മുടപ്പല്ലൂർ : “വീട്ടിലേക്ക് വണ്ടിപോകാത്തതിനാൽ കൊയ്തനെല്ല് ചാക്കിലാക്കി റോഡിൽ സൂക്ഷിക്കേണ്ട സ്ഥിതിയാണ്. മഴയിൽ ഈർപ്പംതട്ടുന്നതിനാൽ ദിവസവും ഉണക്കണം.” നെല്ല് സൂക്ഷിക്കുന്നതിലെ പ്രയാസമായിരുന്നു മുടപ്പല്ലൂർ ചെല്ലുപടിയിലെ കർഷകയായ കെ. ദേവകിയുടെ വാക്കുകളിൽ. നെല്ലുസംഭരണം തുടങ്ങാത്തതിനാൽ വണ്ടാഴി ഗ്രാമപ്പഞ്ചായത്തിൽ കൊയ്ത്തുകഴിഞ്ഞ ഭൂരിഭാഗം കർഷകരും നെല്ലുണക്കി സൂക്ഷിക്കാൻ പാടുപെടുകയാണ്.
വണ്ടാഴി ഗ്രാമപ്പഞ്ചായത്തിൽ 75 ശതമാനം പ്രദേശത്തും കൊയ്ത്ത് കഴിഞ്ഞു. നെല്ലുണക്കി സൂക്ഷിക്കാൻ കഴിയാതെ പഞ്ചായത്തിൽ ഇതിനോടകം ഇരുനൂറോളം കർഷകർ നെല്ല് കുറഞ്ഞവിലയ്ക്ക് സ്വകാര്യമില്ലുകാർക്ക് വിറ്റു. സപ്ലൈകോയ്ക്ക് നെല്ലുനൽകിയാലും പണംകിട്ടാൻ കാലതാമസമെടുക്കുന്നതും നെല്ല് സ്വകാര്യമില്ലുകാർക്ക് വിൽക്കാനുള്ള കാരണമാണ്.
കഴിഞ്ഞതവണ നെല്ലുസംഭരിച്ചതിന്റെ പണം ഇപ്പോഴും കിട്ടാത്തവരുണ്ട്. സംഭരണം നീണ്ടുപോയാൽ നെല്ലുണക്കുന്നതിന് നല്ലൊരുതുക കൂലിച്ചെലവാകുമെന്ന് കർഷകനായ സതീഷ് പറഞ്ഞു.
മഴതുടരുന്ന സാഹചര്യത്തിൽ നെല്ലുണക്കാൻ ബുദ്ധിമുട്ടായതിനാൽ കൊയ്യുമ്പോൾത്തന്നെ നെല്ല് കയറ്റിക്കൊണ്ടുപോകാനുള്ള സംവിധാനംവേണമെന്ന് മുടപ്പല്ലൂർ ഇടയോട് പാടശേഖരത്തിലെ കർഷകൻ സി.വി. സുദേവൻ ആവശ്യപ്പെട്ടു.
അതേസമയം, വണ്ടാഴി ഗ്രാമപ്പഞ്ചായത്തിൽ നെല്ലുസംഭരണത്തിന് മില്ലുകൾ അലോട്ട് ചെയ്തിട്ടുണ്ടെന്നും ഉടൻതന്നെ സംഭരണം തുടങ്ങുമെന്നും സപ്ലൈകോ അധികൃതർ പറഞ്ഞു.
Published: 27 Oct 2026, 03:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented