അഞ്ചങ്ങാടിവളവിൽ കടലേറ്റത്തിന് താത്കാലിക ആശ്വാസം
ചാവക്കാട് : കാലവർഷസമയത്ത് രൂക്ഷമായ കടലേറ്റം പതിവായ കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടിവളവിൽ 21 മീറ്റർ നീളത്തിൽ പുതിയ കരിങ്കൽഭിത്തി കെട്ടുന്ന പണി പൂർത്തിയായി. ജലവകുപ്പിന്റെ ഫണ്ടുപയോഗിച്ചാണ് 14 ലക്ഷം രൂപ ചെലവിൽ കരിങ്കൽഭിത്തി കെട്ടിയിരിക്കുന്നത്.
നിലവിൽ കടപ്പുറം പഞ്ചായത്തിൽ കടൽ തീരദേശ റോഡിനോട് ഏറ്റവും അടുത്തെത്തിനിൽക്കുന്നത് അഞ്ചങ്ങാടി വളവു ഭാഗത്താണ്. കാലവർഷസമയത്ത് രൂക്ഷമായ കടലേറ്റത്തെത്തുടർന്ന് റോഡിൽനിന്ന് വെറും 10 മീറ്റർ അകലെവരെയുള്ള ഭാഗത്തെ മണൽത്തിട്ട കടലെടുത്തുപോയിരുന്നു.
അഞ്ചങ്ങാടിവളവിൽ ഓട്ടോറിക്ഷ സ്റ്റാൻഡിന്റെ പടിഞ്ഞാറുഭാഗത്താണ് 21 മീറ്റർ നീളത്തിൽ കരിങ്കൽഭിത്തി സ്ഥാപിച്ചത്. അഞ്ചങ്ങാടിവളവിൽത്തന്നെ 50 മീറ്ററിലേറെ രണ്ടുവർഷംമുൻപ് ഇത്തരത്തിൽ കരിങ്കൽഭിത്തി കെട്ടിയിരുന്നു. ഇതിന്റെ വടക്കുഭാഗത്താണ് ഇതിനോടുചേർന്ന് ഇപ്പോൾ 21 മീറ്റർ നീളത്തിൽ ഭിത്തി കെട്ടിയത്.
കഴിഞ്ഞ വർഷം കെട്ടിയ ഭിത്തിയോടുചേർന്ന് തെക്കുഭാഗത്തും 62 മീറ്റർ നീളത്തിൽ 40 ലക്ഷം രൂപ ചെലവിൽ കരിങ്കൽഭിത്തി കെട്ടാനുള്ള ഒരുക്കത്തിലാണ് ജലവകുപ്പ്. ഇതിനുള്ള കല്ല് സ്ഥലത്തേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് ജലവകുപ്പ് അധികൃതർ അറിയിച്ചു. കടപ്പുറം പഞ്ചായത്തിന്റെ തീരത്തെ കടൽക്ഷോഭത്തിന് പരിഹാരം കാണാൻ ഏഴു കോടി രൂപയുടെ പദ്ധതി തയ്യാറാക്കി ജലസേചനവകുപ്പ് സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട്.
കടപ്പുറം പഞ്ചായത്തിലെ കടലേറ്റപ്രശ്നത്തിന് പൂർണതോതിൽ പരിഹാരം കാണണമെങ്കിൽ 50 കോടി രൂപയെങ്കിലും ആവശ്യമായി വരുമെന്നാണ് കണക്കുകൂട്ടൽ. കടപ്പുറം പഞ്ചായത്തിന്റെ എട്ടു കിലോമീറ്ററോളം നീളമുള്ള കടൽത്തീരത്തിന്റെ പകുതിയിലേറെ ഭാഗത്തും കടൽഭിത്തിയും തകർന്നുകിടക്കുന്ന സ്ഥിതിയാണുള്ളത്.
ടെട്രാപോഡുകളും ഇടവിട്ട് ചെറിയ പുലിമുട്ടുകളും നിർമിച്ച് കടലേറ്റത്തിന് ശാശ്വപരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കടപ്പുറം പഞ്ചായത്തിനെ ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി ശാശ്വതപരിഹാരത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നതാണ് പഞ്ചായത്തിന്റെ നിലപാടെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.എം. മനാഫ് പറഞ്ഞു.
Published: 19 Nov 2026, 02:53 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented