കെ.എസ്.ആർ.ടി.സി. സർവീസ് മുടങ്ങിയിട്ട് ഒരുമാസം

To advertise here,

പത്തനംതിട്ട : പത്തനംതിട്ട ഡിപ്പോയിൽനിന്ന് ഗവി വഴി കുമളിയിലേക്കുള്ള കെ.എസ്.ആർ.ടി.സി. സർവീസുകൾ വെള്ളിയാഴ്ച പുനരാരംഭിക്കും. മൂഴിയാറിന് മുകളിൽ അരണമുടിക്ക് സമീപത്തായി റോഡിലേക്ക് വലിയതോതിൽ മണ്ണിടിഞ്ഞ് വീണതിനാൽ ഒരുമാസമായി കെ.എസ്.ആർ.ടി.സി. ഗവിയിലേക്ക് സർവീസ് നടത്തിയിരുന്നില്ല. ഓഗസ്റ്റ് ആദ്യവാരമാണ് ഗതാഗതതടസ്സമുണ്ടായത്.

പാതയിലെ മണ്ണുനീക്കം പൂർത്തിയായതോടെ ബസുകൾ കടത്തിവിടാൻ ബന്ധപ്പെട്ട വകുപ്പുകൾ തീരുമാനമെടുക്കുകയായിരുന്നു. മുൻപ് ഉണ്ടായിരുന്ന രണ്ട് സർവീസുകളും വെള്ളിയാഴ്ച മുതൽ ആരംഭിക്കും. രാവിലെ 5.30-നും 6.30-നുമാണ് ഗവി വഴി കുമളിയിലേക്കുള്ള ഓർഡിനറി സർവീസ്.

പാത തടസ്സപ്പെട്ടതിനുശേഷം പത്തനംതിട്ടയിൽനിന്ന് മൂഴിയാർവരെ മാത്രം കെ.എസ്.ആർ.ടി.സി. ഒരു സർവീസ് നടത്തിയിരുന്നു. ഗവി റോഡിന്റെ അവസ്ഥ മനസ്സിലാക്കാനായി ഈ സർവീസ് വ്യാഴാഴ്ച കുമളിവരെ നടത്തി. കെ.എസ്.ആർ.ടി.സി. സർവീസ് പുനരാരംഭിക്കാൻ വനംവകുപ്പും അനുമതി നൽകിയിട്ടുണ്ട്. അതേസമയം, മഴയുണ്ടായാൽ ഇനിയും വലിയതോതിൽ മണ്ണിടിയാൻ സാധ്യതയുണ്ട്. ഈ അപകടസാധ്യത മുന്നിൽക്കണ്ട്, മഴ പെയ്താൽ ഗവിയിലേക്ക് സർവീസ് നടത്തരുതെന്ന് ജില്ലാ കളക്ടർ ഡി.ടി.ഒ.യ്ക്ക് നിർദേശം നൽകി. വനംവകുപ്പും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

വരുമാനനഷ്ടം ലക്ഷങ്ങൾ

ഒരുമാസം ഗവി ട്രിപ്പുകൾ മുടങ്ങിയതോടെ കെ.എസ്.ആർ.ടി.സി.ക്ക്‌ നഷ്ടം ആറ് ലക്ഷത്തോളം രൂപ. ദിവസേന പത്തനംതിട്ടയിൽനിന്നുള്ള രണ്ട് ട്രിപ്പിലുമായി 20,000-ത്തോളം രൂപയായിരുന്നു വരുമാനം. പ്രിയദർശിനി പദ്ധതി വന്നതിനുശേഷം ഗവിയിലേക്ക് യാത്രക്കാരുടെ വലിയ തിരക്കായിരുന്നു. നൂറിലേറെ യാത്രക്കാരുമായാണ് ബസുകൾ പലപ്പോഴും സർവീസ് നടത്തിയത്. ഗവിയിലേക്കുള്ള സ്ഥിരം യാത്രക്കാരുടെ പ്രതിഷേധത്തിനും ഇത് കാരണമായി. നിലവിലെ സാഹചര്യത്തിൽ റോഡ് തകർന്നു കിടക്കുന്നതിനാൽ അപകടസാധ്യത ഇരട്ടിയാണ്. അതിനാൽ പരമാവധി 48 യാത്രക്കാരുമായി ബസുകൾ കാനനപാതവഴി സഞ്ചരിക്കുന്നതാണ് സുരക്ഷിതം. ഗവിയിലെ ഗതാഗതം മെച്ചപ്പെടുന്നതുവരെ ബസിൽ തിങ്ങിനിറഞ്ഞ് കാഴ്ചകൾ കാണാൻ പോകാതിരിക്കുന്നതാണ് ഉചിതം.

ഭീതിയൊഴിയാത്ത പാത

ഒരുമാസം മുൻപ് അരണമുടിക്ക് സമീപം വലിയൊരു മലയിടിഞ്ഞാണ് റോഡിലേക്ക് പതിച്ചത്. മണ്ണും കല്ലും മരങ്ങളുമെല്ലാം വന്നടിഞ്ഞതിനെ തുടർന്ന് ഗവി പാതയിൽ 100 മീറ്ററോളം റോഡ് തകർന്നുപോയിരുന്നു. മഴ തുടർന്നതിനാൽ ഇവിടത്തെ മണ്ണുനീക്കവും ഏറെ ദുഷ്‌കരമായിരുന്നു. മണ്ണ് നീക്കം അവസാന ഘട്ടത്തിലെത്തിയപ്പോൾ വീണ്ടും മലയിടിഞ്ഞു. ഒരു മാസത്തിലധികം ഈ വഴിയുള്ള വാഹനഗതാഗതം നിലച്ചത് വിനോദ സഞ്ചാരികൾക്ക് തിരിച്ചടിയായി. ഏറെ തിരക്കുണ്ടാകുന്ന ഓണക്കാലത്ത് ഗവി ശൂന്യമായിരുന്നു. സഞ്ചാരത്തിനായി ഗവി നിവാസികളും ഇവിടത്തെ ഉദ്യോഗസ്ഥരും ഏറെ ബുദ്ധിമുട്ടി.