പട്ടാമ്പി : രാത്രി പട്ടാമ്പി സ്റ്റേഷനിൽ തീവണ്ടികയറാൻ എത്തുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാർ സുരക്ഷിതമായ ഒരു കാത്തിരിപ്പുകേന്ദ്രം തിരയും. എന്നാൽ വണ്ടി വരുന്നതുവരെ ഭിക്ഷക്കാരും, സമൂഹവിരുദ്ധരും കയ്യടക്കുന്ന പ്ലാറ്റ്ഫോമിൽ ജീവൻ പണയംവെച്ചിരിക്കേണ്ട ഗതികേടാണ് യാത്രക്കാർക്കുള്ളത്.
ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ സുരക്ഷയും, വികസനവും വാക്കിലൊതുങ്ങുകയാണ്. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ പട്ടാമ്പിയെ ഉൾപ്പെടുത്തുമെന്ന പ്രഖ്യാപനം വർഷങ്ങളായി നടപ്പാവാത്ത സ്ഥിതിയാണ്. ആദ്യഘട്ടത്തിൽ ഒറ്റപ്പാലവും, ഷൊർണൂർ ജങ്ഷനും ഉൾപ്പെടെ 34 സ്റ്റേഷനുകളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.
ഇതിൽ പട്ടാമ്പിയെ ഉൾപ്പെടുത്തിയില്ല. വിവിധയിടങ്ങളിലായി പ്ലാറ്റ്ഫോമുകളിൽ മേൽക്കൂരയിട്ടതും, ലിഫ്റ്റ് സംവിധാനം ഏർപ്പെടുത്തിയതുമാണ് യാത്രക്കാർക്ക് ലഭിച്ച ആശ്വാസം. യാത്രക്കാരുടെ എണ്ണത്തിലും, വരുമാനത്തിലും ഏറെ മുന്നിലാണെങ്കിലും എന്നും റെയിൽവേയുടെ അവഗണന നേരിടേണ്ടിവന്ന സ്റ്റേഷൻ കൂടിയാണ് പട്ടാമ്പി. ദിവസേന രണ്ടായിരത്തോളംപേർ ശരാശരി വരികയും, രണ്ട് ലക്ഷത്തോളം രൂപ വരുമാനമായി ലഭിക്കുകയുംചെയ്യുന്ന സ്റ്റേഷനായിട്ടും വികസനത്തിനുമാത്രം പച്ചക്കൊടിയില്ല.
അയൽസ്റ്റേഷനുകളായ കുറ്റിപ്പുറവും, തിരൂരുമടക്കം വികസനത്തിൽ മുന്നോട്ട് പോയെങ്കിലും പട്ടാമ്പി പഴയമോടിയിൽ തുടരുകയാണ്. മലബാറിലെ ഏറ്റവും പഴക്കമുള്ള റെയിൽവേ സ്റ്റേഷനായിട്ടുപോലും അടിസ്ഥാനസൗകര്യ വികസനത്തിൽ ഏറെ പുറകിലാണ് പട്ടാമ്പി. ഒന്നരപ്പതിറ്റാണ്ടിലധികം പഴക്കമുള്ള സ്റ്റേഷന് അത്രതന്നെ അവഗണനയുടെ ചരിത്രവുമുണ്ട്.
പ്രധാന തീർഥാടനകേന്ദ്രമായ ഗുരുവായൂരിലേക്കടക്കം എളുപ്പത്തിൽ എത്താൻ പട്ടാമ്പി റെയിൽവേ സ്റ്റേഷൻ വലിയ ആശ്രയമാണ്.
വിശ്രമകേന്ദ്രമില്ല
റയിൽവേ സ്റ്റേഷനിലെത്തുന്നവർക്ക് വിശ്രമകേന്ദ്രമില്ലാത്തത് വലിയ പ്രശ്നമാണ്. ഉയർന്ന ക്ലാസ് യാത്രക്കാർക്കായുള്ള കാത്തിരിപ്പുകേന്ദ്രമാണെങ്കിൽ മുഴുവൻസമയവും അടഞ്ഞുകിടക്കുകയാവും. വനിതാ വിശ്രമകേന്ദ്രം, എ.സി. ക്ലാസ് യാത്രക്കാർക്കുള്ള കാത്തിരിപ്പുകേന്ദ്രം, വൃത്തിയുള്ള ശൗചാലയം തുടങ്ങിയവ യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യമാണ്. രണ്ടാം പ്ലാറ്റ്ഫോമിൽ ശൗചാലയവുമില്ല. ആവശ്യക്കാർ ലഗേജുംചുമന്ന് ഒന്നാം പ്ലാറ്റ്ഫോമിലെത്തണം. പതിറ്റാണ്ടുകൾ പഴക്കമുള്ള, പണം കൊടുത്തുപയോഗിക്കുന്ന കംഫർട്ട് സ്റ്റേഷനാണ് പട്ടാമ്പി സ്റ്റേഷനിലേത്. പ്രായം ചെന്നവർക്കുംമറ്റും ഇതുപയോഗിക്കുന്നത് വലിയ പ്രയാസമാണ്. മുൻപ് ചായയും, ചെറുകടികളുംമറ്റും കിട്ടുന്ന മൂന്ന് ഭക്ഷണശാലകൾ സ്റ്റേഷനുള്ളിലുണ്ടായിരുന്നു. ഇപ്പോഴത് ഒന്നായിച്ചുരുങ്ങി. രണ്ടാം പ്ലാറ്റ്ഫോമിലുണ്ടായിരുന്ന ടീഷോപ്പ് ഇപ്പോൾ പ്രവർത്തിക്കുന്നുമില്ല.
കൂടുതൽ വണ്ടികൾക്ക് സ്റ്റോപ്പനുവദിക്കണം
വർഷങ്ങളായി യാത്രക്കാർ ആവശ്യപ്പെടുന്ന വണ്ടികൾക്ക് ഇപ്പോഴും സ്റ്റോപ്പനുവദിച്ചിട്ടില്ല. ചെന്നൈ-മംഗലാപുരം വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, കോയമ്പത്തൂർ-മംഗലാപുരം ഇന്റർസിറ്റി എക്സ്പ്രസ്, കണ്ണൂർ-മംഗലാപുരം യശ്വന്ത്പുർ എക്സ്പ്രസ് തീവണ്ടികൾക്ക് പട്ടാമ്പിയിൽ സ്റ്റോപ്പനുവദിക്കണമെന്നത് ഏറെക്കാലത്തെ ആവശ്യമാണ്.
ഗുരുവായൂർ തീർഥാടനകേന്ദ്രത്തോട് ഏറ്റവും അടുത്തുകിടക്കുന്ന സ്റ്റേഷനാണ് പട്ടാമ്പി. തമിഴ്നാട്ടിൽനിന്നും കർണാടകത്തിൽനിന്നും വരുന്ന യാത്രക്കാർക്ക് ഗുരുവായൂർ എത്തണമെങ്കിൽ പട്ടാമ്പിയിലിറങ്ങുന്നത് ഏറെ സഹായകരമാണ്.
എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസിന് 2023-ൽ സ്റ്റോപ്പനുവദിച്ചതാണ് ഏറ്റവും ഒടുവിലേത്. സീസണുകളിൽ സ്പെഷ്യൽ തീവണ്ടികൾക്ക് മുൻപ് സ്റ്റോപ്പനുവദിച്ചിരുന്നു. ഇപ്പോൾ അതുമില്ലാത്ത സ്ഥിതിയാണ്.
(തുടരും)
സ്റ്റോപ്പനുവദിക്കാൻ നടപടിവേണം
റെയിൽവേ മുൻപ് പ്രഖ്യാപിച്ച വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, യശ്വന്ത്പുർ എക്സ്പ്രസ് തീവണ്ടികൾക്ക് ഉടൻ പട്ടാമ്പിയിൽ സ്റ്റോപ്പനുവദിക്കണം മറ്റുപ്രധാന ദീർഘദൂരവണ്ടികൾക്കും രണ്ടുമിനിറ്റ് സ്റ്റോപ്പനുവദിക്കാനുള്ള നടപടികൾ കൈക്കൊള്ളണം.
ഡോ. കെ.പി. മുഹമ്മദ്കുട്ടി
പ്രസിഡന്റ്, പട്ടാമ്പി സീനിയർ സിറ്റിസൺസ് ഫോറം
സൗകര്യങ്ങൾ തീരെയില്ല
സ്റ്റേഷനിലേക്കുള്ള റോഡുമുതൽ തുടങ്ങുന്നു യാത്രക്കാരുടെ ദുരിതം. പലേടത്തായി മേൽക്കൂരയുണ്ടെങ്കിലും വണ്ടിയിൽ കയറാൻ മഴ നനയേണ്ട ഗതികേടാണ്. യാത്രക്കാർക്കുള്ള സുരക്ഷക്കായി ഉദ്യോഗസ്ഥരില്ല. പ്ലാറ്റ്ഫോമിൽ ലൈറ്റ് സംവിധാനമില്ലാത്തതും ദുരിതമാണ്.
കെ. ജിയാസ്
തീവണ്ടി യാത്രക്കാരൻ, ആമയൂർ പട്ടാമ്പി
അമൃത് ഭാരത് സ്റ്റേഷൻ സ്കീം
2023 ഫെബ്രുവരിയിൽ റെയിൽവേ മന്ത്രാലയം ആരംഭിച്ച പദ്ധതിയാണിത്. ഇന്ത്യയിലുടനീളമുള്ള 1,275-ലധികം റെയിൽവേ സ്റ്റേഷനുകൾ ആധുനിക നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. സ്റ്റേഷൻ കെട്ടിടങ്ങളുടെ നവീകരണം, കാത്തിരിപ്പ് കേന്ദ്രങ്ങൾ, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, വൈ-ഫൈ, മേൽക്കൂര പ്ലാസകൾ, കഫ്റ്റീരിയകൾ, ആധുനിക രീതിയിലുള്ള കവാടങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ പദ്ധതിയിലൂടെ ഉറപ്പാക്കുന്നു.
Published: 11 Nov 2026, 03:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented