: ദേശീയപാതനിർമാണവും തെങ്ങുകൃഷിയും തമ്മിൽ ബന്ധമുണ്ടോ? ചാവക്കാടുമുതൽ കൊടുങ്ങല്ലൂർവരെ ദേശീയപാതയിലൂടെ പോയാൽ സംശയം തോന്നും. റോഡിന്റെ ഇരു ഭാഗങ്ങളിലും തല പോയ നൂറുകണക്കിന് തെങ്ങുകൾ. ഇനിയൊരു തിരിച്ചുവരവിനു സാധ്യതയില്ലാത്തവിധം രോഗക്കിടക്കയിലായ നൂറുകണക്കിന് വേറെ.

To advertise here,

സാധാരണമായ മഞ്ഞളിപ്പുരോഗത്തിനപ്പുറമാണ് ഈ തെങ്ങുകളെ ബാധിച്ചിരിക്കുന്നത്. വലപ്പാട് പഞ്ചായത്തിലെ ആനവിഴുങ്ങി, മുരിയാംതോട് നാട്ടിക പഞ്ചായത്തിലെ തൃപ്രയാർ തുടങ്ങിയ പ്രദേശങ്ങളിലാണ് രൂക്ഷം. കാർഷികസർവകലാശാല സ്ഥിതിചെയ്യുന്ന ജില്ലയിൽ തെങ്ങിന് ഇത്രവലിയ നാശം നേരിട്ടിട്ടും അത് പഠിക്കാനോ പരിഹാരം നിർദേശിക്കാനോ ആളില്ലാതെപോയി.

ദീർഘനാൾ വെള്ളം കെട്ടിനൽക്കുന്നതുകൊണ്ടുമാത്രം ഇങ്ങനെ കൂട്ടമായി നശിക്കില്ലെന്ന് വിദഗ്ധർ പറയുന്നു. പാതനിർമാണത്തിനുപയോഗിക്കുന്ന സാമഗ്രികളുടെ രാസവസ്തുക്കൾ ചുറ്റുവട്ടത്തെ വെള്ളത്തിൽ കലർന്നതുകൊണ്ട് സംഭവിച്ചതാണോ? അതോ പൊതുവേ കൃഷിയോട് ആഭിമുഖ്യം കുറഞ്ഞ് പരിചരണമില്ലാതെപോയതിന്റെ ദുരന്തമാണോ? നിരവധി കവുങ്ങുകളും നശിച്ചിട്ടുണ്ട്.

‘‘രണ്ടു മീറ്റർ ആഴത്തിൽ വേരോടുന്ന വൃക്ഷമാണ് തെങ്ങ്. ചുറ്റിലുമുള്ള വേര് 50-60 സെന്റിമീറ്റർവരെ വളരും. കുറേനാൾ വെള്ളംകെട്ടിനിന്നാലും അത്‌ പ്രതിരോധിക്കാൻ തെങ്ങിനു കഴിയും. അതേസമയം, വാഴയോ മറ്റ് പച്ചക്കറികളോ ആണെങ്കിൽ 15 സെന്റീമീറ്റർ നീളമേ ചുറ്റുമുള്ള വേരിനുണ്ടാകൂ. അവ അധികദിവസം വെള്ളത്തിൽ നിന്നാൽ ചീഞ്ഞുപോകും’’-കാർഷികശാസ്ത്രജ്ഞർ പറയുന്നു. എന്നിട്ടും ദേശീയ പാതയ്ക്കരുവശത്തെയും തെങ്ങും കവുങ്ങും മറ്റ് മരങ്ങളും എങ്ങനെ നശിച്ചുവെന്ന് ആകുലപ്പെടുകയാണ് കർഷകർ.

നല്ലയിനം തെങ്ങുകളിൽനിന്ന് വർഷം 80മുതൽ 100വരെ തേങ്ങ കിട്ടും. അധികം പരിചരണമില്ലാത്തതെങ്കിൽപ്പോലും 50-60വരെ കിട്ടും. 60 വർഷമാണ് ശരാശരി തെങ്ങിന്റെ ആയുസ്സ്. ഇവിടെ നശിച്ച തെങ്ങുകൾ അധികവും പാതിമാത്രം ആയുസ്സെത്തിയവയാണ്.

നാളികേരവികസന ബോർഡിന്റെ കണക്കു പ്രകാരം നവംബർ 12-ന് തൃശ്ശൂരിൽ ഒരു കിലോഗ്രാം നാളികേരത്തിന് 49.5 രൂപ വിലയുണ്ട്. എന്നിരിക്കെ ഇത് തൃശ്ശൂരിന്റെ കാർഷികമേഖലയിലുണ്ടാക്കുന്ന നാശം എത്ര വലുതാണ്?

വിസ്തൃതി 16 ശതമാനവും ഉത്‌പാദനം 26 ശതമാനവും കുറഞ്ഞു

:ജില്ലയിൽ നാളികേരവിസ്തൃതി കുറഞ്ഞുവരുകയാണെന്ന് നാളികേരവികസന ബോർഡിന്റെ കണക്കുകൾ പറയുന്നു.

25 വർഷംകൊണ്ട് വിസ്തൃതി 16 ശതമാനവും ഉത്‌പാദനം 26 ശതമാനവും ഉത്‌പാദനക്ഷമത 16 ശതമാനവും കുറഞ്ഞു. ഇത്രയും കുറവുവരുത്തുന്നതിൽ ദേശീയപാത തീർച്ചയായും പങ്കുവഹിച്ചിട്ടുണ്ടാകണം. ജില്ലയിൽ 61 കിലോമീറ്റർ നീളത്തിൽ, 45 മീറ്റർ വീതിയിൽ പാത പണിയാനായി നൂറുകണക്കിന് തെങ്ങുകൾ വെട്ടിമാറ്റിയത് ഇവിടെ ഓർക്കണം.

കേരള സാമ്പത്തികസർവേ പ്രകാരം 2017-ൽ ജില്ലയുടെ മൊത്തം ആഭ്യന്തര ഉത്‌പാദനത്തിൽ കൃഷിയുൾപ്പെടുന്ന പ്രാഥമികമേഖലയുടെ സംഭാവന എട്ടു ശതമാനമായിരുന്നു. 2025-ൽ 5 ശതമാനമായി. പ്രാഥമികമേഖലയുടെ സംഭാവന ശതമാനക്കണക്കിൽ കുറയുകയും ദ്വിതീയ, ത്രിദീയ മേഖലകളുടേത് കൂടുകയും ചെയ്യുന്നത് നല്ല സമ്പദ്‌വ്യവസ്ഥയുടെ ലക്ഷണമാണെന്ന് എല്ലാവർക്കുമറിയാം. പക്ഷേ, പ്രാഥമികമേഖലയുടെ മൊത്തം ഉത്‌പാദനവും ഉത്‌പാദനക്ഷമതയും കുറഞ്ഞുകൊണ്ടാകരുത് ഇത്. തൃശ്ശൂരിൽ തെങ്ങിന്റെ കാര്യത്തിലെങ്കിലും അതാണ് സംഭവിച്ചതെന്ന് നാളികേര വികസനബോർഡിന്റെ കണക്ക് വ്യക്തമാക്കുന്നു.

റിയൽഎസ്റ്റേറ്റ് ലോബിയുടെ സ്വാധീനവും കൃഷി നാശത്തിനിടയാക്കിയിട്ടുണ്ടെന്ന് ദേശീയപാതയോരവാസികൾ പറയുന്നു. ‘‘മിക്ക സ്ഥലങ്ങളും റിയൽഎസ്റ്റേറ്റുകാർ കണ്ണുവെച്ചിട്ടുണ്ട്. അവർ പൊന്നും വില വാഗ്ദാനം ചെയ്യുന്നു. അപ്പോൾ കൃഷിയിൽ ആർക്ക് താത്‌പര്യം ?’’ അവർ ചോദിച്ചു.

(അവസാനിച്ചു)