കോന്നി : മെഡിക്കൽ കോളേജ് റൂട്ടിൽ ഓടുന്ന കെ.എസ്.ആർ.ടി.സി. പ്രിയദർശിനി ബസിലെ ജീവനക്കാരും സ്വകാര്യ ബസിലെ തൊഴിലാളികളും തമ്മിൽ സമയത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽകെ.എസ്.ആർ.ടി.സി. കോന്നി ഡിപ്പോയിലെ ഡ്രൈവർ ആർ. രാജേഷിന് മർദനമേറ്റു. ബുധനാഴ്ച രാവിലെ കോന്നി ബസ് സ്റ്റാൻഡിൽനിന്നു 7.15-ന് പ്രിയദർശിനി ബസാണ് മെഡിക്കൽ കോളേജിലേക്കു പുറപ്പെടേണ്ടത്. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ എത്തിയതോടെ 7.21-ന് പുറപ്പെടേണ്ട മുരഹര ബസ് യാത്രക്കാരെയുംകൊണ്ട് നേരത്തേ പുറപ്പെട്ടു.

To advertise here,

തൊട്ടു പുറകെപോയ കെ.എസ്.ആർ.ടി.സി. ബസ് പ്രൈവറ്റ് ബസിന് മുന്നിൽ കയറി യാത്രതുടർന്നു. മെഡിക്കൽ കോളേജുവരെയും സ്വകാര്യ ബസിന് വശംകൊടുക്കാതെയായിരുന്നു പ്രിയദർശിനിയുടെ യാത്ര. മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ മുരഹര ബസിലെ കണ്ടക്ടറും കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവറും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് രാജേഷിനു മർദനമേറ്റത്. മുഖത്തു പരിക്കേറ്റു. കോന്നി കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ തിരികെ എത്തിയ പ്രിയദർശിനി ബസ് അവിടെ ട്രിപ്പ് അവസാനിപ്പിച്ചു.

തുടർന്ന് ഡ്രൈവർ രാജേഷ് കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. കോന്നി പോലീസിൽ ഡിപ്പോ അധികാരികൾ പരാതിനൽകി. സ്വകാര്യ ബസും കെ.എസ്.ആർ.ടി.സിയും തമ്മിൽ ഏതാനും ദിവസങ്ങളായി സമയത്തെച്ചൊല്ലി തർക്കമുണ്ട്. സ്വകാര്യ ബസിന് അനുവദിച്ച സമയംകൂടി എടുത്താണ് കെ.എസ്.ആർ.ടി.സി. ഓടുന്നതെന്ന് മുരഹരയിലെ തൊഴിലാളികൾ ആരോപിച്ചു. പ്രിയദർശിനി സർവീസ് ആരംഭിച്ചതോടെ നിത്യച്ചെലവിനുള്ള വരുമാനംപോലും കിട്ടുന്നില്ലെന്നും അവർ പറഞ്ഞു.