മാലിന്യം തള്ളുന്നതിന് ഒരു മര്യാദവേണ്ടേ...
കുളനട : കുളനട-ആറന്മുള ശബരിമല പാതയിൽ പൈവഴി കവല കഴിഞ്ഞാൽ മൂക്കുപൊത്താതെ പോകാൻ കഴിയാത്ത അവസ്ഥ.
ഉള്ളന്നൂർ ആർ.ആർ. യു.പി. സ്‌കൂളിന് താഴ്ഭാഗത്തുള്ള വയലിലേക്കാണ് ടാങ്കർലേറി റോഡിൽ നിർത്തി കക്കൂസ് മാലിന്യം ഒഴുക്കുന്നത്. നാട്ടുകാരും വ്യാപാരികളും പലതവണ പരാതിപ്പെട്ടിട്ടും മാലിന്യം ഉപേക്ഷിക്കുവന്നവരെ കണ്ടെത്താനോ നിയന്ത്രിക്കാനോ ഒരു ശ്രമവുമില്ല. കക്കൂസ് മാലിന്യം കൂടാതെ മൃഗങ്ങളെയും കോഴികളെയും കശാപ്പുചെയ്യുന്നതിന്റെ അവശിഷ്ടം ഉൾപ്പെടെ ഉപേക്ഷിക്കുന്നത് റോഡരികിലേക്കും പാടത്തേക്കുമാണ്.
മണ്ഡലകാലമായാൽ ആറന്മുളയിലെത്തി എരുമേലിക്കും പമ്പയ്ക്കും പോകുന്ന തീർഥാടകർ യാത്രചെയ്യുന്ന പാതയും ഇതാണ്. സ്ഥിരമായി കക്കൂസ് മാലിന്യം ഒഴുക്കുന്ന സ്ഥലമായി ഇവിടം മാറിക്കഴിഞ്ഞു. പാടത്തേക്കൊഴുക്കുന്ന മാലിന്യത്തിൽ കുറെഭാഗം റോഡിൽത്തന്നെയാണ് വീഴുന്നത്. ഒരുവർഷം മുമ്പ് മത്സ്യം കയറ്റിപ്പോകുന്ന വാഹനത്തിലെ മലിനജലമാണ് റോഡിൽ ദിവസങ്ങളോളം കെട്ടിക്കിടന്നത്. സ്‌കൂളിലെ കുട്ടികൾ പോകുന്ന വഴിയും ഇവിടെയാണ്.
പാടത്തിനുസമീപത്തേക്കും തോട്ടിലേക്കും മാലിന്യം തള്ളുന്നത് കർഷകരെയും ബുദ്ധിമുട്ടിക്കുന്നു.
ആളൊഴിഞ്ഞ സ്ഥലങ്ങൾ നോക്കിയാണ് മാലിന്യം സ്ഥിരമായി ഉപേക്ഷിക്കുന്നത്. പൈവഴി കവല കഴിഞ്ഞാൽ ആൾപ്പാർപ്പില്ലാത്ത സ്ഥലമാണ് പാടത്തിനിരികിലായി ഉള്ളത്.
ഇവിടെയാണ് സ്ഥിരമായി മാലിന്യം വാഹനങ്ങളിൽ കൊണ്ടുവന്ന് ഉപേക്ഷിക്കുന്നത്.
പാറയിൽ കവല മുതൽ പുന്നക്കുളഞ്ഞി വരെയുള്ള ശബരിമല പാതയിലെ സ്ഥിരംപരിപാടിയാണ് മാലിന്യ നിക്ഷേപമെന്ന് നാട്ടുകാരും വ്യാപാരികളും പറയുന്നു.
ദുർഗന്ധം സഹിക്കാനാകാതെ നാട്ടുകാർതന്നെ പലപ്പോഴും മണ്ണിട്ട് മൂടുകയാണ് പതിവ്.
കാടുകയറിക്കിടന്ന റോഡിന്റെ അരിക് ഇടയ്ക്ക് തെളിക്കാറുണ്ടെങ്കിലും പ്രയോജനമില്ല.
മാലിന്യം തള്ളുന്നവരെ കണ്ടെത്താനായി പഞ്ചായത്തിൽനിന്നും ഇവിടെ ക്യാമറ സ്ഥാപിക്കുന്നതിനുള്ള നടപടിയെടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപ്പായില്ല.
Published: 27 Sept 2026, 01:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented