പട്ടാമ്പി-കുളപ്പുള്ളി റോഡ് നവീകരണം പൂർത്തിയായില്ല
പട്ടാമ്പി : പട്ടാമ്പി-കുളപ്പുള്ളി റോഡ് നവീകരണപ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നത് പട്ടാമ്പി ടൗണിൽ യാത്രക്കാർക്ക് ദുരിതമാകുന്നു. നിർമാണപ്രവൃത്തികൾ പൂർത്തിയാകാത്തതിനൊപ്പം ടൗണിൽ ആവശ്യമായ സുരക്ഷാസംവിധാനങ്ങളും ഒരുക്കാത്തതാണ് യാത്രക്കാർക്ക് ദുരിതമാവുന്നത്. നിലവിൽ ടൗണിൽ എവിടെയും സീബ്രാലൈനുകൾ ഇല്ല. ഇത് കാൽനടയാത്രക്കാർക്കും ദുരിതമാവുകയാണ്.
തിരക്കേറിയ പട്ടാമ്പി ടൗണിലൂടെ പ്രതിദിനം ഒട്ടേറെ വാഹനങ്ങളാണ് കടന്നുപോകുന്നത്. വാഹനയാത്രക്കാർക്ക് ആവശ്യമായ മുന്നറിയിപ്പ് സംവിധാനങ്ങൾ, രാത്രികാല സുരക്ഷാ സംവിധാനങ്ങൾ എന്നിവ പലഭാഗങ്ങളിലും ഇല്ല.
റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള അഴുക്കുചാൽ നിർമാണമടക്കം പൂർത്തിയായാൽ മാത്രമേ ടൗണിൽ സുരക്ഷാസംവിധാനങ്ങൾ ഒരുക്കാനാകൂ. ഡിവൈഡറുകൾ, റിഫ്‌ളക്ടർ സംവിധാനം, തിരക്കേറിയ സ്ഥലങ്ങളിൽ സീബ്രാലൈനുകൾ എന്നിവ രണ്ട് വർഷത്തോളമായി ഇല്ലാത്ത സ്ഥിതിയാണ്. പണിനടക്കുന്ന ഭാഗങ്ങളിൽ കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. തിരക്കേറിയ സമയങ്ങളിൽ ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്.
പട്ടാമ്പി ഗുരുവായൂർ റോഡ് ജങ്ഷൻ, റെയിൽവേസ്‌റ്റേഷൻ റോഡ്, മേലേപട്ടാമ്പി, പോലീസ് സ്‌റ്റേഷന് മുൻവശത്തെ ബസ് കാത്തിരിപ്പുകേന്ദ്രം എന്നിവിങ്ങളിൽ മുൻപ് സീബ്രാലൈനുകൾ ഉണ്ടായിരുന്നു. നിലവിൽ ഇവിടങ്ങളിലൊന്നും റോഡ് മുറിച്ചുകടക്കാൻ സുരക്ഷാസംവിധാനങ്ങളില്ലാത്ത സ്ഥിതിയാണ്. രണ്ട് വർഷത്തോളമായി നടക്കുന്ന പട്ടാമ്പി-കുളപ്പുള്ളി റോഡ് നവീകരണത്തിൽ പട്ടാമ്പി ടൗണിലെ പ്രവൃത്തികൾക്ക് ഇഴച്ചിലാണുള്ളത്. കുളപ്പുള്ളി മുതൽ പട്ടാമ്പി ചെർപ്പുളശ്ശേരി റോഡ് ജങ്ഷൻ വരെ പ്രവൃത്തികൾ വേഗത്തിൽ നടന്നെങ്കിലും പട്ടാമ്പി ടൗൺ റോഡിലെ പ്രവൃത്തികൾ പൂർത്തിയാവാൻ വൈകുകയാണ്. മേലേ പട്ടാമ്പി സിഗ്നൽ ജങ്ഷൻ വരെ റോഡ് വീതി കൂട്ടി നവീകരിച്ചെങ്കിലും അഴുക്കുചാൽ നിർമാണമടക്കം ഇനിയും പൂർത്തിയാവാനുണ്ട്. മേലേപട്ടാമ്പി മുതൽ നിള ആശുപത്രി വരെയുള്ള ഭാഗത്ത് എല്ലാ ഭാഗങ്ങളിലും ടാറിങ്ങും നടന്നിട്ടില്ല. പലേടത്തും അഴുക്കുചാൽ നിർമാണവും പൂർത്തിയാക്കാനാവാത്ത സ്ഥിതിയാണ്. കയ്യേറ്റമൊഴിപ്പിച്ച് റോഡ് നവീകരണം നടത്തുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും എവിടെയുമെത്താത്ത സ്ഥിതിയാണുള്ളത്. മഴ വിട്ടുനിൽക്കുന്നതോടെ പ്രവൃത്തികൾ വേഗത്തിലാക്കുമെന്നാണ് കെ.ആർ.എഫ്.ബി. അധികൃതർ പറയുന്നത്.
Published: 20 Sept 2026, 03:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented