ആനക്കര : മഴ കനിഞ്ഞില്ല പാടശേഖരത്തിലെ വെള്ളവും വറ്റി. രണ്ടാംവിള നെൽക്കൃഷി ഉണങ്ങി നശിക്കുമെന്ന ആശങ്ക ശക്തമായതോടെ വെള്ളത്തിനായി കർഷകർ തോട്ടിൽ താത്കാലിക തടയണയൊരുക്കി. ആനക്കര പോട്ടൂർ പാടശേഖരത്തിന് സമീപത്തുകൂടി കടന്നുപോകുന്ന പൊറ്റയിൽ തോട്ടിലാണ് കർഷകർ പരമ്പരാഗത രീതിയിൽ മരപ്പലകയുപയോഗിച്ച് തടയണ നിർമിച്ചത്.

To advertise here,

വെള്ളമില്ലെങ്കിൽ പാടത്തുനട്ട ഞാറുകൾ ഉണങ്ങിനശിക്കുന്ന അവസ്ഥയാണെന്ന് കർഷകർ പറയുന്നു.

പോട്ടൂർ പാടശേഖരത്തിൽ ഏകദേശം 25 ഏക്കർ സ്ഥലത്താണ് രണ്ടാംവിള നെൽക്കൃഷി നടക്കുന്നത്. നടീൽ ആരംഭിച്ചുകഴിഞ്ഞു. പാടത്ത് കൃഷിയിറക്കിയശേഷം ആവശ്യത്തിന് വെള്ളം ലഭിക്കാതായതോടെ കർഷകർ വലിയ ആശങ്കയിലായിരുന്നു. മഴ വൈകുന്നതും സമീപത്തെ ജലസ്രോതസ്സുകളിൽ ജലനിരപ്പ് താഴുന്നതും കൃഷിക്ക് തിരിച്ചടിയായി. ഇതോടെയാണ് കൃഷിയിടത്തിന് സമീപത്തെ പൊറ്റയിൽ തോട്ടിലെ വെള്ളം പരമാവധി പ്രയോജനപ്പെടുത്താൻ കർഷകർ മുന്നിട്ടിറങ്ങിയത്.

കർഷകരായ സദാനന്ദൻ, ശിവാനന്ദൻ, ശിവശങ്കരൻ, മുഹമ്മദ്, നന്ദനൻ, ഹംസ, മണികണ്ഠൻ, ശങ്കരൻ, ചാത്തക്കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് തടയണ നിർമിച്ചത്.

മഴക്കാലത്ത് ഒഴുകിപ്പോകുന്ന വെള്ളം അവശ്യസമയത്ത് കൃഷിക്ക് ഉപയോഗപ്പെടുത്താൻ കഴിയുംതരത്തിൽ പൊറ്റയിൽതോട്ടിൽ സ്ഥിരംതടയണ നിർമിക്കണമെന്നാണ് കർഷകരുടെ ആവശ്യം. സ്ഥിരംതടയണ നിർമിച്ചാൽ പോട്ടൂർ പാടശേഖരത്തിലെ 25 ഏക്കർ കൃഷിക്ക് മാത്രമല്ല, സമീപപ്രദേശങ്ങളിലെ കൃഷിയിടങ്ങൾക്കും ജലലഭ്യത ഉറപ്പാക്കാൻ കഴിയുമെന്ന് കർഷകർ പറഞ്ഞു.