ഒറ്റപ്പാലം : ചെർപ്പുളശ്ശേരി-ഒറ്റപ്പാലം പാതയിൽ വരോട് ഭാഗത്ത് വീണ്ടും സംരക്ഷണഭിത്തി തകർന്നുവീണു. പാടശേഖരത്തിന് മധ്യത്തിലായി റോഡിന്റെ ഇടതുഭാഗത്തെ സംരക്ഷണഭിത്തിയുടെ ചില ഭാഗങ്ങളാണ് നിലംപൊത്തിയത്. സംരക്ഷണഭിത്തി തകർച്ച ഭീഷണിയിലാണെന്ന് മാതൃഭൂമി വാർത്ത നൽകിയിരുന്നു. ഈ ഭാഗമാണ് തകർന്നുവീണത്. ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ട പ്രവർത്തിക്കിടെയാണ് തകർച്ച. പടുത്തുയർത്തിയ ഒരു ഭാഗത്തെ കല്ല് മൊത്തം നിലംപൊത്തിയ നിലയിലാണ്.
തകർച്ച ഭീഷണിയിലുള്ള മറ്റ് ചില ഭാഗത്തെ സംരക്ഷണഭിത്തി പൊളിച്ചു വീണ്ടും കെട്ടിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച പാടശേഖരത്തിന് സമീപത്തെ വിഷ്ണുക്ഷേത്രത്തിന് തൊട്ടടുത്തായി സംരക്ഷണഭിത്തി തകർന്നു വീണിരുന്നു. ഏകദേശം എട്ടുമീറ്റർ നീളത്തിലാണ് കോൺക്രീറ്റും പടുത്തുയർത്തിയ കല്ലുകളും ഉൾപ്പെടെ പാടത്തേക്ക് നിലംപൊത്തിയത്.
ഇത് ഇപ്പോഴും പാടത്തുതന്നെ കിടക്കുകയാണ്. ഇത് പുനർനിർമിക്കാൻ ജല അതോറിറ്റിക്ക് കെ.ആർ.എഫ്.ബി. കത്ത് നൽകിയിട്ടുണ്ട്. ഇവിടെ കല്ലുകെട്ടി ഉയർത്തിയ ഭാഗം നേരത്തേതന്നെ പുറത്തേക്ക് തള്ളിനിൽക്കുന്ന സ്ഥിതിയിലായിരുന്നു. റോഡിന് വേണ്ടി മണ്ണിട്ട് ഉയരംകൂട്ടിയ ഭാഗത്താണിത്. കുറച്ചുദിവസങ്ങൾക്ക് മുൻപും ഇതിന് എതിർവശത്തായി സംരക്ഷണഭിത്തി തകർന്നത് പൂർവസ്ഥിതിയിലാക്കിയതിന് പിന്നാലെയാണ് വിഷ്ണുക്ഷേത്രത്തിന് സമീപവും തകർന്നു വീണത്.
മാസങ്ങൾക്ക് മുൻപ് വരോട് മരപ്പാലം ഭാഗത്തും സംരക്ഷണഭിത്തി തകർന്നിരുന്നു. റോഡ് നവീകരണം ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധിച്ച് വരോട് ജനകീയകൂട്ടായ്മ റോഡ് ഉപരോധിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. 24-നാണ് ഉപരോധം. സംരക്ഷണഭിത്തിയുടെ അശാസ്ത്രീയ നിർമാണമാണ് തകർച്ചക്ക് കാരണമാകുന്നതെന്നും ആരോപിക്കുന്നുണ്ട്. സി.പി.എമ്മും കഴിഞ്ഞദിവസം കെ.ആർ.എഫ്.ബി അധികൃതരുടെ ഓഫീസ് ഉപരോധിച്ചിരുന്നു. പണി വേഗത്തിൽ പൂർത്തിയാക്കിയില്ലെങ്കിൽ അടുത്തമാസം ഒന്നുമുതൽ സമരരംഗത്ത് ഇറങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്.
Published: 18 Nov 2026, 03:18 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented