വടക്കഞ്ചേരി: ഉത്സവകാലത്ത് പടക്കംപൊട്ടിക്കാനായി ചെലവഴിക്കുന്ന പണം നാടിന്റെ കാര്യത്തിനായി മാറ്റിവെക്കണമെന്ന് പന്നിയങ്കരയിലെ ഒരുകൂട്ടം പത്താംക്ലാസുകാർ ചിന്തിച്ചു. നാടിന് വായനശാലയാകട്ടെ എന്ന ചിന്തയിൽനിന്ന് തുടക്കമിട്ട പന്നിയങ്കര നവോദയ വായനശാലയിപ്പോൾ അമ്പതാണ്ടിന്റെ അഭിമാനനിറവിലാണ്. ദേശീയപാതയോരത്തുള്ള സമുദായംഹാളിന്റെ വശത്ത് ഒലമേഞ്ഞ ചാർത്തുകെട്ടി 1976-ലാണ് വായനശാല തുടങ്ങിയത്.
ആദ്യ പ്രസിഡന്റ് വി. മാധവനും സെക്രട്ടറി വി. കൃഷ്ണകുമാറും മുണ്ടക്കയത്തുനിന്നെത്തിയ ടാപ്പിങ് തൊഴിലാളി ബേബി വി.കുര്യനും കുട്ടികൾക്ക് വായനശാലയുടെ പ്രവർത്തനരീതികൾ പകർന്നു. 1978-ൽ ഗ്രന്ഥശാലാസംഘത്തിൽ രജിസ്റ്റർചെയ്തു. നാടിന്റെ കൂട്ടായ്മയിൽ സ്വന്തം കെട്ടിടമായി.
ഇന്ന് വായനശാലാ കെട്ടിടത്തിൽ വായനമുറിയും മീറ്റിങ് ഹാളും ഉണ്ട്. 6,000 ത്തോളം പുസ്തകങ്ങളും 419 അംഗങ്ങളുണ്ട്. കാൻഫെഡിന്റെ സാക്ഷരതാ പ്രവർത്തനങ്ങൾക്കും വോളിബോൾ പരിശീലനത്തിനും നവോദയ നേതൃത്വംനൽകി. ക്വസ് മത്സരങ്ങളും കലാപരിപാടികളും ലഹരിക്കെതിരെയുള്ള ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. അമ്പതുവർഷംമുമ്പ് വായനശാല വേണമെന്ന് ചിന്തിച്ച പത്താംക്ലാസുകാരിലെ എ. രാമചന്ദ്രനാണ് ഇപ്പോൾ വായനശാലയുടെ പ്രസിഡന്റ്. കുട്ടിസംഘത്തിലെ എ. സുന്ദരനാണ് സെക്രട്ടറി.
എ. രാമചന്ദ്രൻ റിട്ട. എസ്.ഐ.യും എ. സുന്ദരൻ റിട്ട. പോസ്റ്റ് മാസ്റ്ററുമാണ്. ഡിസംബർ ആറിന് വൈകീട്ട് അഞ്ചിന് നടക്കുന്ന സുവർണജൂബിലി ആഘോഷം പി.പി. സുമോദ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
വായനശാല തുടങ്ങിയ സമയത്ത് കഥാപ്രസംഗം അവതിരിപ്പിച്ച പുലാപ്പറ്റ ചന്ദ്രൻ സുവർണ ജൂബിലിയാഘോഷ ദിനത്തിൽ കലാപരിപാടികൾക്ക് തിരിതെളിയിക്കും. ഓട്ടൻ തുള്ളലും നാടകവുമുണ്ടാകും.
Content Highlights: Panniyankara Navodaya Library, founded 50 years ago by a group of school students, celebrates its golden jubilee.
Published: 29 Nov 2026, 09:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented