അടൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ വീണ്ടും അപകടം

To advertise here,

അടൂർ : ഒരാഴ്ചയ്ക്കിടെ രണ്ട് വയോധികരുടെ കാലിലൂടെ ബസിന്റെ ചക്രംകയറി. അപകടങ്ങൾ ആവർത്തിച്ചിട്ടും കെ.എസ്.ആർ.ടി.സി. അധികൃതർക്ക് കുലുക്കമില്ല. റോഡിലൂടെ പായുന്ന അതേ വേഗത്തിലാണ് ബസുകൾ അടൂർ ഡിപ്പോയിലേക്ക് കയറുന്നതും ഇറങ്ങുന്നതും. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഡിപ്പോയിൽ കാര്യമായ നിയന്ത്രണങ്ങളോ, സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്തത് അപകടഭീതി വർധിപ്പിക്കുന്നു.

തിരുവനന്തപുരം ഭാഗത്തുനിന്ന് എത്തുന്ന ബസുകളാണ് കൂടുതലും അപകടഭീഷണി ഉണ്ടാക്കുന്നത്. ബസ്സ്റ്റാൻഡിന്റെ ഇടതുഭാഗത്തുകൂടി നടന്ന് പോകുന്നവരാണ് പ്രധാനമായും അപകടസാധ്യത നേരിടുന്നത്. യാത്രക്കാർക്ക് തൊട്ടടുത്തുകൂടിയാണ് പലപ്പോഴും ഡിപ്പോയിലേക്ക് കയറുന്ന ബസുകളുടെ പാച്ചിൽ. നടക്കുന്നതിനിടെ അറിയാതെ വലതുഭാഗത്തേക്ക് നീങ്ങിയാൽ ബസിനടിയിൽപ്പെടുന്ന സ്ഥിതിയാണ്.

രണ്ടുദിവസം മുൻപ് ഡിപ്പോയിലെ പാർക്കിങ് കേന്ദ്രത്തിലേക്ക് പോയ ഇരുചക്രവാഹനത്തെ അമിതവേഗത്തിലെത്തിയ ബസ് ഇടിക്കാൻ തുടങ്ങി. യാത്രികൻ സമയോചിതമായി ഒഴിഞ്ഞുമാറിയതിനാൽ അപകടം ഒഴിവായി.

പൊതുവേ തിരക്കേറിയ ബസ്‌സ്റ്റാൻഡിൽ ബസുകളുടെ വരവും പോക്കും നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരോ, മറ്റ് സംവിധാനങ്ങളോ ഇല്ലാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്.

ഒക്ടോബർ 31-ന് കൂടൽ സ്വദേശിനിയായ വയോധികയ്ക്കും നൂറനാട് സ്വദേശി ചന്ദ്രമോഹൻ പിള്ളയ്ക്കും നേരിട്ടത് ഒരേരീതിയിലുള്ള അപകടം. ഇരുവരും ഡിപ്പോയിലൂടെ നടന്ന് മറുഭാഗത്തേക്ക് കടക്കുന്നതിനിടെയാണ് ബസ് ഇടിച്ചതും കാലിലൂടെ ചക്രം കയറിയതും. വളവുതിരിഞ്ഞ് ഡിപ്പോയിലേക്ക് പ്രവേശിക്കുന്ന ബസുകൾപോലും പ്രധാന റോഡിലെ വേഗത്തിലാണ് പായുന്നത്.

അപകടങ്ങൾ ആവർത്തിക്കുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് സുരക്ഷാ നടപടികളുണ്ടാകാത്തത് യാത്രക്കാരിൽ ആശങ്ക ഉയർത്തുന്നു.

ബസുകളുടെ വേഗം നിയന്ത്രിക്കാനും കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാനുള്ള സൗകര്യമൊരുക്കാനും അടിയന്തര നടപടി വേണമെന്നാണ് ആവശ്യം.