എഴുമറ്റൂർ : വിദ്യാധിരാജ പരമഭട്ടാരാശ്രമത്തിന്റെ കീഴിൽ നിർമിച്ച വിദ്യാധിരാജസ്മൃതി മന്ദിരത്തിന്റെ പ്രവേശനകർമം തിങ്കളാഴ്ച രാവിലെ 6.30-ന് നടക്കും. വാഴൂർ തീർഥപാദാശ്രമാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദ, കാര്യദർശി സ്വാമി ഗരുഡധ്വജാനന്ദ തീർത്ഥപാദ, സ്വാമി വിരാജാനന്ദ തീർഥപാദ എന്നിവരുടെ സാന്നിധ്യത്തിൽ പുതിയ മന്ദിരത്തിന്റെ സമർപ്പണവും സന്ന്യാസിവര്യന്മാരുടെ വരവേൽപ്പും നടക്കും. ഉപനിഷത്തുകൾ, വേദങ്ങൾ, ആത്മീയകാര്യങ്ങൾ എന്നിവ പഠിക്കാനുള്ള ക്ലാസുകൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. വിവരങ്ങൾ പ്രവേശനശേഷം നടക്കുന്ന യോഗത്തിൽ അറിയിക്കും. എഴുമറ്റൂരിനെ ആധ്യാത്മിക പഠന പാരമ്പര്യത്തിലേക്ക് തിരികെയെത്തിക്കുന്നതിൽ വിദ്യാധിരാജസ്മൃതിമന്ദിരം സഹായകമാകുമെന്നാണ് പ്രതീക്ഷ.
ചട്ടമ്പിസ്വാമി സ്മരണയിൽ നാട്
ചട്ടമ്പിസ്വാമി ആറ് മാസത്തിലധികം താമസിച്ച് ആധ്യാത്മിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് എഴുമറ്റൂർ ആശ്രമം കേന്ദ്രീകരിച്ചാണ്. അദ്ദേഹം നേരിട്ടെത്തി ഷഷ്ഠിപൂർത്തി സ്മാരകമായി ആശ്രമം ദേശത്തിന് സമർപ്പിച്ചതും ഏഴുമറ്റൂരിന്റെ ഓർമ്മകളിലുണ്ട്. കൊല്ലവർഷം 1089 ചിങ്ങം എട്ടിനായിരുന്നു നാടിന് ഉത്സവമായ ആ ചടങ്ങ്. ചിങ്ങം ആറിന് തന്നെ അയിരൂർ തോട്ടാവള്ളിൽ കടവിൽ ചട്ടമ്പിസ്വാമി വള്ളത്തിലെത്തി. നീലകണ്ഠതീർത്ഥപാദസ്വാമി, കൊറ്റിനാട്ട് നാരായണപിള്ള, പന്നിശ്ശേരി നാണുപിള്ള എന്നിവർ ഒപ്പമുണ്ടായിരുന്നു. തോട്ടാവള്ളിൽ നാരായണനാശാൻ, പുല്ലുപുഴ രാമപ്പണിക്കർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. അന്ന് തോട്ടാവള്ളിൽ താമസിച്ചു. പിറ്റേന്ന് എഴുമറ്റൂരിന് തിരിച്ചു. ഇവിടെത്തിയ സ്വാമിയെ തീർത്ഥപാദ പരമഹംസസ്വാമിയുടെ നേതൃത്വത്തിൽ നാട്ടുകാർ വരവേറ്റു.
അടുത്ത ദിവസമായിരുന്നു ആശ്രമത്തിന്റെ സമർപ്പണം. വിശിഷ്ടാതിഥികളെ വടക്കേക്കോയ്ക്കൽനിന്ന് എതിരേറ്റു. കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമത്തിലെ ദയാനന്ദസ്വാമിയായിരുന്നു അധ്യക്ഷൻ. ആശ്രമത്തിന് 2.40 ഏക്കർ സ്ഥലവും രണ്ട് കെട്ടിടങ്ങളും സ്ഥലവും സംഭാവനചെയ്ത ഗോദവർമ്മത്തമ്പുരാൻ, തീർത്ഥപാദപരമഹംസസ്വാമി, ചെമ്പിൽ എൻ.പി.പണിക്കർ, അയിരൂർ നീലകണ്ഠപ്പിള്ള എന്നിവർ പ്രസംഗിച്ചു. തുടർന്ന് ആറ് മാസത്തോളം ചട്ടമ്പിസ്വാമി എഴുമറ്റൂർ ആശ്രമത്തിൽ താമസിച്ചു. പിന്നീട് കീഴ്വായ്പൂര് മഠത്തിൽ വേലുപ്പിള്ളയുടെ വീട്ടിൽ എത്തുകയും അവിടെനിന്ന് വള്ളത്തിൽ കരുനാഗപ്പള്ളിയിലേക്ക് പോകുകയുംചെയ്തു.
Published: 14 Sept 2026, 12:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented