മിത്രപുരം : എം.സി.റോഡിൽ മിത്രപുരം മാർ ക്രിസോസ്റ്റം കോളേജിന് സമീപം റോഡരികിലെ ഓടയിൽ കക്കൂസ് മാലിന്യം തള്ളി. രാത്രിയുടെ മറവിൽ മാലിന്യം നിക്ഷേപിച്ചതോടെ രാവിലെമുതൽ പ്രദേശത്ത് ദുർഗന്ധം അനുഭവപ്പെട്ടു. രാവിലെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ഓടയിൽ മാലിന്യം തള്ളിയതായി കണ്ടെത്തിയത്. തുടർന്ന് നഗരസഭാ കൗൺസിലർ ബിജു ശാമുവലിനെ വിവരമറിയിച്ചു. നഗരസഭാ അധികൃതർ സ്ഥലത്തെത്തി ശുചീകരണലായനി ഒഴിച്ചു. മാലിന്യംതള്ളിയ ഓടയ്ക്ക് മേൽമൂടിയില്ലാത്തതും പ്രശ്നം രൂക്ഷമാക്കി. കെ.എസ്.ടി.പി.യുടെ നേതൃത്വത്തിൽ എം.സി.റോഡ് നവീകരിച്ചപ്പോൾ ഓടയ്ക്ക് മേൽമൂടി സ്ഥാപിച്ചിരുന്നു. പിന്നീട് ഇത് ഇളക്കിക്കൊണ്ടുപോയതായി സമീപവാസികൾ പറയുന്നു.മിത്രപുരം ഭാഗത്ത് പൊതുസ്ഥലങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാണ്. നാൽപതിനായിരംപടി- ഗാന്ധിനഗർ റോഡരികിലെ തോട്ടിലും പലതവണ മാലിന്യം നിക്ഷേപിച്ചിട്ടുണ്ട്. നാൽക്കാലികളെ കുളിപ്പിക്കാനും തുണികഴുകാനും കൃഷി ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന തോട്ടിലായിരുന്നു മാലിന്യംതള്ളിയത്. പ്രത്യേക അറകളുള്ള വാഹനങ്ങൾ റോഡരികിൽ നിർത്തിയാണ് മാലിന്യം ഒഴുക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.മാലിന്യംതള്ളുന്നത് തടയാൻ അടൂർ നഗരത്തിലും സമീപപ്രദേശങ്ങളിലും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ട്. പൊതുസ്ഥലങ്ങളിൽ മാലിന്യംതള്ളുന്നവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കൗൺസിലർ ബിജു ശാമുവേൽ ആവശ്യപ്പെട്ടു.
രാത്രിനിരീക്ഷണവും നിലച്ചു
പൊതുസ്ഥലങ്ങളിലെ മാലിന്യനിക്ഷേപം തടയാൻ അടൂർ നഗരസഭാ ആരോഗ്യവിഭാഗവും പോലീസും ചേർന്ന് ആരംഭിച്ച രാത്രികാല നിരീക്ഷണം നിലച്ചതും വിമർശനത്തിനിടയാക്കുന്നു. നഗരസഭയുടെ വാഹനത്തിൽ രാത്രിയിൽ വിവിധ പ്രദേശങ്ങളിൽ നിരീക്ഷണം നടത്തുന്നതിനൊപ്പം പോലീസിന്റെ സഹകരണവും ഉറപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. ജനുവരിയിൽ ആരംഭിച്ച പദ്ധതി ഏതാനുംദിവസം മാത്രമാണ് തുടർന്നത്.
പിന്നീട് നിരീക്ഷണം പുനരാരംഭിക്കാൻ നഗരസഭയ്ക്കായില്ല. രാത്രിയുടെ മറവിൽ മാലിന്യംതള്ളുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.
Published: 15 Oct 2026, 02:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented