പത്തനംതിട്ട : അയ്യപ്പഭക്തന്മാർക്കുള്ള ജില്ലയിലെ പ്രധാന ഇടത്താവളമാണ് പത്തനംതിട്ട താഴെവെട്ടിപ്പുറത്തുള്ള ശബരിമല ഇടത്താവളം. പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ട് ഒാഫീസിനുസമീപമുള്ള ആറര ഏക്കറിലധികം വരുന്ന സ്ഥലമാണ് പത്തനംതിട്ടയിലെത്തുന്ന അയ്യപ്പന്മാരുടെ പ്രധാന ഇടത്താവളം.

To advertise here,

പമ്പയിലേക്ക് പോകുന്ന അയ്യപ്പന്മാർക്ക് ഇവിടെ വിശ്രമിക്കാനും ആഹാരം പാചകംചെയ്ത് കഴിക്കാനും സൗകര്യമുണ്ട്. ഇവിടെ അന്നദാനവുമുണ്ട്. മറ്റു ജില്ലകളിൽനിന്നും അയൽസംസ്ഥാനത്തുനിന്നും പത്തനംതിട്ടവഴി പമ്പയിലേക്ക് പോകാനെത്തുന്നവർ ഇൗ ഇടത്താവളം പ്രയോജനപ്പെടുത്താറുണ്ട്.

ഇരുനൂറിലധികം പേർക്ക് ഒരേസമയം വിശ്രമിക്കാനുള്ള കെട്ടിടം ഇവിടെയുണ്ട്. മണ്ഡല-മകരവിളക്ക് കഴിഞ്ഞാൽ ഫീസ് ഇൗടാക്കി വ്യാപാരമേളകൾ നടത്താൻ വിട്ടുകൊടുക്കാറുണ്ട്.

 

24 മണിക്കൂറും

ഇരുപത്തിനാലുമണിക്കൂറും അയ്യപ്പഭക്തർ വിശ്രമിക്കാനെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. മകരവിളക്കുകാലത്ത് പമ്പയ്ക്കു പോകാനുള്ള കെ.എസ്.ആർ.ടി.സി. ബസുകൾകൊണ്ടിടുന്നതും ഇവിടെയാണ്. ശബരിമലപ്പാതയിൽ ഗതാഗത തടസ്സമുണ്ടായാൽ കെ.എസ്.ആർ.ടി.സി. വാഹനങ്ങൾ നിയന്ത്രിച്ചുവിടാൻ ഇവിടെ പിടിച്ചിടുന്നു.

അയ്യപ്പഭക്തരുമായെത്തുന്ന സ്വകാര്യവാഹനങ്ങളും പാർക്കുചെയ്യുന്നു. രണ്ടുനില കെട്ടിടത്തിൽ വിശ്രമിക്കാനുള്ള സൗകര്യത്തിനുപുറമേ അന്നദാനമണ്ഡപത്തിലും പുറത്തു തയ്യാറാക്കുന്ന പന്തലിലും കിടക്കാനുള്ള സൗകര്യമുണ്ട്. പ്രധാനമായും ഉച്ചഭക്ഷണമാണ് ഇവിടെയുള്ളത്.

സന്നദ്ധസംഘടനകളാണ് ഉച്ചഭക്ഷണം ഒരുക്കിനൽകുന്നത്. കഴിഞ്ഞ വർഷങ്ങളിൽ രാവിലെ ഇടത്താവളത്തിൽ ഡ്യൂട്ടിയിലുള്ളവർക്കും രാത്രിയിൽ എട്ടിനുമുൻപുമെത്തുന്നവർക്കുമാണ് ഭക്ഷണം നൽകിയിരുന്നത്.

ആരോഗ്യം, പോലീസ്

അയ്യപ്പഭക്തൻമാർക്കായി ആയുർവേദം, ഹോമിയോ ഡിസ്പെൻസറികൾ പ്രവർത്തിക്കുന്നുണ്ട്. രാവിലെ ഒൻപതുമുതൽ വൈകീട്ട് അഞ്ചുവരെയാണ് പ്രവർത്തനം. ഇൗ സമയം ഡോക്ടറുമുണ്ട്. ഇത്തവണ അലോപ്പതി വിഭാഗംകൂടി തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രർത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റും ഇടത്താവളത്തിലുണ്ട്.

വൃത്തിയുള്ള ശൗചാലയങ്ങളും കുളിമുറികളുമാണ് മറ്റൊരു പ്രത്യേകത. ആവശ്യത്തിന് വെള്ളം എത്തിക്കുന്നതിനായി രണ്ടിഞ്ച് പൈപ്പ് വലിക്കുന്നതിനുള്ള നടപടി തുടങ്ങി.

നിലവിൽ മുക്കാൽ ഇഞ്ച് പൈപ്പാണുള്ളത്. വെള്ളം ശേഖരിച്ചുവെക്കാൻ അഞ്ഞൂറ് ലിറ്ററിന്റെ രണ്ട്‌ പുതിയ ടാങ്കുകളും സ്ഥാപിക്കുന്നുണ്ട്.