നവീകരിക്കാൻ ദർഘാസായി

To advertise here,

അനങ്ങനടി : ഒറ്റപ്പാലം-ചെർപ്പുളശ്ശേരി റോഡിൽ കിഴൂർ മുതൽ ചെർപ്പുളശ്ശേരി വരെയുള്ള ഭാഗം നവീകരിക്കാൻ പുതിയ ദർഘാസായി. നിലവിലുണ്ടായിരുന്ന കരാറുകാരൻ മാറിയതോടെയാണ് പുതിയ കരാറുകാരനെ കണ്ടെത്തിയത്.

ഊരാളുങ്കൽ സൊസൈറ്റിക്കാണ് പുതിയ ദർഘാസ് ലഭിച്ചതെന്ന് പി. മമ്മിക്കുട്ടി എം.എൽ.എ. പറഞ്ഞു. തുടർന്ന് സെലക്ഷൻ നോട്ടീസ് ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകുകയും ചെയ്തു. നേരത്തെ ഒറ്റപ്പാലം-ചെർപ്പുളശ്ശേരി റോഡ് നവീകരിക്കാനായി 20 കോടി രൂപയുടെ പദ്ധതിയാണുണ്ടായിരുന്നത്. കിഫ്ബിയിൽ ഉൾപ്പെടുത്തി 16 കിലോമീറ്റർ ദൂരം രണ്ടു ഭാഗങ്ങളിലായി നവീകരിക്കാനായിരുന്നു പദ്ധതി.

ചെർപ്പുളശ്ശേരി മുതൽ കിഴൂർ റോഡ് വരെയും കിഴൂർ റോഡ് മുതൽ ഒറ്റപ്പാലം വരെയുമാണ് നവീകരിക്കാൻ പദ്ധതിയുണ്ടായിരുന്നത്. 2019-2020 കാലഘട്ടത്തിലാണ് പണികൾ തുടങ്ങിയത്. ചെർപ്പുളശ്ശേരി മുതൽ കിഴൂർ വരെയുള്ള ഭാഗത്ത് ഒന്നാംഘട്ട പണികൾ തുടങ്ങുകയും ചെയ്തു. 2022 അവസാനത്തോടെ ജൽ ജീവൻ മിഷന്റെ പൈപ്പിടലിനായി പണികൾ താത്കാലികമായി നിർത്തിവെച്ചു. എന്നാൽ കുടിവെള്ള പൈപ്പിടൽ പൂർത്തിയാക്കാൻ കാലതാമസം വന്നതോടെ നിലവിലുണ്ടായിരുന്ന കരാറുകാരൻ പിൻമാറി.

ചെർപ്പുളശ്ശേരി മുതൽ കിഴൂർ റോഡ് വരെയുള്ള ഭാഗം ഡി.ബി.എം. ചെയ്ത് ഒന്നാംഘട്ട പണി നടത്തിയിരുന്നു. 2025-ൽ പുതിയ കരാറുകാരനെ കണ്ടെത്തുന്നതിനായി നടപടികൾ തുടങ്ങി. ടാറിന് ഉൾപ്പെടെ വില വർധിച്ചതോടെ എസ്റ്റിമേറ്റ് തുക വർധിപ്പിച്ചാണ് പുതിയ ദർഘാസ് വിളിച്ചത്.

14.24 കോടി രൂപയുടെ പദ്ധതിയാണ് നിലവിൽ ക്രമീകരിച്ചിരിക്കുന്നത്.

റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിനും റോഡ് സുരക്ഷ ഉൾപ്പെടെ ബാക്കിയുള്ള പണികൾ പൂർത്തിയാക്കുന്നതുമാണ് പദ്ധതിയിലുള്ളത്. ചെർപ്പുളശ്ശേരി മുതൽ കിഴൂർ റോഡ് വരെ അവസാനഘട്ട ടാറിങ് പണി നിലച്ചതോടെ പല ഭാഗങ്ങളിലും കുഴികൾ രൂപപ്പെട്ടിരുന്നു.