക്ക് സ്വന്തമായാൽ ജില്ലയിലെ വൈദ്യുതിവിതരണം കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയുമെന്നാണ് ബോർഡ് അധികൃതർ പറയുന്നത്..
മുമ്പ് പദ്ധതി കെ.എസ്.ഇ.ബി.ക്ക് കൈമറാണമെന്ന ഉറച്ച നിലപാടിലായിരുന്നു കോൺഗ്രസ്. ഭരണമാറ്റം ഉണ്ടായതോടെ നിയമപ്രശ്നങ്ങളെല്ലാം പരിഹരിച്ച് പദ്ധതി ഏറ്റെടുക്കാനുള്ള നടപടികളിലാണ് സർക്കാർ.
Published: 16 Oct 2026, 01:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented